സംസ്ഥാനത്ത് ബ്ലൂവെയില്‍ ഗെയിം ആത്മഹത്യകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം

Posted on: August 16, 2017 4:55 pm | Last updated: August 16, 2017 at 4:55 pm

തിരുവനന്തപുരം: കേരളത്തില്‍ ബ്ലൂവെയില്‍ ആത്മഹത്യകള്‍ക്ക് സ്ഥിരീകരണമില്ലെന്ന് ഐജി മനോജ് എബ്രഹാം. കേരളത്തില്‍ ആരും ബ്ലുവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തതായി സ്ഥിരീകരിക്കാനായിട്ടില്ല. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ ഇതിന്റെ ലിങ്ക് കിട്ടിയെന്നോ, ഡൗണ്‍ലോഡ് ചെയ്‌തെന്നോയുളള ഒരു സംഭവം പോലും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പൊലീസ് വളരെ കാര്യക്ഷമമായി ഇതിനെ നിരീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ അതിന്റെ ഒരു ലിങ്ക് പോലും കാണാന്‍ സാധിച്ചിട്ടില്ല. സൈബര്‍ ഡോം, സൈബര്‍ സെല്‍ എന്നിവയും നിരീക്ഷിക്കുകയും ഇതുമായി ബന്ധപ്പെട്ടുളള കൗണ്‍സലിംഗ് നല്‍കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ആത്മഹത്യചെയ്ത പതിനാറുകാരനെ മരണത്തിലേക്ക് തള്ളിവിട്ടത് ബ്ലൂ വെയ്ല്‍ ഗെയിം ആണെന്ന് അമ്മ വെളിപ്പെടുത്തിയിരുന്നു. ജൂലൈ ഇരുപത്താറിനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനോജ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഒന്‍പതുമാസം മുന്‍പ് മനോജ് ബ്ലൂ വെയ്ല്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മനോജിന്റെ ജീവിതംതന്നെ ബ്ലൂ വെയ്ല്‍ ടാസ്‌കുകളോട് സാമ്യമുള്ള രീതിയിലായെന്നും മാതാപിതാക്കള്‍ പറഞ്ഞു.