യുഎഇയില്‍ ആറു മാസത്തിനിടെ 158 കിലോ കഞ്ചാവും 27 ലക്ഷം കാപ്റ്റഗന്‍ ഗുളികകളും പിടിച്ചെടുത്തു

Posted on: August 16, 2017 4:40 pm | Last updated: August 16, 2017 at 4:40 pm
SHARE

ദുബൈ: നാല് സുപ്രധാന തിരച്ചിലിലൂടെ കഴിഞ്ഞ ആറു മാസത്തിനിടെ യു എ ഇ ഫെഡറല്‍ പോലീസിംഗ് അതോറിറ്റി 158 കിലോ കഞ്ചാവും 27 ലക്ഷം കാപ്റ്റഗന്‍ ഗുളികകളും പിടിച്ചെടുത്തു. സഊദി അറേബ്യ, ഒമാന്‍ അധികൃതരുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ മയക്കുമരുന്നും ഒപ്പം 12 പേരെയും അറസ്റ്റ് ചെയ്തത്.

നടപ്പുവര്‍ഷം ആദ്യ പകുതിയില്‍ അബുദാബി, ഷാര്‍ജ പോലീസ് ഡിപ്പാര്‍ട്‌മെന്റുകള്‍ക്ക് മയക്കുമരുന്ന് കടത്ത് സംബന്ധിച്ച് രണ്ട് രഹസ്യ വിവരങ്ങള്‍ ലഭിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം ഫെഡറല്‍ ആന്റി നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സഈദ് അബ്ദുല്ല അല്‍ സുവൈദി പറഞ്ഞു. ആദ്യ രണ്ട് ഓപ്പറേഷനുകള്‍ ഇതായിരുന്നു. മൂന്നാമത്തെ തിരച്ചില്‍ സഊദി അറേബ്യ അധികൃതരുമായും നാലാമത്തേത് ഒമാന്‍ അധികൃതരുമായി ചേര്‍ന്നാണ് നടത്തിയത്.
യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് മയക്കുമരുന്ന് തിരച്ചില്‍ നടത്തിയത്.
മയക്കുമരുന്ന് കടത്തിനെതിരെ 1988ലെ ഐക്യരാഷ്ട്രസഭാ കണ്‍വെന്‍ഷനില്‍ പാസാക്കിയ നിയമം, ഫെഡറല്‍ നിയമം 39-ാം നമ്പര്‍, 2006ലെ ഇന്റര്‍നാഷണല്‍ ജുഡീഷ്യല്‍ കോ-ഓപറേഷന്‍ ഇന്‍ ക്രിമിനല്‍ മാറ്റേര്‍സ് പ്രകാരം നിയമവിരുദ്ധ മരുന്നുകള്‍ യു എ ഇ നിരോധിച്ചിട്ടുണ്ട്.
യമനില്‍ നിന്ന് ഒമാന്‍ വഴി യു എ ഇയിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നുവെന്ന രഹസ്യ സന്ദേശമാണ് ഈ വര്‍ഷം ആദ്യം ലഭിച്ചതെന്ന് അബുദാബി പോലീസ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ താഹിര്‍ ഗരീബ് ദാഹിരി പറഞ്ഞു. ഈ സംഭവത്തില്‍ 50,000 ദിര്‍ഹമും 31 ബുള്ളറ്റുകളോടുകൂടി തോക്കും സഹിതമാണ് പ്രതികളെ പിടികൂടിയത്.

രണ്ടാമത്തെ രഹസ്യ സന്ദേശം, യു എ ഇക്ക് പുറത്തുള്ള മയക്കുമരുന്ന് കണ്ണികള്‍ വഴി യു എ ഇയില്‍ നിന്ന് സഊദി അറേബ്യയിലേക്ക് കഞ്ചാവും കാപ്റ്റഗന്‍ ഗുളികകളും കടത്താന്‍ ശ്രമിക്കുന്നുവെന്നായിരുന്നു. വന്‍തോതിലുള്ള മയക്കുമരുന്നുമായി റോഡ് വഴിയാണ് സംഘം കടന്നുപോകുന്നതെന്ന വിവരം പോലീസ് മനസിലാക്കി. തുടര്‍ന്ന് നടത്തിയ നീക്കത്തില്‍ യു എ ഇയില്‍ നിന്ന് സഊദിയിലേക്ക് കടക്കുന്നതിനിടെ പ്രതികളെ അറസ്റ്റ് ചെയ്തു.
26.56 ലക്ഷം കാപ്റ്റഗന്‍ ഗുളികകളുമായി യു എ ഇയില്‍നിന്ന് സഊദിയിലേക്കൊരു സംഘം കടക്കുന്നുവെന്നാണ് ഷാര്‍ജ പോലീസിന് ലഭിച്ച വിവരം. ഈ സംഭവത്തിലെ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.