Connect with us

Kerala

പൊതുസമൂഹത്തിന് കരുത്തനായ നിയമപരിരക്ഷകനെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പൊതുസമൂഹത്തിന് കരുത്തനായ നിയമപരിരക്ഷകനെയാണ് എം.കെ.ദാമോദരന്റെ നിര്യാണത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിന്റെ നീതിന്യായ മേഖലയ്ക്ക് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാട്. എന്നെ സംബന്ധിച്ച് അടുത്ത സുഹൃത്തുകൂടിയാണ് നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

പൊതുസമൂഹത്തിന് കരുത്തനായ നിയമപരിരക്ഷകനെയാണ് എം.കെ.ദാമോദരന്റെ നിര്യാണത്തിലൂടെ നഷ്ടപ്പെട്ടത്. കേരളത്തിന്റെ നീതിന്യായ മേഖലയ്ക്ക് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാട്. എന്നെ സംബന്ധിച്ച് അടുത്ത സുഹൃത്തുകൂടിയാണ് നഷ്ടപ്പെട്ടത്.

എക്കാലവും ജനപക്ഷത്തുനിന്ന് സാമൂഹ്യബോധത്തോടെ നിയമം കൈകാര്യം ചെയ്ത പ്രഗത്ഭനായ അഭിഭാഷകനായിരുന്നു എം.കെ. ദാമോദരന്‍. അതിപ്രഗത്ഭനായ വക്കീലായിരിക്കെപ്പോലും നിസ്വജനവിഭാഗത്തിനു നീതി നേടിക്കൊടുക്കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക നിഷ്‌കര്‍ഷയുണ്ടായിരുന്നു. വിദ്യാര്‍ത്ഥി ഫെഡറേഷനിലൂടെ പൊതുരംഗത്തു കടന്നുവന്ന എം.കെ. ദാമോദരന്‍ തന്റെ അഭിഭാഷക ജീവിതത്തിലുടനീളം ഇടതുപക്ഷ രാഷ്ട്രീയ രംഗത്ത് ഉറച്ചുനിന്നു. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായ കാലയളവില്‍ അഡ്വക്കേറ്റ് ജനറലായിരുന്ന അദ്ദേഹം നല്‍കിയ സേവനം എന്നും സ്മരിക്കപ്പെടും.

കോടതികളിലെന്ന പോലെ കോടതിക്ക് പുറത്തും അദ്ദേഹം സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചു. പൊതുപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടു. അടിയന്തരാവസ്ഥയെ ശക്തിയായി എതിര്‍ത്തതിന് അദ്ദേഹത്തെ അന്നത്തെ ഭരണകൂടം ജയിലിലടച്ചു. സഹകരണ മേഖലയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിന് അസാധാരണമായ വൈദഗ്ധ്യമുണ്ടായിരുന്നു. സാമൂഹ്യപ്രതിബദ്ധതയുളള ഒരു നിയമപോരാളിയെയാണ് കേരളത്തിന് നഷ്ടമായത്.

Latest