Connect with us

Kerala

പ്രമുഖ അഭിഭാഷകന്‍ എംകെ ദാമോദരന്‍ അന്തരിച്ചു

Published

|

Last Updated

കൊച്ചി: പ്രമുഖ അഭിഭാഷകന്‍ എംകെ ദാമോദരന്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി അദ്ദേഹത്തെ നിയമിച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് അദ്ദേഹം സ്ഥാനം ഏറ്റെടുത്തില്ല. നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു.

ഭരണഘടന, ക്രിമിനല്‍ നിയമങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച അഭിഭാഷകനായിരുന്നു എം.കെ. ദാമോദരന്‍. തലശ്ശേരി ചെങ്ങര സി. ശങ്കരന്‍ നായരുടെയും മുതലാടത്ത് കുറുങ്ങോടന്‍ മാധവിയമ്മയുടെ മകനാണ്. എറണാകുളം ലോ കോളജിലെ പഠനത്തിന് ശേഷം 1964 ല്‍ അദ്ദേഹം അഭിഭാഷകനായി എന്‍ റോള്‍ ചെയ്തു. തലശ്ശേരി മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എ.വി.കെ നായരുടെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. 1977വരെ മലബാറിലെ വിവിധ ജില്ലാ കോടതികളില്‍ പ്രാക്ടീസ് ചെയ്ത ശേഷം എറണാകുളത്തേക്ക് മാറി.

പാനൂര്‍ സോമന്‍ വധക്കേസ്, കാസര്‍കോട് ഹംസ വധക്കേസ്, അടവിച്ചിറ ജയിംസ് വധക്കേസ്, തലശ്ശേരി, പുതുപ്പള്ളി, തൃശ്ശിലേരി, താവം തുടങ്ങിയ നിരവധി കൊലക്കേസുകളില്‍ ഹാജരായിട്ടുണ്ട്. ലോട്ടറി കേസില്‍ സാന്റിയാഗോ മാര്‍ട്ടിനും ലാവലിന്‍ കേസില്‍ പിണറായി വിജയനും വേണ്ടി ഹൈകോടതിയില്‍ ഹാജരായി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എം.മാണിക്കെതിരെയുണ്ടായ വിജിലന്‍സ് കേസിലും അദ്ദേഹം വക്കാലത്തേറ്റെടുത്തിരുന്നു.

ജില്ലാ കൗണ്‍സിലില്‍ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും അംഗത്വം നല്‍കിയതിനെതിരെ ചടയന്‍ ഗോവിന്ദന്‍ നല്‍കിയ കേസിലും സഹകരണ ഓര്‍ഡിനന്ഡസിനെതിരായ കേസിലും ഹാജരായിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെയും പി.എസ്.സിയുടെയും ഹൈകോടതി സ്റ്റാന്റിങ് കോണ്‍സലറായി സേവനം അനുഷ്ടിച്ചു. അടിയന്തരവാസ്ഥ കാലത്ത് ആറു മാസം തടവുശിക്ഷ അനുഭവിച്ചു. 1980ല്‍ തലശ്ശേരി മുനിസിപ്പല്‍ കൗണ്‍സിലറായി. 19 തൊഴിലാളി യൂണിയനുകളുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചു.

കൊച്ചി കച്ചേരിപ്പടിയിലെ “തനുശ്രീ”യിലായിരുന്നു താമസം. ശാന്തയാണ് ഭാര്യ. മകള്‍ തനുശ്രീ.

Latest