ജിദ്ദയില്‍ വന്‍ തീപ്പിടിത്തം; മൂന്ന് കെട്ടിടങ്ങള്‍ തകര്‍ന്നുവീണു

Posted on: August 16, 2017 2:23 pm | Last updated: August 22, 2017 at 8:40 pm

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിലെ അല്‍ബലദില്‍ വന്‍ തീപ്പിടിത്തം. ആറ് കെട്ടിടങ്ങളിലാണ് തീപ്പിടിത്തമുണ്ടായത്. ഇതില്‍, മൂന്ന് കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. നിരവധിപേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ചരിത്രപ്രസിദ്ധമായ എല്‍ഖുംസാനി, എല്‍ അഷ്മാവി, അബ്ദല്‍ ആല്‍ തുടങ്ങിയ കെട്ടിട സമുച്ഛയങ്ങളിലാണ് തീപ്പിടിത്തമുണ്ടായത്. 12ലധികം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 80ശതമാനത്തോളം തീയും നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സിന്റെ അഗ്നിശമന വിഭാഗം അറിയിച്ചു. സുരക്ഷ മുന്‍നിര്‍ത്തി സമീപ പ്രദേശങ്ങളിലെ താമസക്കാരെയും ഒഴിപ്പിച്ചതായി മക്ക സിവില്‍ ഡിഫന്‍സ് അതോറിറ്റി വക്താവ് കേണല്‍ സഈദ് സര്‍ഹാന്‍ അറിയിച്ചു.

സംഭവത്തില്‍ ആര്‍ക്കും പരുക്കേല്‍ക്കുകയോ ജീവഹാനിയുണ്ടാകുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദയിലെ ചരിത്ര കേന്ദ്രമായ അല്‍ബലദ് മക്ക, മദീന തുടങ്ങിയ തീര്‍ഥാടക കേന്ദ്രങ്ങളിലേക്കുള്ള പ്രധാന കവാടം കൂടിയാണ്.