Connect with us

Ongoing News

പറയൂ, ഗൂഗിള്‍ ടൈപ്പ് ചെയ്യും; മലയാളം ടൈപിംഗ് ഇനി വെരി ഈസി!

Published

|

Last Updated

ന്യൂഡല്‍ഹി: ഗൂഗിള്‍ വോയിസ് ഇന്‍പുട്ട് സംവിധാനം മലയാളം ഉള്‍പ്പെടെ എട്ട് ഇന്ത്യന്‍ ഭാഷകളിലേക്ക് കൂടി വ്യാപിപ്പിച്ചു. പുതുതായി 30 ഭാഷകള്‍ക്കാണ് വോയിസ് ടൈപിംഗ് സംവിധാനം ഗൂഗിള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇതില്‍ എട്ടെണ്ണം ഇന്ത്യന്‍ ഭാഷകളാണ്. മലയാളത്തിന് പുറമെ ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക്, ഉര്‍ദു ഭാഷകളില്‍ ഇനി വോയിസ് ഇന്‍ുപുട്ട് ലഭ്യമാകും.

കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്നതിന് പകരം പറഞ്ഞാല്‍ മതി എന്നതാണ് വോയിസ് ഇന്‍പുട്ട് സംവിധാനത്തിന്റെ പ്രത്യേകത. മലയാളം വന്നതോടെ മലയാളത്തില്‍ പറയുന്ന കാര്യങ്ങള്‍ ടൈപ്പ് ചെയ്ത് വരും. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്കും മലയാളത്തില്‍ വേഗത്തില്‍ ടൈപ്പ് ചെയ്യുന്നതിനും ഇത് ഏറെ സഹായകമാണ്. വാട്‌സ് ആപ്പ് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയകളില്‍ പ്രാദേശിക ഭാഷകളില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ ഇതിലും നല്ല സംവിധാനം വേറെ ഉണ്ടാകില്ല. മലയാളം ഉള്‍പ്പെടെ ഭാഷകള്‍ക്ക് കൈയെഴുത്ത് സംവിധാനം ഗൂഗിള്‍ നേരത്തെ ലഭ്യമാക്കിയിരുന്നു.

മലയാളത്തില്‍ വോയിസ് ടൈപ്പിംഗ് ലഭിക്കുന്നതിന് ഗൂഗിള്‍ വോയിസ് സെറ്റിംഗ്‌സില്‍ പോയി മലയാളം ഭാഷ സെലക്ട് ചെയ്ത് സേവ് ചെയ്യണം. ഇന്റര്‍നെറ്റില്‍ കണക്ട് ചെയ്ത് മാത്രമേ നിലവില്‍ ഇത് ഉപയോഗിക്കാന്‍ സാധിക്കൂ. ഓഫ്‌ലൈന്‍ സംവിധാനം മലയാളത്തിന് ലഭ്യമാക്കിയിട്ടില്ല.

ഗൂഗിളിന്റെ വോയിസ് ഇന്‍പുട് സംവിധാനം നിലവില്‍ 119 ഭാഷകളെ പിന്തുണക്കുന്നുണ്ട്. ഹിന്ദി ഉള്‍പ്പെടെ ഭാഷകള്‍ക്ക് ഈ സംവിധാനം നേരത്തെ തന്നെ നിലവില്‍ വന്നിരുന്നു. മലയാളത്തിൽ ഗൂഗിൾ സെർച്ചിംഗിനും ഇൗ സംവിധാനം ഉപയോഗിക്കാം.

Latest