ജീന്‍പോള്‍ ലാലിനെതിരായ യുവനടിയുടെ പരാതി ഒത്തുതീര്‍പ്പാക്കാനാകില്ലെന്ന് പോലീസ്

Posted on: August 16, 2017 1:48 pm | Last updated: August 16, 2017 at 2:03 pm

കൊച്ചി: സംവിധായകന്‍ ജീന്‍പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെ യുവനടി നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കാനാകില്ലെന്ന് പോലീസ്. അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, പരാതിയിലുള്ള സാമ്പത്തിക ആരോപണങ്ങളില്‍ ഒത്തുതീര്‍പ്പാകാമെന്നാണ് പോലീസ് നിലപാട്.

ജീന്‍പോളിനെതിരെയും ശ്രീനാഥ് ഭാസിക്കെതിരെയും പരാതിയില്ലെന്ന് നടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായകനും നടനുമായ ലാലിന്റെ മകനായ ജീന്‍പോള്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം അഞ്ച് പേര്‍ക്കെതിരേയാണ് നടി പനങ്ങാട് പോലീസില്‍ പരാതി നല്‍കിയത്. അസഭ്യം പറഞ്ഞു, ലൈംഗിക ചുവയോടെ സംസാരിച്ചു, അനുവാദമില്ലാതെ തന്റെ ശരീരഭാഗങ്ങള്‍ ചിത്രത്തില്‍ മോശമായി ഉപയോഗിച്ചു തുടങ്ങിയവയായിരുന്നു പരാതിയിലുണ്ടായിരുന്നത്. ലാല്‍ നിര്‍മിച്ച് ജീന്‍ പോള്‍ സംവിധാനം ചെയ്ത ഹണി ബി ടുവില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി.