അമിത വേഗതയില്‍ ഓടിച്ച ആഡംബര ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു

Posted on: August 16, 2017 1:05 pm | Last updated: August 16, 2017 at 1:05 pm

ന്യൂഡല്‍ഹി: അമിത വേഗതയില്‍ ഓടിച്ച ആഡംബര ബൈക്ക് മതിലിലിടിച്ച് ഇരുപത്തിനാലുകാരന്‍ മരിച്ചു. മാന്‍ഡി ഹൗസ് മെട്രോ സ്റ്റേഷന് സമീപം തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. വിവേക് വിഹാര്‍ സ്വദേശി ഹിമന്‍ ബന്‍സാലാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ഒരു പാര്‍ട്ടി കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്.

അമിത വേഗതയില്‍ മുന്നിലുള്ള വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ വഴിമുറിച്ചു കടക്കുകയായിരുന്ന മധ്യവയസ്‌കനെ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടമായ ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഹിമന്‍ ബന്‍സാലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏകദേശം 5 ലക്ഷം രൂപ വിലമതിക്കുന്ന ഈ ബൈക്കിന് മണിക്കൂറില്‍ ഇരുന്നൂറ് കിലോമീറ്ററാണ് വേഗതയെന്ന് പോലീസ് പറഞ്ഞു.