പുതുപ്പാടി അപകടം: സര്‍ക്കാര്‍ ധനസഹായം കൈമാറി

Posted on: August 16, 2017 12:28 pm | Last updated: August 16, 2017 at 1:37 pm

താമരശ്ശേരി: കൈതപ്പൊയിലിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കുടുംബത്തിലെ എട്ട്‌പേരുടെ ആശ്രിതര്‍ക്കുള്ള ധന സഹായം മന്ത്രി ടി പി രാമകൃഷ്ണന്‍ കൊടുവള്ളി കരുവന്‍പൊയിലിലെ വീട്ടിലെത്തി ബന്ധുക്കള്‍ക്ക് കൈമാറി. കുട്ടികള്‍ക്ക് രണ്ടുലക്ഷം വീതവും മുതിര്‍ന്നവര്‍ക്ക് ഒരു ലക്ഷം വീതവുമടക്കം 12 ലക്ഷം രൂപയുടെ ചെക്കാണ് മന്ത്രി ബന്ധുക്കള്‍ക്ക് കൈമാറിയത്. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.

ഈമാസം അഞ്ചിന് പുതുപ്പാടി കൈതപ്പൊയിലിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ എട്ട്‌പേര്‍ ഉള്‍പ്പെടെ ഒമ്പതുപേരാണ് മരണത്തിന് കീഴടങ്ങിയത്. കരുവന്‍പൊയില്‍ വടക്കേക്കര അബ്ദുര്‍റഹ്മാന്‍ ഭാര്യ സുബൈദ, ഇവരുടെ ആറ് പേരക്കുട്ടികള്‍, ജീപ്പ് ഡ്രൈവര്‍ വയനാട് സ്വദേശി പ്രമോദ് എന്നിവരാണ് മരിച്ചത്. പ്രമോദിന്റെ കുടുംബത്തിനുള്ള സഹായം വയനാട് ജില്ലാ കലക്ടര്‍ മുഖേനെ ബന്ധുക്കള്‍ക്ക് കൈമാറും.എംഎല്‍എ മാരായ കാരാട്ട് റസാഖ്, പി ടി എ റഹീം, ജില്ലാ കലക്ടര്‍ യു വി ജോസ്, താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, കോഴിക്കോട് തഹസില്‍ദാര്‍ സുബ്രഹ്മണ്യന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം എത്തിയിരുന്നു