പത്ര ഏജന്റിനെ ആക്രമിച്ച കേസില്‍ ആര്‍എസ്എസ് നേതാവ് അടക്കം മൂന്ന് പേര്‍ പിടിയില്‍

Posted on: August 16, 2017 12:17 pm | Last updated: August 16, 2017 at 2:14 pm

കോഴിക്കോട്: കൊയിലാണ്ടിയില്‍ ആളുമാറി പത്ര ഏജന്റിനെ ആക്രമിച്ച കേസില്‍ ആര്‍എസ്എസ് നേതാവ് അടക്കം മൂന്ന് പിടിയില്‍. ആര്‍എസ്എസ് കോഴിക്കോട് ജില്ലാ സഹ കാര്യവാഹക് പി ടി ശ്രീലേഷ്, ആര്‍എസ്എസ് കൊയിലാണ്ടി മേഖല ഭാരവാഹി അമല്‍, സുധീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മാതൃഭൂമി ചേലിയ പുതിയാറമ്പത്ത് ഏജന്റ് ഹരിദാസന്‍ പണിക്കരെ(51) ആക്രമിച്ചകേസിലാണ് ഇവര്‍ പിടിയിലായത്.

കഴിഞ്ഞ മെയ് 15നാണ് ആക്രമണം ഉണ്ടായത്. ദേശാഭിമാനി പത്ര എജന്റും സിപിഎം പ്രാദേശിക നേതാവുമായ ഭാസ്‌ക്കനെ ആക്രമിക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടത്. എന്നാല്‍, ആളുമാറി ഹരിദാസനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹരിദാസന്‍ രണ്ട് മാസത്തോളം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ടാലറിയാകുന്ന മൂന്ന് പേര്‍ ചേര്‍ന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പോലീസിന് മൊഴി നല്‍കിയിരുന്നു. ആക്രമണത്തില്‍ ഹരിദാസന്റെ കാലിന്റെയും കൈയുടെയും എല്ലുകള്‍ ഒടിഞ്ഞു. ആക്രമണത്തിന് ശേഷം പ്രതികള്‍ ഒളിവിലായിരുന്നു.