Connect with us

Kerala

ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കുമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ ദേശീയ അന്വേഷണ എജന്‍സി (എന്‍ഐഎ) അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ആര്‍വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കും എന്‍ഐഎ അന്വേഷണം നടക്കുകയെന്ന് ചീഫ് ജസ്റ്റിസ് ജെഎസ് കേഹാര്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. അന്വേഷണ വിവരങ്ങള്‍ എന്‍ഐഎക്ക് നല്‍കണമെന്നും കേരള പോലീസിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

മതംമാറിയതിന്റെ പേരില്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. കേസ് എന്‍ഐഎക്ക് കൈമാറുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തില്ല.

കേസ് എന്‍ഐഎ അന്വേഷിക്കുന്നത് സംബന്ധിച്ച് ഹാദിയയുടെ അഭിപ്രായവും കോടതി തേടി. ഇതിന് ശേഷമായിരിക്കും സുപ്രീം കോടതി അന്തിമ തീരുമാനം കൈക്കൊള്ളുക. ഇതിനായി ഹാദിയയെ നേരില്‍കണ്ട് വിവരങ്ങള്‍ തേടാനും കോടതി എന്‍ഐഎയോട് നിര്‍ദേശിച്ചു. മെയ് 24നാണ് ഹാദിയയും ഷെഫിനും തമ്മിലുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. മകളെ നിര്‍ബന്ധിച്ച് മതം മാറ്റിയതാണെന്ന് ആരോപിച്ച് പിതാവ് അശോകന്‍ നല്‍കിയ ഹരജിയിലായിരുന്നു വിവാഹം റദ്ദാക്കിയത്.

Latest