സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണവുമായി പ്രതിപക്ഷം

Posted on: August 16, 2017 11:44 am | Last updated: August 16, 2017 at 2:03 pm

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണവുമായി പ്രതിപക്ഷം. ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഫീസ് വര്‍ധനക്കായി ഇടപെട്ടുവെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ വിഡി സതീശന്‍ എംഎല്‍എ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മാനേജുമെന്റുകളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഫീസ് കുത്തനെ ഉയരുന്നത്. ആരോഗ്യ വകുപ്പിനും ആരോഗ്യ സെക്രട്ടറിക്കും ഇടപെടാന്‍ കഴിയാത്ത വിധം അവരെ നോക്കുകുത്തിയാക്കി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടുവെന്നും വിഡി സതീശന്‍ പറഞ്ഞു. അതേസമയം, പ്രതിപക്ഷ ആരോപണത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. കോടതിയില്‍ മാനേജുമെന്റുകള്‍ പോയതുകൊണ്ടുള്ള പ്രശ്‌നങ്ങളാണ് നിലവിലുള്ളതെന്ന് ആരോഗ്യമന്ത്രി സഭയെ അറിയിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.