Connect with us

Editorial

സ്വാതന്ത്ര്യത്തിന്റെ പൊരുള്‍

Published

|

Last Updated

ന്യൂനപക്ഷങ്ങളും ദളിത് സമൂഹവും മതേതര വിശ്വാസികളും വര്‍ഗീയ ശക്തികളില്‍ നിന്ന് കടുത്ത ഭീഷണി നേരിട്ടുകൊണ്ടിരിക്കെയാണ് ഇന്ത്യ ഇന്ന് വൈദേശിക ഭരണത്തില്‍ നിന്ന് മോചിതമായതിന്റെ 70-ാം വാര്‍ഷികമാഘോഷിക്കുന്നത്. എല്ലാവര്‍ക്കും തുല്യത, സാമൂഹിസനീതി, മതേതര ജനാധിപത്യം എന്നിവയെ ആധാരമാക്കിയുള്ള ഒരു ഭരണഘടനയാണ് നാം അംഗീകരിച്ചതെങ്കിലും സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ചൂണ്ടിക്കാട്ടിയ പോലെ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ ഇന്ന് സുരക്ഷിതരല്ല. വ്യത്യസ്ത കാഴ്ചപ്പാടുകളെയും മതങ്ങളെയും അഭിപ്രായങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയുടെ നയം. എന്നാല്‍, ഇപ്പോള്‍ ഉള്‍ക്കൊള്ളുക എന്ന ആശയം തന്നെ ഭീഷണി നേരിടുകയാണെന്ന അന്‍സാരിയുടെ പരാമര്‍ശം രാജ്യം നേരിടുന്ന ഭീഷണമായ അവസ്ഥയെ തുറന്നുകാട്ടുന്നുണ്ട്.

“ഓരോ ഇന്ത്യാക്കാരനും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിലെ സേനാനിയായിരുന്നു. അവര്‍ ഓരോരുത്തരും ഒരു സ്വതന്ത്ര ഇന്ത്യയെ സ്വപ്‌നം കണ്ടിരുന്നു” കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പു കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്. എന്നാല്‍ മത, ജാതി വ്യത്യാസമില്ലാതെ ഇന്ത്യന്‍ ജനത സഹിച്ച ത്യാഗത്തിന്റെ ഫലമായി ലഭിച്ച സ്വാതന്ത്ര്യത്തിന്റെ ഗുണഫലം ഇന്നാരെല്ലാം അനുഭവിക്കുന്നുണ്ട്? മൗലികാവകാശങ്ങളും പൗരാവകാശങ്ങളും നിരന്തരം ഹനിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങളും സമൂഹത്തിലെ അടിത്തട്ടിലുള്ളവരും ഇനിയും ഒരു സ്വാതന്ത്ര്യത്തിന്റെ പുലരിയും പ്രതീക്ഷിച്ചിരിക്കുകയാണ്. ഊഹങ്ങളുടെയും തെറ്റിദ്ധാരണകളുടെയും അടിസ്ഥാനത്തില്‍ മാത്രം വര്‍ഗീയഭ്രാന്ത് ബാധിച്ച ആള്‍ക്കൂട്ടങ്ങള്‍ നിയമം കൈയിലെടുത്ത് ദളിതുകളെയും മുസ്‌ലിംകളെയും അക്രമിക്കുമ്പോള്‍ അത് തടയാന്‍ ബാധ്യസ്ഥരായ രാജ്യത്തെ നിയമസംവിധാനങ്ങള്‍ രക്ഷക്കെത്തുന്നില്ലെങ്കില്‍ നാം കൊട്ടിഘോഷിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അര്‍ഥമെന്താണ്?
ദേശീയ സമരത്തിന്റെ മുന്‍നിരയില്‍ നിലയുറപ്പിക്കുകയും സ്വാതന്ത്ര്യ സമ്പാദനത്തില്‍ മറ്റാരേക്കാളും പങ്ക് വഹിക്കുകയും ചെയ്ത മുസ്‌ലിംകളുടെ ദേശക്കൂറ് ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കയാണിപ്പോള്‍. എല്ലാ മദ്‌റസകളിലും സ്വാതന്ത്ര്യദിനം ആഘോഷിക്കാനും ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസര്‍മാര്‍ അതിന്റെ ഫോട്ടോകളും വീഡിയോകളും ശേഖരിച്ച് അയക്കാനുമുള്ള ഉത്തര്‍പ്രദേശ് മദ്‌റസ ശിക്ഷ പരിഷത്തിന്റെ സര്‍ക്കുലര്‍ ഇതിന്റെ തെളിവാണ്. നിര്‍ദേശം അനുസരിക്കാത്ത മദ്‌റസകള്‍ക്ക് എതിരെ നടപടി എടുക്കുമെന്ന് യു പി ന്യൂനപക്ഷ കാര്യസഹമന്ത്രി ബല്‍ദേവ് സിംഗ് ഔലാഖ് മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി. രാജ്യം സ്വാതന്ത്ര്യം നേടിയത് മുതല്‍ മുസ്‌ലിംകള്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു വരുകയും പൊതുആഘോഷങ്ങളില്‍ സജീവമായി പങ്കെടുക്കുന്നുമുണ്ട്. എന്നിട്ടും ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നില്‍ മുസ്‌ലിംകള്‍ ദേശക്കൂറില്ലാത്തവരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കമെന്നതിലുപരി മറ്റെന്തു താത്പര്യമാണുള്ളത്? ദേശീയസമര കാലത്ത് അതിനോട് പുറംതിരിഞ്ഞുനിന്നു ബ്രിട്ടീഷ് ഭരണകൂടത്തിന് വേണ്ടി കുഴലൂത്ത് നടത്തിയവരുടെ അനുയായികളാണ് ഇപ്പോള്‍ മുസ്‌ലിംകളുടെ ദേശസ്‌നേഹം അളക്കാന്‍ സര്‍ക്കുലറുമായി രംഗത്ത് വന്നതെന്നതാണ് വിരോധാഭാസം.

ഭരണകൂടത്തിന്റെ നയങ്ങളോട് യോജിക്കാനെന്ന പോലെ വിയോജിക്കാനും തുറന്നു ചര്‍ച്ച ചെയ്യാനുമുള്ള അവകാശം സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെങ്കില്‍ അതിനുള്ള അവകാശം നിഷേധിക്കപ്പെടുകയാണ്. മുസ്‌ലിംകള്‍ അസ്വസ്ഥരാണെന്ന് പറഞ്ഞതിന്റെ പേരില്‍ ഇന്ത്യ വിട്ടുകൊള്ളാനാണ് ഹാമിദ് അന്‍സാരിയോടുള്ള ആര്‍ എസ് എസ് ആജ്ഞ. തന്റെ പിതാവിനെ കൊന്നത് പാകിസ്ഥാനല്ല മറിച്ച് യുദ്ധമാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗറിന് നേരെ ബലാത്സംഗ, വധ ഭീഷണി ഉയര്‍ത്തിയാണ് സംഘ്പരിവാര്‍ പ്രതികരിച്ചത്. ഹിന്ദുത്വ താത്പര്യങ്ങള്‍ക്ക് എതിരുനില്‍ക്കുന്നവരെയെല്ലാം രാജ്യദ്രോഹികളും ദേശവിരുദ്ധരുമായി മുദ്രകുത്തി പീഡിപ്പിക്കുകയോ അക്രമിക്കുകയോ ആണ് കപടദേശീയതയുടെ വക്താക്കള്‍. ബ്രിട്ടീഷ് ഭരണത്തില്‍ മഹാത്മാഗാന്ധിയും മൗലാനാ മുഹമ്മദലിയും ആസാദുമൊക്കെ ദേശദ്രോഹികളായി മുദ്രയടിക്കപ്പെട്ടത് പോലെയാണ് ഇപ്പോള്‍ യഥാര്‍ഥ രാജ്യസ്‌നേഹികളെയും ഭരണകൂടത്തിന്റെ നയവൈകല്യങ്ങളെ ചൂണ്ടിക്കാട്ടുന്നവരെയും ദേശവിരുദ്ധരായി മുദ്രയടിക്കപ്പെടുന്നത്. ജനാധിപത്യത്തിന്റെ മുഖ്യസവിശേഷതയായ അഭിപ്രായ പ്രകടനത്തിനുള്ള അവകാശം പോലും നിഷേധിക്കപ്പെടുമ്പോള്‍ ഈ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പൊരുളെന്താണ്? ന്യൂനപക്ഷങ്ങളും പിന്നാക്ക വിഭാഗക്കാരും സുരക്ഷിതരായിരിക്കുകയും ഭയലേശമന്യേ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സാഹചര്യം നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ മാത്രമേ സ്വാതന്ത്ര്യം സ്വാര്‍ഥകമാവുകയുള്ളൂ.

Latest