തിരുവനന്തപുരത്തെ കൗമാരക്കാരന്റെ ആത്മഹത്യ; ബ്ലൂവെയില്‍ ഇരയെന്ന് സംശയം

Posted on: August 15, 2017 5:29 pm | Last updated: August 16, 2017 at 9:18 am

തിരുവനന്തപുരം: തിരുവനന്തപുരത്ത് കഴിഞ്ഞ മാസം 26ന് ആത്മഹത്യ ചെയ്ത കൗമാരക്കാരന്‍ ബ്ലൂവെയില്‍ ഗെയിമിന് ഇരയെന്ന് സൂചന. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയായ മനോജിന്റെ മരണമാണ് സംശയത്തിന് ഇടനല്‍കുന്നത്. മനോജ് ബ്ലൂവെയില്‍ ഗെയിമിന് ഇരയായിരുന്നുവെന്ന് മാതാപിതാക്കള്‍ വെളിപ്പെടുത്തി. ബ്ലൂവെയില്‍ ഗെയിമിന്റെ സ്വാധീനത്തിന് വഴങ്ങി മനോജ് രാത്രി സമയങ്ങളില്‍ സെമിത്തേരിയില്‍ ഒറ്റക്ക് പോകുകയും കൈ മുറിക്കുകയും ചെയ്തിരുന്നുവെന്നും സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

ബ്ലൂവെയില്‍ ഗെയിമിന് ഇരയാക്കപ്പെട്ടുവെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ മനോജിന്റെ ഫോണ്‍ മാതാപിതാക്കള്‍ സൈബര്‍ സെല്ലിന് കൈമാറി. താന്‍ ബ്ലൂവെയില്‍ ഗെയിം കളിക്കാറുണ്ടെന്ന് മകന്‍ മുമ്പ് പറഞ്ഞിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ അന്ന് ഈ കളിയുടെ ഭവിഷ്യത്തുകള്‍ തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ മനോജ് ഈ ഗെയിം കളിച്ചിരുന്നതായാണ് സംശയിക്കുന്നത്. നീന്തല്‍ അറിയാത്ത മനോജ് നദിയില്‍ ചാടുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഒറ്റക്ക് എവിടെയും പോയി പരിചയമില്ലാത്ത ഈ വിദ്യാര്‍ഥി മാതാപിതാക്കളെ അറിയിക്കാതെ കോട്ടയം വരെ പോയതായും വിവരം ലഭിച്ചു. ജീവനൊടുക്കുന്നതിന് മുമ്പ് മൊബൈലില്‍ നിന്നും ഗെയിം അണ്‍ഇന്‍സ്റ്റാള്‍ ചെയ്തിട്ടുമുണ്ട്.