സ്വാതന്ത്ര്യം: പ്രതീക്ഷകളും ആശങ്കകളും

സ്വാതന്ത്ര്യ പുലരിയില്‍ ഗാന്ധി ആശങ്കപ്പെട്ട സംഘര്‍ഷത്തിന്റെ വിത്ത് കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടയില്‍ പൊട്ടി മുളക്കുകയും വിവിധ രൂപത്തിലും ഭാവത്തിലുമുള്ള വളര്‍ച്ച കൈവരിക്കുകയും ചെയ്തു. വികസന കാര്യത്തില്‍ നമ്മുടെ രാജ്യം കൈവരിച്ച പല നേട്ടങ്ങളുടെയും ശോഭ കെടുത്തിക്കളയുന്നതിലേക്കു ആ വളര്‍ച്ച വലുതായി എന്നത് ദുഃഖകരമായ സത്യമാണ്. ആ യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കാതെ രാജ്യത്ത് സമാധാനപരവും സുസ്ഥിരവുമായ വികസനം സാധ്യമല്ല. വികസനം എന്നത് നഗരങ്ങളുടെയും വ്യവസായങ്ങളുടെയും വളര്‍ച്ച എന്നത് പോലെ മനസ്സുകളുടെ വളര്‍ച്ചയും കൂടിയാണല്ലോ.
ജനറല്‍ സെക്രട്ടറി, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ
Posted on: August 15, 2017 7:55 pm | Last updated: August 15, 2017 at 7:57 pm

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ഒരു പ്രധാന പ്രത്യേകതയായി ചരിത്രകാരന്മാര്‍ പറയാറുള്ളത്, അത് ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്നുള്ള ഇന്ത്യ എന്ന രാജ്യത്തിന്റെ മാത്രം സ്വാതന്ത്ര്യമായിരുന്നില്ല എന്നതാണ്. വെസ്റ്റ് ആഫ്രിക്ക മുതല്‍ ഇന്തോനേഷ്യ വരെയുള്ള പ്രവിശാലമായ ഭൂപ്രദേശത്ത് ജീവിക്കുന്ന മഹാഭൂരിപക്ഷം വരുന്ന വലിയൊരു ജനസമൂഹത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ദീര്‍ഘ കാലത്തെ കാത്തിരിപ്പിനെ 1947ല്‍ ഇന്ത്യ നേടിയ സ്വാതന്ത്ര്യം പ്രചോദിപ്പിക്കുകയും അവരുടെ സ്വാതന്ത്ര്യദാഹത്തെ കൂടുതല്‍ ഉത്തേജിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി പല കോളനി രാജ്യങ്ങളില്‍ നിന്നും ബ്രിട്ടീഷുകാര്‍ക്ക് പിന്‍വാങ്ങേണ്ടി വരികയും ചെയ്തു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന വിശേഷണം ബ്രിട്ടീഷ് ഭരണകൂടത്തിന് നഷ്ടപ്പെട്ടുതുടങ്ങുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യത്തോടെയാണ് എന്നു പറയാം. ആ അര്‍ഥത്തില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്തെ മാറ്റിമറിച്ച ഒട്ടനവധി സംഭവവികാസങ്ങള്‍ക്കും തുടക്കം കുറിച്ചത് 1947 ആഗസ്റ്റ് 15നാണു എന്ന കാര്യം ഒട്ടും അതിശയോക്തിപരമല്ല. പിറവി കൊണ്ടുതന്നെ ലോകത്തെ മറ്റു സമൂഹങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും മാതൃകയായിരുന്നു സ്വതന്ത്ര ഇന്ത്യ എന്നര്‍ഥം.

ലോകത്തെ മുഴുവന്‍ പ്രചോദിപ്പിച്ച ആ സ്വാന്തന്ത്ര്യം പക്ഷേ ഇന്ത്യയില്‍ അനുഭവിച്ചത് വ്യത്യസ്തമായ മറ്റൊരു തലത്തില്‍ ആയിരുന്നു. 1947 ആഗസ്റ്റ് 15നു ഡല്‍ഹിയിലും കൊല്‍ക്കത്തയിലും നടന്ന സ്വാതന്ത്ര്യ ദിനത്തോടുള്ള വ്യത്യസ്ത തലത്തില്‍ നിന്നുകൊണ്ടുള്ള പ്രതികരണങ്ങള്‍ ഈ അനുഭവത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു, ഡല്‍ഹിയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് രാജ്യത്തെയും അതിന്റെ ഭാവിയെയും അഭിസംബോധന ചെയ്തുകൊണ്ടു സംസാരിക്കുമ്പോള്‍, സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഗാന്ധി കല്‍ക്കത്തയില്‍ ഉപവാസമിരിക്കുകയായിരുന്നു. ലോകം മുഴുവന്‍ ബ്രിട്ടീഷുകാരുടെ പിന്മടക്കത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യമായി കണ്ടു ആഘോഷിച്ചപ്പോള്‍, അതിനെ രാജ്യത്തിന്റെയും ജനങ്ങള്‍ക്കിടയിലുമുള്ള വിഭജനമായി കണ്ടു ദുഃഖിതനായിരിക്കുകയായിരുന്നു ഗാന്ധി. ‘ഭാവിയില്‍ വളര്‍ന്നു വലുതായേക്കാവുന്ന സംഘര്‍ഷങ്ങളുടെ വിത്ത് കൂടി ഒളിപ്പിച്ചുവെച്ചതാണ് നമുക്ക് ലഭിച്ച സ്വാതന്ത്ര്യം’ എന്നതായിരുന്നു ഗാന്ധിയുടെ ആവലാതി. സംഘര്‍ഷങ്ങളുടെ ആ വിത്തിന്റെ വളര്‍ച്ച മുളയിലേ നുള്ളിക്കളയാന്‍ തന്നാലാവുംവിധം എന്ത് ചെയ്യാനാകും എന്ന ആശങ്കയാണ് ഡല്‍ഹിയിലെ ആഘോഷത്തില്‍ നിന്നു കല്‍ക്കത്തയിലെ സംഘര്‍ഷ പൂരിതമായ അന്തരീക്ഷത്തിലേക്ക് ഗാന്ധിയെ കൊണ്ടുചെന്നെത്തിച്ചത്. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന സമുദായങ്ങള്‍ക്കിടയില്‍ യോജിപ്പ് കൊണ്ടുവരാന്‍ കല്‍ക്കത്തയിലെ ഹൈദരി മന്‍സിലില്‍ ഇരുന്നു ജനങ്ങളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. സംഘര്‍ഷ ഭൂമിയിലൂടെ യാത്ര ചെയ്ത് ജനങ്ങളോട് അക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അദ്ദേഹം അപേക്ഷിച്ചു. ആ അപേക്ഷ ചെവിക്കൊണ്ടവര്‍ മഹാത്മാ ഗാന്ധിക്ക് മുന്നില്‍ ആയുധങ്ങള്‍ വെച്ചു കീഴടങ്ങി. ഭാവി ഇന്ത്യക്കുവേണ്ടി. ഗാന്ധി തുടങ്ങിവെച്ച ആ സംഭാഷണത്തിന്റെ സ്മരണയെന്നോണം ഗാന്ധിക്ക് മുന്നില്‍ കീഴടങ്ങിയ അക്രമകാരികള്‍ തിരിച്ചേല്‍പ്പിച്ച ആയുധങ്ങള്‍ മ്യൂസിയമാക്കി മാറ്റിയ ഇപ്പോഴത്തെ കൊല്‍ക്കത്തയിലെ ഹൈദരി മന്‍സിലില്‍ ഇപ്പോഴും കാണാം.

ഭാവി ഇന്ത്യക്കു വേണ്ടി ബ്രിട്ടീഷുകാര്‍ കരുതിവെച്ച സംഘര്‍ഷങ്ങളുടെ വിത്ത് പക്ഷേ, പെട്ടെന്ന് മുളപ്പിച്ചെടുത്ത ഒന്നായിരുന്നില്ല. ദീര്‍ഘകാലത്തെ പരിശ്രമം അതിനു പിന്നില്‍ ഉണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ അധികാരം സ്ഥാപിച്ചെടുത്ത രീതി പരിശോധിച്ചാല്‍ ഈ വസ്തുത കൂടുതല്‍ വ്യക്തമാകും. മറ്റു അധിനിവേശ ശക്തികളില്‍ നിന്ന് വ്യത്യസ്തമായി വളരെ ഗൂഢമായിട്ടാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ പിടിമുറുക്കിയത്. തുടക്കത്തില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പേരില്‍ കച്ചവട ലക്ഷ്യത്തോടെ ഇന്ത്യന്‍ മണ്ണില്‍ കാലൂന്നിയ ബ്രിട്ടീഷുകാര്‍ ക്രമേണ കച്ചവടത്തിന്റെ പേരില്‍ ആ കാലത്തെ ഭൂപ്രഭുക്കളെയും നാട്ടുരാജാക്കന്മാരെയും തങ്ങളുടെ വരുതിയിലാക്കി. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുകള്‍ ഉണ്ടാക്കുകയും ആ ഭിന്നിപ്പുകളെ മുതലെടുത്ത് കാര്യങ്ങള്‍ സാധിച്ചെടുക്കുകയും ചെയ്യലായിരുന്നു അടുത്ത പടി. ഇന്ത്യ പോലുള്ള ഒരു ‘പ്രാകൃത ദേശത്തു’ സാംസ്‌കാരികമായ പുരോഗതിയും സാമ്പത്തികമായ ഉണര്‍വും കൊണ്ടുവരാന്‍ പാശ്ചാത്യ ജീവിതരീതികളും ഭരണ സമ്പ്രദായങ്ങളും പഠിപ്പിക്കുക എന്ന പേരിലായിരുന്നല്ലോ ബ്രിട്ടീഷുകാര്‍ തങ്ങളുടെ അധിനിവേശത്തെ ന്യായീകരിച്ചുകൊണ്ടിരുന്നത്. ഇങ്ങനെ ഇന്ത്യക്കാരെ നന്നാക്കിയെടുക്കല്‍ തങ്ങളുടെ നാഗരികമായ ഉത്തരവാദിത്വമാണെന്നും അവര്‍ പ്രചരിപ്പിച്ചു.

പക്ഷേ, രസകരമായ വസ്തുത, പാശ്ചാത്യമെന്നും പുരോഗമനപരമെന്നും ബ്രിട്ടീഷുകാര്‍ കരുതിപ്പോന്ന കച്ചവടഭരണ രീതികള്‍ നടപ്പിലാക്കാന്‍ വേണ്ടി തീര്‍ത്തും പ്രാകൃതമായ മാര്‍ഗങ്ങളാണ് അവര്‍ ഉപയോഗിച്ചത് എന്നതാണ്. മതങ്ങള്‍ക്കും ജാതികള്‍ക്കും നാട്ടുരാജ്യങ്ങള്‍ക്കും ഇടയില്‍ വെറുപ്പും വിദ്വേഷങ്ങളും ഉണ്ടാക്കിയെടുത്താണ് ഈ ‘നാഗരിക ദൗത്യം’ അവര്‍ നിര്‍വഹിച്ചത്. രാഷ്ട്രീയഅധികാര ബന്ധങ്ങളുടെ അടിസ്ഥാനം തന്നെ ഇത്തരം വ്യത്യാസങ്ങളെ അക്രമാസക്തമായി ഊതിപ്പെരുപ്പിക്കലാണ് എന്ന ധാരണ സൃഷ്ടിച്ചെടുത്തു. അധികാരത്തിന്റെ വിവിധ സൗകര്യങ്ങളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ ബ്രിട്ടീഷുകാര്‍ വിജയിക്കുകയും ആ വിജയത്തിന്റെ പ്രലോഭനത്തില്‍ ഇവിടുത്തെ ചില സാമുദായിക രാഷ്ട്രീയ നേതാക്കള്‍ വീഴുകയും ചെയ്തു.
ഭിന്നിപ്പിച്ചു ഭരിക്കുക എന്നതായിരുന്നല്ലോ ബ്രിട്ടീഷുകാരുടെ നയം. മതപരമായും ജാതീയമായും ഭാഷാപരമായും ഭൂമിശാസ്ത്രപരമായും ഇവിടെ നിലനിന്ന വൈവിധ്യം ഈ നയം നടപ്പിലാക്കാനുള്ള എളുപ്പവഴിയായി അവര്‍ മനസ്സിലാക്കി. ഇന്ത്യക്കാര്‍ക്ക് പരിചിതമല്ലാത്ത ഭരണ രീതിയായിരുന്നു ഇത്. ബ്രിട്ടീഷുകാര്‍ വരുന്ന സമയത്ത് മുഗള്‍ രാജവംശമാണല്ലോ ഇന്ത്യയുടെ ഒരു ഭാഗം ഭരിച്ചിരുന്നത്. മറ്റിടങ്ങളില്‍ വിവിധ നാട്ടുരാജാക്കന്മാരും. ഏഴു നൂറ്റാണ്ടുകളായി വിവിധ മുസ്‌ലിം രാജവംശങ്ങളിലൂടെ തുടര്‍ന്ന മുഗള്‍ ഭരണകാലത്തും നാട്ടു രാജ്യങ്ങളിലും ഭരണത്തിലൂടെ ജനങ്ങളെ ഏകോപിപ്പിക്കുക എന്ന നയമായിരുന്നു സ്വീകരിച്ചു പോന്നിരുന്നത്. ഈ ഏകോപനത്തിന്റെ മികച്ച ഉദാഹരണങ്ങള്‍ അക്കാലത്തെ ഭരണകൂടങ്ങളില്‍ തന്നെ പ്രകടമായിരുന്നു. ഹിന്ദു നാട്ടു രാജ്യത്തെ മുസ്‌ലിം സേനാധിപനും, മുഗള്‍ ഭരണകൂടത്തിലെ ഹിന്ദുക്കളുടെ വര്‍ധിച്ച പങ്കാളിത്തവുമൊക്കെ അതിന്റെ മികച്ച മാതൃകകളായിരുന്നുവല്ലോ. മതമുള്ളവരും ഇല്ലാത്തവരും തുടങ്ങി സര്‍വ മത വാദികള്‍ വരെ മുഗള്‍ ഭരണകാലത്ത് രാജാക്കന്മാരായിരുന്നിട്ടുണ്ട്. പക്ഷേ ബ്രിട്ടീഷ് അധിനിവേശ താത്പര്യങ്ങളുമായുള്ള കൂട്ടുകെട്ട് ഈവക താത്പര്യങ്ങളെയെല്ലാം അട്ടിമറിച്ചു.
അധികാരികളുടെയും അധികാരത്തില്‍ താത്പര്യമുള്ളവരുടെയും മതപരമായ വികാരങ്ങളെ തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങളുമായി ഏച്ചുകെട്ടിയാണ് ബ്രിട്ടീഷുകാര്‍ ഈ വക ലക്ഷ്യങ്ങളെല്ലാം സാധിച്ചെടുക്കുകയും സംഘര്‍ഷങ്ങളുടെ വിത്തിനെ മുളപ്പിച്ചെടുക്കുകയും ചെയ്തത് എന്നു കാണാം. മതത്തെയും മതപരമായ വിശ്വാസങ്ങളെയും കുറിച്ചുള്ള വിശ്വാസികളുടെ പോലും മനസ്സിലാക്കലില്‍ ബ്രിട്ടീഷുകാര്‍ വലിയ മാറ്റം കൊണ്ടുവന്നു എന്നു കാണാം. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുന്നതിനുവേണ്ടി ലോകത്തെ വിവിധ മത സമൂഹങ്ങളില്‍ അധിനിവേശ ശക്തികള്‍ എക്കാലത്തും ഇടപെട്ടിരുന്നുവെന്നതിനു ഏറെ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ കാണാം. മതങ്ങള്‍ക്കിടയില്‍ മാത്രമല്ല, മതങ്ങള്‍ക്കുള്ളില്‍ തന്നെ അവാന്തര വിഭാഗങ്ങളെ തങ്ങളുടെ താത്പര്യങ്ങള്‍ സാധിച്ചെടുക്കുന്നതിനു വേണ്ടി സൃഷ്ടിച്ചെടുക്കുന്നതില്‍ ബ്രിട്ടീഷുകാര്‍ക്കുണ്ടായിരുന്ന മെയ്‌വഴക്കത്തിന് മുസ്‌ലിം ലോകം തന്നെ നിരവധി തവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോഴും അത്തരം പരിശ്രമങ്ങള്‍ നാം കണ്മുന്നില്‍ കാണുന്നുമുണ്ട്.

ഭിന്നിപ്പിച്ചു ഭരിക്കുക എന്ന താത്പര്യത്തിന്റെ തുടര്‍ച്ചയാണ് ദേശം, ദേശീയത, ദേശീയ താത്പര്യം എന്നിവയെ മതവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ വികാരമായി വളര്‍ത്തിക്കൊണ്ടുവരുന്നതിനു പിന്നിലും പ്രവര്‍ത്തിക്കുന്നത്. പ്രത്യക്ഷത്തില്‍ ഇത്തരം രാഷ്ട്രീയ വികാരങ്ങളുടെ എതിര്‍ ചേരിയില്‍ എന്നു തോന്നുമെങ്കിലും ഇതിന്റെ മറ്റൊരു രൂപമാണ് മതപരമായ വികാരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു ദേശീയതയെയും ദേശത്തിന്റെ അഖണ്ഡതയെയും ചോദ്യം ചെയ്യുന്നവരും ചെയ്തുകൊണ്ടിരിക്കുന്നത്. ദേശീയതയെ രാഷ്ട്രീയമായി ചൂഷണം ചെയ്യുന്ന ദേശീയവാദികളും മതത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്ന തീവ്രവാദികളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രമാണ്. മതത്തെയും രാഷ്ട്രത്തെയും കുറിച്ചുള്ള കുടുസ്സായ അധികാര താത്പര്യങ്ങളാണ് ഈ രണ്ടു വിഭാഗത്തെയും പരസ്പരം ഐക്യപ്പെടുത്തുന്നത്.
ജനങ്ങളെ ഏകോപിപ്പിക്കാനും അവര്‍ക്കിടയില്‍ പരസ്പര സ്‌നേഹവും ബഹുമാനവും അനുകമ്പയും കൊണ്ടുവരാനും ഉതകുന്ന വികാരം എന്ന നിലയില്‍ നിന്നും ജനങ്ങള്‍ക്കിടയില്‍ പരസ്പരം വെറുക്കാനുള്ള മാധ്യമം എന്ന തലത്തിലേക്ക് മതപരമായ വികാരങ്ങളെ കൊണ്ടു ചെന്നെത്തിച്ചത് അധിനിവേശ ശക്തികളാണ്. പോര്‍ച്ചുഗീസുകാരുടെയും ബ്രിട്ടീഷുകാരുടെയും വരവിനു മുമ്പും അവരുടെ ഭരണകാലത്തും സ്വാതന്ത്ര്യത്തിനു ശേഷവും മതത്തെ ജനങ്ങളും അധികാരികളും സമീപിക്കുകയും ഉപയോഗിക്കുകയും ചെയ്ത രീതിയിലെ മാറ്റങ്ങള്‍ പഠിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കിയെടുക്കാന്‍ കഴിയും. അതേ സമയം, മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായി നിലകൊണ്ടത് അതാത് കാലത്തെ വിവിധ മതങ്ങളിലെ പണ്ഡിതന്മാരായിരുന്നുവെന്നു കാണാം. മതത്തെ ജനങ്ങളെ ഏകോപിപ്പിക്കാനുള്ള മാധ്യമമായി കണ്ട പാരമ്പര്യ മതസാമുദായിക നേതാക്കളുമായി ബ്രിട്ടീഷുകാര്‍ നിരന്തരം ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ല.

ചുരുക്കത്തില്‍, സ്വാതന്ത്ര്യ പുലരിയില്‍ ഗാന്ധി ആശങ്കപ്പെട്ട സംഘര്‍ഷത്തിന്റെ വിത്ത് കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടയില്‍ പൊട്ടി മുളക്കുകയും വിവിധ രൂപത്തിലും ഭാവത്തിലുമുള്ള വളര്‍ച്ച കൈവരിക്കുകയും ചെയ്തു. വികസന കാര്യത്തില്‍ നമ്മുടെ രാജ്യം കൈവരിച്ച പല നേട്ടങ്ങളുടെയും ശോഭ കെടുത്തിക്കളയുന്നതിലേക്കു ആ വളര്‍ച്ച വലുതായി എന്നത് ദുഃഖകരമായ സത്യമാണ്. ആ യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കാതെ രാജ്യത്ത് സമാധാനപരവും സുസ്ഥിരവുമായ വികസനം സാധ്യമല്ല. വികസനം എന്നത് നഗരങ്ങളുടെയും വ്യവസായങ്ങളുടെയും വളര്‍ച്ച എന്നത് പോലെ മനസ്സുകളുടെ വളര്‍ച്ചയും കൂടിയാണല്ലോ.

രാഷ്ട്രീയത്തില്‍ ഒരാള്‍ പുലര്‍ത്തേണ്ട മൂല്യങ്ങളുടെയും നിലപാടുകളുടെയും ആശയ സ്രോതസ്സ് എന്ന നിലയിലാണ് മുന്‍കാലങ്ങളില്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നവര്‍ മതത്തെ സമീപിച്ചതും പ്രയോഗത്തില്‍ കൊണ്ടുവന്നതും. അതില്‍ നിന്നും അധികാരത്തില്‍ എത്തിപ്പിടിക്കാനുള്ള കുറുക്കു വഴി എന്ന സ്ഥിതിയിലേക്ക് മതത്തെ മനസ്സിലാക്കാന്‍ തുടങ്ങിയതാണ് ഒരേ സമയം ഇവിടുത്തെ രാഷ്ട്രീയവ്യവസ്ഥയും മത സമൂഹങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളി. ഈ വെല്ലുവിളിയെ അതിജയിക്കാന്‍ ഭരണ വ്യവസ്ഥകള്‍ക്കും മത നേതൃത്വങ്ങള്‍ക്കും സാധിക്കേണ്ടതുണ്ട്. 1947 ആഗസ്റ്റ് 15നു ഡല്‍ഹിയില്‍ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് രാജ്യത്തിന്റെ ഭാവിയെ കുറിച്ച് നെഹ്‌റു പങ്കുവെച്ച ആഹ്ലാദ പൂര്‍ണമായ പ്രതീക്ഷകളിലോ കല്‍ക്കത്തയില്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പങ്കുവെച്ച ആവലാതികളിലോ മാത്രം ഈ വെല്ലുവിളിയുടെ ഉത്തരം കണ്ടെത്താന്‍ കഴിയുകയില്ല. ആ പ്രതീക്ഷകളും ആശങ്കകളും തമ്മിലുള്ള അര്‍ഥപൂര്‍ണമായ സംഭാഷണത്തിനേ ഇത്തരം വെല്ലുവിളികളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേരിടാന്‍ കഴിയുകയുള്ളൂ.