Connect with us

Kerala

ദേശീയതയില്‍ വിഷം ചേര്‍ക്കാനുള്ള ശ്രമം തടയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published

|

Last Updated

തിരുവനന്തപുരം: ദേശീയതയില്‍ വിഷം ചേര്‍ക്കാനുള്ള ശ്രമം തടയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ തലത്തിലായാലും ഉദ്യോഗസ്ഥ തലത്തിലായാലും അഴിമതി തീരാശാപമാണ്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അഴിമതിയുടെ ചെളിക്കുണ്ടില്‍ കിടക്കുന്ന കാഴ്ച ആശാസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോരഖ്പുര്‍ ദുരന്തത്തില്‍ മരിച്ച കുട്ടികള്‍ക്ക് ആദരവര്‍പ്പിച്ചാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. മതേതര മൂല്യങ്ങളിലും ജനാധിപത്യത്തിലും അധിഷ്ടിതമായി രൂപപ്പെട്ട ദേശീയത സങ്കുചിത മത ദേശീയതയുടെയും മത വിദ്വേഷത്തിന്റെയും പുതിയ ശീലങ്ങളിലേക്ക് വീണുപോകാന്‍ പാടില്ല.
വൈവിധ്യങ്ങളുടെ സമന്വയമാണ് ഇന്ത്യയുടെ ദേശീയതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വൈവിധ്യത്തെ ഇല്ലാതാക്കിയാല്‍ ഇന്ത്യന്‍ ദേശീയത ശിഥിലമായിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.
സങ്കുചിത വികാരങ്ങളാല്‍ പടുത്തുയര്‍ത്തെപ്പെടുന്ന ദേശീയത അപകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും പ്രത്യക അടയാളത്തിന്റെയോ ആചാരത്തിന്റെയോ പേരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ശീലങ്ങളോ ചിന്തകളോ ദേശീയ ഐക്യബോധത്തിലേക്ക് നയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ ദേശീയ നേതാക്കളും കവികളും സാംസ്‌കാരിക നായകരുമെല്ലാം സങ്കുചിതമായ ദേശീയതയ്ക്ക് എതിരായിരുന്നു. ലോകമാകെ ഒരുകൂടാണ് എന്ന് സങ്കല്‍പ്പിച്ചവരായിരുന്നു അവരെല്ലാവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാത്മജി, സുഭാഷ്ചന്ദ്രബോസ്, അബ്ദുള്‍കലാം ആസാദ്, അംബേദ്കര്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ജവഹര്‍ലാല്‍ നെഹ്‌റു, എകെജി, ഇഎംഎസ്, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് എന്നിവരെല്ലാം ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അധിഷ്ടിതമായ ഒരു ദേശീയതയാണ് ഉയര്‍ത്തിപ്പിടിച്ചത്. ആ ദേശീയതയില്‍ വിഷം ചേര്‍ക്കാനോ, വെള്ളം ചേര്‍ക്കാനോ ഉള്ള ശ്രമം ഏത് ഭാഗത്തുനിന്നുണ്ടായാലും ആത്മാഭിമാനമുള്ള രാജ്യസ്‌നേഹികളായ നാം ആ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്യമത വിദ്വേഷം, അപര വിദ്വേഷം, അന്യരാജ്യ ശത്രുത എന്നിവയല്ല ദേശീയത. ഏകശിലാരൂപത്തിലുള്ള വ്യവസ്ഥിതിയുമല്ല. ലോകമാനവീകതയിലൂന്നിയ ബഹുസ്വര സമൂഹമാണ് നമ്മുടേതെന്നും അത് അങ്ങനെതന്നെയായിരിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണ നിര്‍വഹണ മേഖലകളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന അഴിമതി പുരോഗതിയെ പിന്നോട്ടുവലിക്കുന്നതാണ്. രാഷ്ട്രീയ തലത്തിലായാലും ഉദ്യോഗസ്ഥ തലത്തിലായാലും അഴിമതി ഒരു ശാപമാണ്. അതിനെ ശക്തമായി ചെറുക്കാന്‍ നമുക്ക് കഴിയണം. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അഴിമതിയുടെ ചെളിക്കുണ്ടില്‍ കിടക്കുന്ന കാഴ്ച ആശാസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഈസര്‍ക്കാര്‍ സാമൂഹ്യ രംഗങ്ങളിലെ ജീര്‍ണതകളില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന് നിയന്ത്രിക്കാനാകാമേഖലകളില്‍ അതുണ്ടാകുന്നത് നിര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിവിധ സേനാ വിഭാഗങ്ങളുടെയും, അശ്വാരൂഡ സേന, എന്‍സിസി,സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയവരുടെയും ആഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍, മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ എന്നിവയുടെ വിതരണവും നടന്നു.

Latest