വിലക്ക് മറികടന്ന് മോഹന്‍ ഭാഗവത് എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്തി

Posted on: August 15, 2017 9:56 am | Last updated: August 15, 2017 at 4:26 pm
SHARE

പാലക്കാട്: ജില്ലാ കലക്ടറുടെ വിലക്ക് മറികടന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പാലക്കാട്ടെ എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്തി. പാലക്കാട് മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ സ്‌കൂളിലാണ് രാവിലെ മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയത്. രാവിലെ 8.52 ഓടെ സ്‌കൂള്‍ അങ്കണത്തിലേക്ക് പ്രവേശിക്കുകയും പതാക ഉയര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് കുട്ടികളേയും അധ്യാപകരേയും അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കുകയും ചെയ്തു.

രാഷ്ട്രീയ നേതാക്കള്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമായതിനാല്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.
തിങ്കളാഴ്ച രാത്രി 11 മണിയോടെ ജില്ലാ പോലീസ് മേധാവി, തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, ഡിഡിഇ എന്നിവര്‍ക്കും ജില്ലാ കളക്ടര്‍ ഈ നിര്‍ദേശം നല്‍കി.

വിലക്കുണ്ടായിരുന്നതിനാല്‍ ജില്ലാ പോലീസ് മേധാവി അടക്കം ആരും പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്തില്ല. സ്‌കൂളില്‍ നടന്ന ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് തന്നെ പകര്‍ത്തിയിട്ടുണ്ട്. ചട്ട ലംഘനമാകുമെന്ന് അറിയിപ്പ് നല്‍കിയിട്ടും പതാക ഉയര്‍ത്തിയ സാഹചര്യത്തില്‍ സംഘടിപ്പിച്ചവര്‍ക്കും മോഹന്‍ ഭാഗവത് അടക്കമുള്ളവര്‍ക്കുമെതിരെ കേസെടുത്തേക്കും.

കര്‍ണ്ണകിയമ്മന്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലാണ് ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസ് നേതൃത്വവുമായി ഇവര്‍ക്ക് നല്ല ബന്ധമുണ്ട്.ജില്ലയില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ചിട്ടുള്ള സ്വാതന്ത്ര്യദിന പരിപാടിയും പതാക ഉയര്‍ത്തലും കോട്ട മൈതാനത്താണ് സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രി കെ.ടി ജലീലാണ് ഇവിടെ പതാക ഉയര്‍ത്തിയത്‌