കുമ്മനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.മുരളീധരന്‍

Posted on: August 14, 2017 11:50 pm | Last updated: August 15, 2017 at 9:26 am

തൃശൂര്‍: മെഡിക്കല്‍ കോളജ് കോഴ വിവാദത്തെത്തുടര്‍ന്നു വിഭാഗീയത രൂക്ഷമായതിനിടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ ബിജെപിയില്‍ പടയൊരുക്കം. സംസ്ഥാന ഭാരവാഹി യോഗത്തില്‍ കുമ്മനം രാജശേഖരനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ അധ്യക്ഷന്‍ വി.മുരളീധരന്‍ രംഗത്തെത്തി. കുമ്മനത്തിന്റെ ഓഫിസ് അഴിമതിയുടെ കേന്ദ്രമായെന്ന കടുത്ത വിമര്‍ശനമാണ് മുരളീധരന്‍ ഉന്നയിച്ചത്. അഴിമതി സംബന്ധിച്ച് ആറുമാസം മുന്‍പ് പരാതി നല്‍കിയിരുന്നതാണെന്നും മുരളീധരന്‍ പറഞ്ഞു. മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ത്തിയതിനു പിന്നില്‍ കൂടുതല്‍ നേതാക്കളുണ്ടെന്ന് ഔദ്യോഗികപക്ഷവും നിലപാടെടുത്തു. സംസ്ഥാന ഭാരവാഹി യോഗത്തില്‍ ചേരിതിരിഞ്ഞു വാദപ്രതിവാദം നടന്നെന്നാണു റിപ്പോര്‍ട്ട്.

ബിജെപി ജില്ലാ പ്രസിഡന്റുമാരുടെയും ഭാരവാഹികളുടെയും യോഗമാണു തൃശൂരില്‍ നടന്നത്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന പദയാത്രയുടെ വിശദാംശങ്ങള്‍ തീരുമാനിക്കാനാണു യോഗം ചേരുന്നതെങ്കിലും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണു പ്രധാന ചര്‍ച്ചാവിഷയമായത്. മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നേതൃത്വം നിലപാടു വിശദീകരിക്കും. റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതുള്‍പ്പെടെ കാര്യങ്ങളും ചര്‍ച്ചയാകും. സംസ്ഥാന പ്രചാരണയാത്രയില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്നാണു വിവരം. കേന്ദ്ര നേതാക്കള്‍ ഏതൊക്കെ ജില്ലകളില്‍ യാത്രയില്‍ ചേരുമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും യോഗത്തില്‍ തീരുമാനിക്കും