ജിഎസ്ടി യെയും നോട്ട് നിരോധനത്തെയും പ്രശംസിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

Posted on: August 14, 2017 8:51 pm | Last updated: August 15, 2017 at 10:04 am

ന്യൂഡല്‍ഹി: രാഷ്ട്രപതിയെന്ന നിലയിലുള്ള തന്റെ ആദ്യ സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജി.എസ്.ടിയേയും നോട്ട് നിരോധനത്തേയും പ്രശംസിച്ച് രാംനാഥ് കോവിന്ദ്. 70സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിച്ച അദ്ദേഹം സ്വച്ഛ്ഭാരത് പദ്ധതിയേയും ശ്ലാഘിച്ചു സംസാരിച്ചു. കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ അസഹിഷ്ണുതയേയും അക്രമങ്ങളേയും വിമര്‍ശിച്ചു പ്രണബ് മുഖര്‍ജി സംസാരിച്ചത് വാര്‍ത്തയായിരുന്നു.

രാംനാഥ് കോവിന്ദിന്റെ കന്നിപ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ 70ാം സ്വാതന്ത്ര്യദിനത്തില്‍ എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിക്കുന്നു രാജ്യത്തെ പാവപ്പെട്ടവരുടേയും ഗ്രാമങ്ങളുടെ വികസനം സാധ്യമാക്കുക എന്ന ലക്ഷ്യമാണ് സ്വതന്ത്ര്യഇന്ത്യ എന്ന ആശയത്തിന് ശക്തിയേക്കിയത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കാന്‍ സ്വന്തം ജീവന്‍ ബലി നല്‍കിയവരോട് നാം എന്നും കടപ്പെട്ടിരിക്കും.

സര്‍ക്കാര്‍ സ്വച്ഛ്ഭാരത് പദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കിലും പരിസരം ശുചിയായി സൂക്ഷിക്കുകയെന്നത് നമ്മള്‍ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. സര്‍ക്കാരിന് നിയമങ്ങള്‍ ഉണ്ടാക്കാനും ശക്തിപ്പെടുത്താനും മാത്രമേ സാധിക്കൂ. അത് പാലിക്കേണ്ട ചുമതല ഓരോ പൗരനുമുണ്ട്. സങ്കീര്‍ണമായ നികുതി സംവിധാനത്തെ പരിഷ്‌കരിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കിയത്. ജിഎസ്ടി നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ഉത്തരവാദിത്തം നമ്മുക്കെല്ലാവര്‍ക്കും ഉണ്ട്. നികുതി കൃത്യമായി അടയ്ക്കുക വഴി രാഷ്ട്രനിര്‍മ്മാണത്തില്‍ ഒരു പങ്കുവഹിക്കാന്‍ നമ്മുക്കേവര്‍ക്കും സാധിക്കും.