രോഹിത് വെമുലയുടെ ആത്മഹത്യ; സര്‍വകലാശാല അധികൃതരെ കുറ്റവിമുക്തരാക്കി അന്വേഷണ റിപ്പോര്‍ട്ട്

Posted on: August 14, 2017 8:13 pm | Last updated: August 15, 2017 at 10:04 am

ഹൈദരാബാദ്: ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല അധികൃതരെ വെള്ളപൂശി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്.

വെമുലയുടെ ആത്മഹത്യയ്ക്ക് ആരും ഉത്തരവാദികളല്ലെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ആത്മഹത്യയിലേക്ക് നയിക്കാന്‍ തക്ക തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നും ആത്മഹത്യ ചെയ്യാനുള്ള തീരുമാനം രോഹിത് വെമുല സ്വയം സ്വീകരിച്ചതാവുമെന്നുമാണ് പറയുന്നത്.

രോഹിത് വെമുലയ്ക്ക് സര്‍വകലാശാല അധികൃതര്‍ നല്‍കിയ ശിക്ഷയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന ആരോപണത്തെ കമ്മീഷന്‍ തള്ളിക്കളയുന്നു. സര്‍വകലാശാലയുടെ നടപടികള്‍ ഹൈക്കോടതി ചോദ്യം ചെയ്തിരുന്ന സാഹചര്യത്തില്‍ ആത്മഹത്യ ചെയ്യേണ്ട കാര്യം രോഹിതിനില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.

ജസ്റ്റിസ് അശോക് കുമാര്‍ രൂപന്‍വാല കമ്മീഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേന്ദ്രസര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കുവാന്‍ സംവിധാനം വേണമെന്നും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കുമായി കൗണ്‍സിലിംഗ് സമിതികള്‍ ആരംഭിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാര്‍ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നാണ് അറിയുന്നത്.