ഗൊരഖ്പൂരില്‍ നടന്നത് കൂട്ടക്കൊലയെന്ന് ശിവസേന

Posted on: August 14, 2017 1:43 pm | Last updated: August 14, 2017 at 3:45 pm

മുംബൈ: ഗൊരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എഴുപതിലേറെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശവുമായി ശിവസേന രംഗത്തെത്തി. ആശുപത്രിയില്‍ നടന്നത് കൂട്ടക്കൊലയാണെന്ന് വിശേഷിപ്പിച്ച ശിവസേന, സംഭവത്തില്‍ കേന്ദ്രം ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ശിവസേനയുടെ മുഖപത്രമായ സാംനയുടെ മുഖപ്രസംഗത്തിലാണ് ഗോരഖ്പുരിലെ ദുരന്തത്തെ കൂട്ടക്കൊല എന്ന് വിശേഷിപ്പിച്ചത്.

പാവങ്ങളുടെ വിഷമങ്ങള്‍ രാഷ്ട്രീയക്കാരെ ബാധിക്കില്ല. ഇതാണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പരാജയവും. പാവങ്ങളുടെ ഈ വേദനയും ദുരിതങ്ങളുമാണ് പാവപ്പെട്ടവരുടെ മന്‍ കി ബാത്ത് എന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ ഏതെങ്കിലും പ്രതിപക്ഷ പാര്‍ട്ടിയായിരുന്നു ഭരണത്തിലെങ്കില്‍ കേന്ദ്രം നടപടി സ്വീകരിക്കുമായിരുന്നു. എല്ലാ ആഗസ്റ്റിലും ഇത്തരത്തിലുള്ള മരണം ആവര്‍ത്തിക്കുമെങ്കില്‍ എന്ത് കൊണ്ട് രാഷ്ട്രീയകാരുടെയും അധികാരികളുടെയും വീടുകളില്‍ ഇത് സംഭവിക്കുന്നില്ല എന്നും അവരുടെ വീടുകളിലുള്ളവര്‍ അനശ്വരരാണോ എന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.