Connect with us

National

പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ആയേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയേക്കുമെന്ന് സൂചന. പ്രിയങ്കയെ വര്‍ക്കിംഗ് പ്രസിഡന്റ് ആക്കാനാണ് കോണ്‍ഗ്രസ് നീക്കം. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75 ാം വാര്‍ഷികം ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഈ നിര്‍ദേശം നേതാക്കള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചതായാണ് വിവരം.

മുതിര്‍ന്ന നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗും യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രിയങ്ക പാര്‍ട്ടിയില്‍ സജീവമാകണമെന്ന് പല നേതാക്കളും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് വേളയില്‍ റായ്ബറേലിയിലും അമേഠിയിലും പ്രചാരണം നടത്തുകയെന്നതിന് അപ്പുറം രാഷ്ട്രീയത്തില്‍ അവര്‍ ഊന്നല്‍ നല്‍കിയിട്ടില്ല. അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് കരുതുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മികച്ച പ്രകടനം കാഴ്ചവെക്കണമെങ്കില്‍ നേതൃതലത്തില്‍ ഒരു യുവമുഖം വേണമെന്ന അഭിപ്രായമാണ് പല നേതാക്കള്‍ക്കുമുള്ളത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.