ഹാമിദ് അന്‍സാരി നാടുവിടണമെന്ന് ആര്‍ എസ് എസ്

Posted on: August 14, 2017 8:50 am | Last updated: August 14, 2017 at 1:03 pm

ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയോട് നാടുവിടാന്‍ ആഹ്വാനം ചെയ്ത് ആര്‍ എസ് എസ് നേതാവും ഹിന്ദുത്വ സംഘടനകളുടെ ബുദ്ധികേന്ദ്രവുമായ ഇന്ദ്രേഷ് കുമാര്‍. രാജ്യത്ത് മുസ്ലിംകള്‍ക്കിടയില്‍ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്നുവെന്ന അന്‍സാരിയുടെ പ്രസ്താവനക്ക് മറുപടിയായാണ് ആര്‍ എസ് എസ് നേതാവിന്റെ പ്രതികരണം.
‘ഏത് രാജ്യത്തേക്ക് പോകാനും അന്‍സാരിക്ക് സ്വാതന്ത്ര്യമുണ്ട്. നിര്‍ഭാഗ്യവശാല്‍ അന്‍സാരിക്ക് രാജ്യത്തിന്റെ ഒരു കോണില്‍ നിന്നും പിന്തുണ ലഭിച്ചില്ല. മുസ്ലിംകള്‍ പോലും പിന്തുണ നല്‍കിയില്ല. കഴിഞ്ഞ പത്ത് വര്‍ഷം മതേതര മുഖമായിരുന്നു അദ്ദേഹത്തിന്. എന്നാല്‍, ഇപ്പോള്‍ മതമൗലിക വാദിയായിമാറി. നേരത്തെ അദ്ദേഹം മുഴുവന്‍ പാര്‍ട്ടികളുടെയും നേതാവായിരുന്നു. ഇപ്പോള്‍ തനി കോണ്‍ഗ്രസുകാരനായി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അദ്ദേഹത്തിന് അരക്ഷിതാവസ്ഥ തോന്നിയിട്ടില്ലായിരുന്നു. ഏത് രാജ്യത്താണ് മുസ്‌ലിംകള്‍ സുരക്ഷിതരെന്ന് അദ്ദേഹം പറയണം. ഇനിയും അദ്ദേഹം ഇവിടെ നില്‍ക്കണമെന്നില്ല. സുരക്ഷിതമെന്ന് തോന്നുന്ന രാജ്യത്തേക്ക് പോകാം’- ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

സ്ഥാനമെഴിയുന്നതിന്റെതലേന്ന് രാജ്യസഭാ ടി വിക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജ്യത്തെ മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങളും മുസ്‌ലിംകളോട് പുലര്‍ത്തുന്ന അസഹിഷ്ണുതയെക്കുറിച്ചും അന്‍സാരി തുറന്നടിച്ചത്. രാജ്യത്ത് അസഹിഷ്ണുത പടരുകയാണ്. ഇന്ത്യക്കാരുടെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നത് അംഗീകരിക്കാനാകില്ല. അസഹിഷ്ണുതയും ഗോ രക്ഷാ ഗുണ്ടായിസവും അംഗീകരിക്കാനാകില്ല.
ഇത്തരം സംഭവങ്ങളില്‍ തന്റെ നിലപാടുകള്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ജനക്കൂട്ടം തല്ലിച്ചതക്കുന്ന സംഭവങ്ങളും ഘര്‍വാപസിയും യുക്തിവാദികളുടെ കൊലപാതകങ്ങളും ഇന്ത്യന്‍ മൂല്യങ്ങളുടെ തകര്‍ച്ചയാണ് കാണിക്കുന്നതെന്നുമായിരുന്നു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.