Connect with us

Kerala

ആരോപണങ്ങള്‍ക്കിടെ ബി ജെ പി യോഗം ഇന്ന്; കുമ്മനത്തിന്റെ പദയാത്ര മാറ്റിവെച്ചേക്കും

Published

|

Last Updated

തിരുവനന്തപുരം: മെഡിക്കല്‍ കോഴ ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളും പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ച്ചയും ചര്‍ച്ച ചെയ്യാന്‍ ബി ജെ പി സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്ന് തൃശൂരില്‍ ചേരും. അതേസമയം, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഈ മാസം 26ന് നടത്താനിരിക്കുന്ന പദയാത്ര മാറ്റിവെക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് ഇന്ന് ബി ജെ പി സംസ്ഥാന നേതാക്കളെ കാണും. സംസ്ഥാനത്തെ ബി ജെ പിയുടെ പരിതാപകരമായ സ്ഥിതിയിലുള്ള അതൃപ്തി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേതൃത്വത്തെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗം.
അതിനിടെ, സ്വാശ്രയ മെഡിക്കല്‍ കോളജിലേക്ക് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാന്‍ നേതാക്കള്‍ കോടികള്‍ കോഴ വാങ്ങിയെന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്തതായി സൂചനയുണ്ട്. സംസ്ഥാന പ്രസിഡന്റിന്റെ സഹായിയുടെ പേര് റിപ്പോര്‍ട്ടില്‍ നിന്ന് വെട്ടിയതിന് പുറമെ, കോഴയായി തുക നല്‍കിയെന്നത് കണ്‍സല്‍റ്റന്‍സി ഫീസായി തിരുത്തുകയും ചെയ്തു. റിപ്പോര്‍ട്ട് ബി ജെ പി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിനു സമര്‍പ്പിച്ചു. എന്നാല്‍, തിരുത്തുന്നതിന് മുമ്പുള്ള റിപ്പോര്‍ട്ട് അന്വേഷണ കമ്മീഷനിലെ ഒരംഗം അമിത് ഷാക്ക് കൈമാറിയതിനാല്‍ ഇരു റിപ്പോര്‍ട്ടുകളിലെയും വൈരുധ്യം കേന്ദ്രനേതൃത്വം അന്വേഷിച്ചേക്കും.
അതിനിടെ, മെഡിക്കല്‍ കോഴ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് മുരളീധര പക്ഷം ആരോപിക്കുന്നു.

വി വി രാജേഷിനെതിരെ സംഘടനാ നടപടി സ്വീകരിച്ചത് ശരിയായില്ലെന്ന് മുരളീധര പക്ഷം ഇന്നത്തെ യോഗത്തില്‍ ഉന്നയിക്കും. അന്വേഷണ കമ്മീഷന്‍ അംഗമല്ലാത്ത രാജേഷ് എങ്ങനെ റിപ്പോര്‍ട്ട് ചോര്‍ത്തിയെന്നും അവര്‍ ആരായും.
സംസ്ഥാനത്തെ രണ്ട് പ്രമുഖ നേതാക്കള്‍ നേരിട്ട് ഡല്‍ഹിയിലെത്തിയാണ് തിരുത്തിയ അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്. അന്വേഷണ സമിതി അംഗമായ എ കെ നസീര്‍ രജിസ്‌ട്രേഡ് തപാലിലാണ് റിപ്പോര്‍ട്ട് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും രണ്ട് സംഘടനാ സെക്രട്ടറിമാര്‍ക്കും അയച്ചത്. ഇതിന് പുറമെ, റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തന്റെ സ്വന്തം ഇമെയില്‍ വിലാസത്തില്‍ നിന്ന് ആലുവയിലെ ഹോട്ടലിന്റെ ഓഫീസ് ഇമെയിലിലേക്കും അയച്ചിരുന്നു. റിപ്പോര്‍ട്ട് ചോര്‍ത്തല്‍ അന്വേഷണം വന്നപ്പോള്‍, ഇത് കണ്ടെത്തുകയും നസീറാകാം വാര്‍ത്ത പുറത്തുവിട്ടതെന്നും സംശയം ഉയരുകയും ചെയ്തു. എന്നാല്‍, പ്രിന്റ് എടുക്കുന്നതിനായി മുകള്‍ നിലയിലെ ഓഫീസില്‍ നിന്ന് താഴത്തെ നിലയിലെ പ്രിന്റര്‍ സൗകര്യമുള്ള കമ്പ്യൂട്ടറിലേക്ക് മെയില്‍ കൈമാറിയെന്നാണ് നസീര്‍ നല്‍കിയ വിശദീകരണം. ഇതോടെയാണ് അന്വേഷണം വി വി രാജേഷിലേക്ക് തിരിഞ്ഞതും നടപടി ഉണ്ടായതും.
നേരത്തെ നിശ്ചയിച്ച പ്രകാരം കുമ്മനത്തിന്റെ പദയാത്രമാത്രമാണ് യോഗത്തിന്റെ മുഖ്യ അജന്‍ഡയെന്നാണ് നേതാക്കള്‍ പറയുന്നത്. അമിത് ഷായുടെ നിര്‍ദേശം നടപ്പിലാക്കുന്നതില്‍ കുമ്മനം ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിമുഖത കാണിക്കുന്നുവെന്ന് സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.

 

Latest