യു എസ് – ഉത്തര കൊറിയ പോര്: ഓഹരി വിപണിയില്‍ ആഘാതം

Posted on: August 14, 2017 8:55 am | Last updated: August 13, 2017 at 11:57 pm
SHARE

വിദേശ ഫണ്ടുകള്‍ നിക്ഷേപകന്റെ മേലങ്കി അഴിച്ച് മാറി വില്‍പ്പനക്കാരാനായി മാറിയത് ഇന്ത്യന്‍ ഓഹരി ഇന്‍ഡക്‌സുകളില്‍ പ്രകമ്പനമുളവാക്കി. അഞ്ചാഴ്ച്ചകളിലെ തുടര്‍ച്ചയായ നിക്ഷേപങ്ങള്‍ക്ക് ഒടുവിലാണ് അവര്‍ ലാഭമെടുപ്പിനിറങ്ങിയത്. യു എസ് -കൊറിയ സംഘര്‍ഷാവസ്ഥയാണ് വിദേശ ധനകാര്യസ്ഥാപനങ്ങളെ ഓഹരി വിപണിയില്‍ നിന്ന് അല്‍പ്പം പിന്‍തിരിയാന്‍ പ്രേരിപ്പിച്ചത്. വില്‍പ്പന സമ്മര്‍ദ്ദം മുലം ബി എസ് ഇ സൂചിക 1111 പോയിന്റും എന്‍ എസ് ഇ സൂചിക 355 പോയിന്റും ഇടിഞ്ഞു. വിദേശ ഫണ്ടുകള്‍ 1624 കോടി രൂപയുടെ ഓഹരികള്‍ വിറ്റുമാറി. സ്വാതന്ത്രദിനം പ്രമാണിച്ച് ചെവാഴ്ച്ച ഇന്ത്യന്‍ മാര്‍ക്കറ്റ് അവധിയാണ്.

മുന്‍ നിരയിലെ 31 ഓഹരികളില്‍ 28 എണ്ണത്തിന്റെ നിരക്ക് ഇടിഞ്ഞപ്പോള്‍ മുന്ന് ഓഹരികള്‍ കരുത്ത് നിലനിര്‍ത്തി. ടാറ്റാ സ്റ്റീല്‍, വിപ്രോ, ഇന്‍ഫോസീസ് ഓഹരി വിലകള്‍ മുന്നേറി. അതേ സമയം ടാറ്റാ മോട്ടേഴ്‌സ്, സണ്‍ ഫാര്‍മ്മ, ഡോ: റെഡീസ്, ലുപിന്‍, എസ് ബി ഐ, കോള്‍ ഇന്ത്യ, എം ആന്റ എം, ആര്‍ ഐ എല്‍ തുടങ്ങിയവ തളര്‍ച്ചയില്‍.
റിയാലിറ്റി ഇന്‍ഡക്‌സ് ഒമ്പത് ശതമാനം ഇടിഞ്ഞു. ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡക്‌സ് ഏഴ് ശതമാനവും പവര്‍ ഇന്‍ഡക്‌സ് അഞ്ച് ശതമാനത്തില്‍ അധികവും ഇടിഞ്ഞു. കാപ്പിറ്റല്‍ ഗുഡ്‌സ്, ബാങ്കിങ്, എഫ് എം സി ജി, സ്റ്റീല്‍, ഓയില്‍ ആന്റ ഗ്യാസ്, ഐ റ്റി, കണ്‍സ്യൂമര്‍ ഗുഡ്‌സ് ഇന്‍ഡക്‌സുകളും തളര്‍ന്നു.

ബി എസ് ഇ സൂചിക 32,377 പോയിന്റില്‍ നിന്ന് 32,396 വരെ തുടക്കത്തില്‍ ഉയര്‍ന്നു. ഇതിനിടയില്‍ ഉടലെടുത്ത വില്‍പ്പന തരംഗം നിഫ്റ്റിയെ 31,128 വരെ ഇടിച്ചു. ക്ലോസിങില്‍ സൂചിക 32,213 പോയിന്റിലാണ്. ഈ വാരം സൂചികയ്ക്ക് 32,030 ല്‍ തടസം നേരിടാം. ഫണ്ടുകള്‍ വില്‍പ്പന തുടര്‍ന്നാല്‍ ആദ്യ സപ്പോര്‍ട്ട് 30,762 ലാണ്. ഇത് നഷ്ടമായാല്‍ സൂചിക 30,311 റേഞ്ചിലേയ്ക്കും തിരിയാം.
നിഫ്റ്റി അഞ്ചാഴ്ച്ചകളിലായി മൊത്തം 545 പോയിന്റ് ഉയര്‍ന്നിരുന്നു. 10,066 ല്‍ ഓപ്പണ്‍ ചെയ്ത നിഫ്റ്റി സൂചിക 10,088 ല്‍ നീങ്ങിയ വേളയിലാണ് ഫണ്ടുകള്‍ വില്‍പ്പനകാരായത്. ഇതോടെ ആടി ഉലഞ്ഞ സൂചിക 9685 വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം 9710 പോയിന്റിലാണ്. വില്‍പ്പന സമ്മര്‍ദ്ദം തുടര്‍ന്നാല്‍ 9567-9424 ല്‍ താങ്ങ് പ്രതീക്ഷിക്കാം. ഈ വാരം നിഫ്റ്റിക്ക് 9970 ല്‍ പ്രതിരോധമുണ്ട്.
പോയവാരം ബി എസ് ഇ യില്‍ 23,778 കോടി രൂപയുടെയും എസ് എസ് ഇ യില്‍ 1,43,020 കോടി രൂപയുടെയും ഇടപാടുകള്‍ നടന്നു. ആഭ്യന്തര ഫണ്ടുകള്‍ കഴിഞ്ഞവാരം 4498 കോടി രൂപ നിക്ഷേപിച്ചു.
ഏഷ്യയിലെയും യുറോപ്പിലെയും പ്രമുഖ ഇന്‍ഡക്‌സുകള്‍ നഷ്ടത്തിലാണ്. അമേരിക്കന്‍ വിപണികള്‍ മികവിലാണ്. സ്വര്‍ണം ട്രോയ് ഔണ്‍സിന് 1292 ഡോളര്‍ വരെ കയറി. ക്രൂഡ് ഓയില്‍ രണ്ടാം വാരവും തളര്‍ന്നു. ബാരലിന് 48.82 ഡോളറിലാണ്.