അമേരിക്കയില്‍ ഹിജാബ് അഴിപ്പിച്ച സംഭവം: യുവതിക്ക് 85,000 ഡോളര്‍ നഷ്ടപരിഹാരം

Posted on: August 14, 2017 12:10 am | Last updated: August 13, 2017 at 11:55 pm

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മുസ്‌ലിം യുവതിയുടെ ശിരോവസ്ത്രം നിര്‍ബന്ധപൂര്‍വം ഊരിമാറ്റിയ സംഭവത്തില്‍ യുവതിക്ക് 85,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ചേസിസ് താഴ്ന്ന കാറോടിതിന്റെ പേരിലാണ് ക്രിസ്റ്റി പവലിനേയും ഭാര്യയേയും പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കടയില്‍നിന്നും സാധനങ്ങള്‍ മോഷ്ടിച്ചതിന് പവലിന്റെ ഭാര്യയുടെ പേരില്‍ വാറന്റ് ഉണ്ടെന്ന് ആരോപച്ചാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തതെന്നും സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാര്യയുടെ അറസ്റ്റ് നടപടികള്‍ വനിതാ പോലീസ് ഓഫീസറെ ഏല്‍പ്പിക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടെങ്കിലും ഇത് നിഷേധിച്ച ഓഫീസര്‍മാര്‍ യുവതിയുടെ ശിരോവസ്ത്രം അഴിപ്പിക്കുകയായിരുന്നു.

ശിരോവസ്ത്രമില്ലാതെയാണ് ഒരു രാത്രി മുഴുവന്‍ യുവതിയെ ജയിലിലടച്ചത്. ഭര്‍ത്താവ് ബോണ്ട് കെട്ടിവെച്ചതിന് ശേഷമാണ് ശിരോവസ്ത്രം തിരികെ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് ഒന്നാം ഭേദഗതി അവകാശങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് 2016 ഏപ്രിലിലാണ് സ്ത്രീ കോടതിയെ സമീപിച്ചത്.