Connect with us

Editorial

ദുരന്തമല്ല; കുട്ടികളുടെ കുരുതി

Published

|

Last Updated

രാജ്യത്തെ നടുക്കിയ സംഭവമാണ് യു പി ആശുപത്രിയിലെ രോഗികളുടെ കൂട്ടമരണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഒരാഴ്ചക്കിടെ മസ്തികജ്വരത്തിന് ചികിത്സയില്‍ കഴിയുന്ന എഴുപതോളം കുട്ടികള്‍ മരിച്ചത്. ആശുപത്രി സൂപ്രഡണ്ട് ഡോ. രാജീവ് മിശ്രയെ സസ്‌പെന്‍ഡ് ചെയ്തു സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും ശ്രമിച്ചുകൊണ്ടിരിക്കെ സര്‍ക്കാറിന്റെ ഗുരുതരമായ വീഴ്ചയാണ് കാരണമെന്നാണ് ഡോ. മിശ്രയുടെ വെളിപ്പെടുത്തല്‍.

അത്യാസന്ന രോഗികള്‍ക്ക് നല്‍കാനുള്ള ഓക്‌സിജന്റെ ലഭ്യതക്കുറവാണ് മരണത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങിയ ഇനത്തില്‍ 66 ലക്ഷം രൂപ ആശുപത്രി വിതരണ ഏജന്‍സിക്ക് കുടിശ്ശിക വരുത്തിയിരുന്നു. ഇത് ഉടനടി അടച്ചുതീര്‍ത്തില്ലെങ്കില്‍ ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെക്കുമെന്ന് ഏജന്‍സി അറിയിച്ചിരുന്നതാണ്. ഈ മുന്നറിയിപ്പ് ഗൗരവത്തിലെടുക്കാതിരുന്നതാണ് കൂട്ടമരണത്തിലെത്തിച്ചത്.

പല തവണ ആവശ്യപ്പെട്ടിട്ടും ആശുപത്രിക്കാവശ്യമായ ഫണ്ട് സര്‍ക്കാര്‍ അനുവദിക്കാത്തതുകൊണ്ടാണ് കുടിശ്ശിക തീര്‍ത്ത് ഓക്‌സിജന്റെ ലഭ്യത ഉറപ്പുവരുത്താന്‍ കഴിയാതിരുന്നതെന്നാണ് ഡോ. രാജീവ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞത്. ജൂലൈ മുന്ന് മുതല്‍ മൂന്ന് തവണ വിഷയം ഉണര്‍ത്തി അധികൃതര്‍ക്ക് കത്ത് കൈമാറിയതായി അദ്ദേഹം പറയുന്നു. ഉദ്യോഗസ്ഥരുമായുള്ള വീഡിയോ കോണ്‍ഫ്രന്‍സിലും വിഷയം ഉണര്‍ത്തി. ഫണ്ട് സമയത്തിന് ലഭിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാനാകുമായിരുന്നുവെന്ന് അദ്ദേഹം പറയുകയുണ്ടായി. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അടുത്തിടെ മുഖ്യമന്ത്രി സ്ഥാപനത്തില്‍ എത്തിയിരുന്നു. ഈ സമയത്ത് ഓക്‌സിജന്‍ വിതരണത്തിലെ അപാകതകള്‍ അധികൃതര്‍ അദ്ദേഹത്തെ ധരിപ്പിച്ചതായും പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് അനാസ്ഥ ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും അവകാശവാദം. ഈ മാസം നാലിന് ഒരു തവണ മാത്രമാണത്രെ രാജീവ് മിശ്രയുടെ നിവേദനം ലഭിച്ചത്.

11 കുട്ടികള്‍ മാത്രമാണ് മരിച്ചതെന്നും മാധ്യമങ്ങള്‍ മരണ സംഖ്യ പെരുപ്പിച്ചുകാണിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തുകയുണ്ടായി. അതും ഓക്‌സിജന്റെ ലഭ്യതക്കുറവ് കൊണ്ടല്ല. ആശുപത്രിയിലെ ശുചിത്വക്കുറവ് മുലവും വിവിധ രോഗങ്ങള്‍ മൂര്‍ച്ഛിച്ചുണ്ടായതാണ് മരണങ്ങളെന്ന് മുഖ്യമന്ത്രി പറയുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി ജെ പി സ്വച്ഛ്ഭാരത് ക്യാമ്പയില്‍ നടത്തി വരവെ ബി ജെ പി ഭരണത്തിലുള്ള ഒരു സംസ്ഥാനത്ത് ശുചിത്വക്കുറവ് മൂലം കൂട്ടമരണങ്ങള്‍ സംഭവിച്ചുവെന്നതും പാര്‍ട്ടിക്ക് നാണക്കേടാണ്.
ഉത്തര്‍പ്രദേശിലെ ശിശുക്കളില്‍ മസ്തിഷ്‌ക ജ്വരം വ്യാപകമായി ബാധിച്ചു വരുന്നുണ്ട്. ആശുപത്രി സ്ഥിതി ചെയ്യുന്ന ഗോരഖ്പൂര്‍ മണ്ഡലത്തില്‍ മാത്രം നടപ്പു വര്‍ഷം 114 മരണം ഇതുമൂലം സംഭവിച്ചിരുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് 40,000 കുട്ടികള്‍ മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചതായാണ് കണക്ക്. മസ്തിഷ്‌ക അണുബാധക്ക് വിധഗ്ധ ചികിത്സാ സംവിധാനങ്ങളുള്ള ആശുപത്രിയാണ് ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖോരക്പൂരില്‍ താന്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിനെ യോഗി ആദിത്യനാഥ് നേരിട്ടതെന്നതിനാല്‍ കുട്ടികളുടെ കൂട്ടമരണം അദ്ദേഹത്തിന് കനത്ത തിരിച്ചടിയായിരിക്കയാണ്. കേരളം ഉള്‍പ്പെടയുള്ള ബി ജെ പി ഇതര സംസ്ഥാനങ്ങളെ വിലയിടിച്ചു കാണിക്കാന്‍ ബി ജെ പി കേന്ദ്ര നേതൃത്വം ശ്രമിച്ചു വരവെ സംഭവിച്ച ദുരന്തം രാഷ്ട്രീയപരമായും പാര്‍ട്ടിക്ക് ക്ഷീണം വരുത്തുമെന്ന ആശങ്കയിലാണ് വിഷയത്തില്‍ സര്‍ക്കാറിന്റെ വീഴ്ച നിഷേധിക്കാന്‍ അധികൃതര്‍ പാടുപെടുന്നത്.
അതിനിടെ കുട്ടികളുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കുന്നതിന് ആംബുലന്‍സ് സൗകര്യം നല്‍കാത്തതും കടുത്ത പ്രതിഷേധത്തിനിടയാക്കി. പലരും ബൈക്കിലും ഓട്ടോറിക്ഷയിലുമാണ് കുഞ്ഞുങ്ങളുടെ മൃതദേങ്ങള്‍ കൊണ്ടുപോയത്. ചുമലിലേറ്റി നടന്നു പോയ രക്ഷിതാക്കളുമുണ്ട്. ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളും വളരെ കുറവാണ്. രോഗികളായ കുട്ടികളും അവര്‍ക്കൊപ്പമുള്ള രക്ഷിതാക്കളും തറയിലാണ് കിടക്കുന്നത്. ഭക്ഷണവും ആവശ്യമായ മരുന്നും ലഭിക്കുന്നില്ലെന്നും രോഗികളുടെ ബന്ധുക്കള്‍ക്ക് പരാതിയുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ഈ ചികിത്സാ കേന്ദ്രത്തിലെ അവസ്ഥ ഇതാണെങ്കില്‍ മറ്റു ആശുപത്രികളിലെ സ്ഥിതി ഊഹിക്കാകുന്നതേയുള്ളൂ.

രോഷം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തെക്കുറിച്ചു സംസ്ഥാന സര്‍ക്കാര്‍ മജിസ്‌ട്രേട്ടുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ അധികൃതര്‍ കാണിച്ച അലംഭാവത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം തുടരുകയാണ്. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണത്തിലൂടെ സംഭവത്തിന്റെ വസ്തുത കണ്ടെത്തി ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതാവശ്യമാണ്. അവര്‍ എത്ര ഉന്നതരായാലും. കൈലാഷ് സത്യാര്‍ഥി പറഞ്ഞതാണ് സത്യം. ഇത് ദുരന്തമല്ല, കൂട്ടക്കൊലയാണ്.

Latest