വീരവാദങ്ങള്‍ പൊളിക്കുന്ന സാമ്പത്തിക സര്‍വേ

രാജ്യം ചെറുതല്ലാത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നും അത് സാമ്പത്തിക വളര്‍ച്ചയെ പിന്നാക്കം വലിക്കുന്നുവെന്നുമാണ് അര്‍ധവാര്‍ഷിക സാമ്പത്തിക സര്‍വെ പറഞ്ഞുവെക്കുന്നത്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബേങ്കുകളില്‍ നിന്ന് ലഭിക്കുന്ന വായ്പയുടെ തോത് കുറഞ്ഞു, വ്യാവസായിക ഉത്പാദനം ഇടിഞ്ഞു, നിര്‍മാണ മേഖലയിലും ഇടിവാണ്, നിക്ഷേപത്തിന്റെ വളര്‍ച്ചയും താഴേക്കാണ്, പ്രതിവര്‍ഷം സമ്പദ്‌വ്യവസ്ഥയിലേക്ക് ചേര്‍ക്കപ്പെടുന്ന മൂല്യം കുറഞ്ഞു, ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 2015 - 16ല്‍ എട്ട് ശതമാനമായിരുന്നത് 2016 - 17ല്‍ 7.1 ശതമാനമായി എന്നിങ്ങനെ സകല മേഖലകളിലും തളര്‍ച്ചയുടെയോ തകര്‍ച്ചയുടെയോ കണക്കാണ് അര്‍ധ വാര്‍ഷിക സാമ്പത്തിക സര്‍വെ പറഞ്ഞുവെക്കുന്നത്. വളര്‍ച്ചാ നിരക്ക് തിരിച്ചുപിടിക്കുന്നതിന് വര്‍ഷങ്ങളെടുക്കുമെന്നും പറയുന്നു സര്‍വേ.
Posted on: August 14, 2017 6:05 am | Last updated: August 13, 2017 at 11:46 pm
SHARE

രാജ്യമങ്ങനെ കുതിക്കുകയാണ്. അഴിമതി ആരോപണങ്ങള്‍ കേള്‍ക്കാനില്ല. കള്ളപ്പണം പിടിച്ചെടുക്കാനുള്ള നടപടികള്‍ ഊര്‍ജിതമായിരിക്കുന്നു. ഇതില്‍ ഭയം പൂണ്ട് കൂടുതല്‍ പേര്‍ നികുതിദായകരായി. സര്‍ക്കാര്‍ ഖജാനയിലേക്ക് കൂടുതല്‍ പണമെത്തി. കൂടുതല്‍ വികസന പദ്ധതികള്‍ നടപ്പാക്കാനുള്ള അവസരം ഒരുങ്ങുകയാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട് – ജി എസ് ടി) വളര്‍ച്ചാ നിരക്ക് ശരവേഗത്തെ വെല്ലുന്നു. ചൈനയേക്കാള്‍ വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി രാജ്യം മാറിയിരിക്കുന്നു. വിദേശരാഷ്ട്രങ്ങളില്‍ നിക്ഷേപം നടത്താന്‍ കാത്തിരിക്കുന്നവരുടെ ഇഷ്ട ലക്ഷ്യസ്ഥാനമായി ഇവിടം മാറി.

പാലും തേനുമൊഴുകാന്‍ ഇനിയെന്ത് താമസം എന്ന മട്ടിലാണ് വീരവാദങ്ങള്‍. വസ്തുത ജനത്തെ അറിയിക്കാന്‍ പാകത്തില്‍ പ്രതിപക്ഷം ശക്തമല്ലാതിരിക്കുകയും മാധ്യമങ്ങളില്‍ വലിയൊരു പങ്ക്, ദേശീയ – രാജ്യസ്‌നേഹ വാചാടോപത്തെ അലങ്കാരമാക്കുകയും ചെയ്തതോടെ ഈ വീരവാദങ്ങളൊക്കെ ശരിയാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരുന്നു. വീരവാദത്തിന്റെ ഈ കുമിളയെ പൊട്ടിക്കുകയാണ് അര്‍ധവാര്‍ഷിക സാമ്പത്തിക സര്‍വെയും റിസര്‍വ് ബേങ്ക് പുറത്തുവിട്ട കണക്കുകളും.

ഇന്ത്യന്‍ യൂനിയന്‍ ചെറുതല്ലാത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നും അത് സാമ്പത്തിക വളര്‍ച്ചയെ പിന്നാക്കം വലിക്കുന്നുവെന്നുമാണ് സാമ്പത്തിക സര്‍വെ പറഞ്ഞുവെക്കുന്നത്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബേങ്കുകളില്‍ നിന്ന് ലഭിക്കുന്ന വായ്പയുടെ തോത് കുറഞ്ഞു, വ്യാവസായിക ഉത്പാദനം ഇടിഞ്ഞു, നിര്‍മാണ മേഖലയിലും ഇടിവാണ്, നിക്ഷേപത്തിന്റെ വളര്‍ച്ചയും താഴേക്കാണ്, പ്രതിവര്‍ഷം സമ്പദ്‌വ്യവസ്ഥയിലേക്ക് ചേര്‍ക്കപ്പെടുന്ന മൂല്യം (ഉത്പാദനം, വിപണനം എന്നിവയുടെ നികുതി കിഴിച്ചുള്ള ആകെത്തുക – ഗ്രോസ് വാല്യു ആഡഡ് – ജി വി എ) കുറഞ്ഞു, ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 2015 – 16ല്‍ എട്ട് ശതമാനമായിരുന്നത് 2016 – 17ല്‍ 7.1 ശതമാനമായി എന്നിങ്ങനെ സകല മേഖലകളിലും തളര്‍ച്ചയുടെയോ തകര്‍ച്ചയുടെയോ കണക്കാണ് അര്‍ധ വാര്‍ഷിക സാമ്പത്തിക സര്‍വെ പറഞ്ഞുവെക്കുന്നത്. വളര്‍ച്ചാ നിരക്ക് തിരിച്ചുപിടിക്കുന്നതിന് വര്‍ഷങ്ങളെടുക്കുമെന്ന് പറയുന്ന സര്‍വെ, ഇടക്കാല വളര്‍ച്ചക്ക് ഉതകും വിധത്തിലുള്ള നടപടികള്‍ ഉണ്ടാകണമെന്ന് നിര്‍ദേശിക്കുന്നു.

നിക്ഷേപം ആകര്‍ഷിക്കാന്‍ പാകത്തിലുള്ള പരിഷ്‌കരണങ്ങള്‍, നിക്ഷേപകര്‍ക്ക് ആത്മവിശ്വാസമേകും വിധത്തില്‍ നികുതികളെ മാറ്റല്‍, സ്വകാര്യവത്കരണത്തിന്റെ വേഗം ഇനിയും കൂട്ടല്‍ ഒക്കെയാണ് നിര്‍ദേശിക്കപ്പെടുന്ന ചികിത്സ. ഇതുണ്ടായാല്‍പ്പോലും വളര്‍ച്ചാ വേഗം കൈവരിക്കാനാകുമോ എന്ന സംശയം നിലനില്‍ക്കുകയാണ്.
2016 – 17ല്‍ ഗ്രാമീണ മേഖലയുടെ വളര്‍ച്ചാ നിരക്ക് 7.1 ശതമാനമായി ചുരുങ്ങിയെന്നതാണ് ഏറ്റവും ശ്രദ്ധേയം. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുക, ഭീകരവാദ സംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് തടയുക എന്നീ ലക്ഷ്യങ്ങളോടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് പിന്‍വലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിപ്ലവം സൃഷ്ടിച്ചത് 2016 നവംബര്‍ എട്ടിനാണ്. അത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ വലിയ തോതില്‍ ബാധിച്ചിരുന്നു. നോട്ട് പിന്‍വലിച്ചതിന് ശേഷമുള്ള അഞ്ച് മാസങ്ങളിലെ കണക്ക് കൂടി ചേര്‍ന്നാണ് ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ 7.1 ശതമാനം വളര്‍ച്ച. കാര്‍ഷിക മേഖലയെയും ചെറുകിട – ഇടത്തരം വ്യവസായ, വാണിജ്യ സ്ഥാപനങ്ങളെയുമാണ് നോട്ട് പിന്‍വലിച്ച നടപടി ഏറെ ബാധിച്ചത്. അതിന്റെ ആഘാതത്തില്‍ നിന്ന് ആ മേഖല ഇനിയും മുക്തമായിട്ടില്ല. അതായത് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥ കൂടുതല്‍ ചുരുങ്ങാനാണ് സാധ്യത.

ചരക്ക് സേവന നികുതി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് – ജി എസ് ടി) നടപ്പാക്കിയതോടെ സൃഷ്ടിക്കപ്പെട്ട ഹ്രസ്വകാലത്തേക്കുള്ള സ്തംഭനാവസ്ഥ ഇതിന് പുറമെയുണ്ട്. പുതിയ സമ്പ്രദായത്തില്‍ നികുതി ഏകീകരിക്കപ്പെട്ടപ്പോള്‍ വന്‍കിട ഉത്പാദകരോട് മത്സരിക്കാന്‍ സാധിക്കാതെ ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ പ്രതിസന്ധി നേരിടുന്നുണ്ട്. രാജ്യത്ത് ധാരാളമായുള്ള ചെറുകിട സോപ്പ് നിര്‍മാണ യൂണിറ്റുകള്‍ ഉദാഹരണമായെടുക്കാം. വന്‍കിടക്കാരുടെ ഉത്പന്നങ്ങളെ അപേക്ഷിച്ച് നികുതി കുറവുണ്ടായിരുന്നതുകൊണ്ടാണ് ചെറുകിട യൂണിറ്റുകള്‍ വിപണിയില്‍ പിടിച്ചുനിന്നിരുന്നത്. നികുതി ഒന്നായതോടെ വിപണിയില്‍ മത്സരിച്ച് നില്‍ക്കാന്‍ സാധിക്കാത്ത സ്ഥിതി ഇവക്ക് വന്നുചേര്‍ന്നിരിക്കുന്നു. ഇതുപോലുള്ള ആയിരക്കണക്കിന് യൂണിറ്റുകളുണ്ട്. ഉത്പാദനം കുറക്കുകയോ യൂണിറ്റ് പൂട്ടുകയോ മാത്രമേ ഇവക്ക് മാര്‍ഗമുള്ളൂ. അത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ തികച്ചും പ്രതികൂലമായി ബാധിക്കും.

തൊഴിലില്ലാതാകുന്നവരുടെ എണ്ണം കൂടുകയും ചെയ്യും. ഇതൊരു ഇടക്കാല പ്രതിസന്ധിയല്ല. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിലേക്ക് വലിയ സംഭാവന ചെയ്യുന്ന ഗ്രാമീണ മേഖല പ്രതിസന്ധിയില്‍ തുടര്‍ന്നാല്‍, സാമ്പത്തിക സര്‍വെ ലക്ഷ്യമിടുന്ന ആറര ശതമാനം വളര്‍ച്ചാ നിരക്ക് പോലും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കൈവരിക്കാനാകില്ല. ഗ്രാമീണ മേഖലയിലുണ്ടാകുന്ന സാമ്പത്തിക അസമത്വവും അരക്ഷിതാവസ്ഥയും ചെറുതല്ലാത്ത സാമൂഹിക പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
ഗ്രാമീണ സമ്പദ് വ്യവസ്ഥയിലെ പ്രശ്‌നങ്ങളെ അവഗണിച്ചുകൊണ്ട്, വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കാനുള്ള വഴികളാണ് സാമ്പത്തിക സര്‍വെ മുന്നോട്ടുവെക്കുന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് കൂട്ടി, വന്‍കിട പദ്ധതികള്‍ നടപ്പാക്കുകയാണ് ഉദ്ദേശ്യം. എന്നാല്‍ ഈ രംഗത്തും കാര്യങ്ങള്‍ അത്ര ശുഭകരമല്ല. യുനൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡവലപ്‌മെന്റിന്റെ (യു എന്‍ സി ടി എ ഡി) കണക്കുപ്രകാരം 2016ല്‍ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കില്‍ അഞ്ച് ശതമാനം കുറവാണുണ്ടായത്. ഇതര രാജ്യങ്ങളെ അപേക്ഷിച്ച് നിക്ഷേപമൊഴുക്ക് ഭേദമാണെങ്കിലും വളര്‍ച്ച ഈ രംഗത്തുണ്ടായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരന്തരം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും സഹസ്ര കോടികളുടെ നിക്ഷേപ വാഗ്ദാനങ്ങളുണ്ടായെന്ന് അവകാശപ്പെടുകയും ചെയ്തുവെങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമായില്ലെന്ന് ചുരുക്കം. ഇങ്ങോട്ടെത്തിയ വിദേശ നിക്ഷേപത്തിന്റെ ഭൂരിഭാഗവും മൗറീഷ്യസില്‍ നിന്നും സിംഗപ്പൂരില്‍ നിന്നുമായിരുന്നു. ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കള്ളപ്പണം വെളിപ്പിക്കുന്നതിനുള്ള ഇടത്താവളങ്ങളാണ് ഈ രാജ്യങ്ങളെന്നത് പരിഗണിക്കുമ്പോള്‍, ഈ നിക്ഷേപത്തെ പൂര്‍ണമായും വിദേശനിക്ഷേപമെന്ന് വിളിക്കുക വയ്യ.

വളര്‍ച്ചാ നിരക്കിന്റെ പുതിയ കണക്കുകള്‍ നിക്ഷേപകരില്‍ ആത്മവിശ്വാസം പകരുന്നതല്ലെന്നത് കണക്കിലെടുക്കുമ്പോള്‍ 2017ലെ ലക്ഷ്യം പാളാനുമാണ് ഇട.
ഈ സാഹചര്യത്തില്‍ സമ്പദ് വ്യവസ്ഥയെ കരകയറ്റാനുള്ള മാര്‍ഗം സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക എന്നതാണ്. അതിനും വഴി കാണുന്നില്ല. നാല് മുതല്‍ അഞ്ച് ലക്ഷം വരെയുള്ള കള്ളപ്പണം വിപണിയില്‍ നിന്ന് തിരിച്ചെത്തില്ലെന്നും ഇത്രയും തുക റിസര്‍വ് ബാങ്കിന്റെ ശേഖരമാകുമെന്നും അത് സര്‍ക്കാറിന് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യമുണ്ടാകുമെന്നൊക്കെയായിരുന്നു പ്രചാരണം. ബാങ്കുകള്‍ക്ക് കൂടുതല്‍ വായ്പ വിതരണം ചെയ്യാന്‍ സാധിക്കുമെന്നും അവകാശപ്പെട്ടിരുന്നു. യാതൊന്നും സംഭവിക്കുന്നില്ലെന്ന് മാത്രമല്ല, ആര്‍ ബി ഐ വര്‍ഷാവര്‍ഷം കേന്ദ്രസര്‍ക്കാറിന് ഡിവിഡന്‍ഡ് ഇനത്തില്‍ നല്‍കുന്ന തുക പോയ വര്‍ഷത്തെ അപേക്ഷിച്ച് അമ്പത് ശതമാനം കുറയുകയും ചെയ്തു. 2015 -16 സാമ്പത്തിക വര്‍ഷത്തില്‍ 65,876 കോടി രൂപ ആര്‍ ബി ഐ നല്‍കിയപ്പോള്‍ 2016 – 17 സാമ്പത്തിക വര്‍ഷത്തില്‍ അത് 30,459 കോടിയായി ഇടിഞ്ഞു.

കള്ളപ്പണക്കാരൊക്കെ നികുതി അടക്കുന്ന മര്യാദരാമന്‍മാരാകുമെന്നും ആദായനികുതി വരുമാനം കുത്തനെ കൂടുമെന്നുമായിരുന്നു മറ്റൊരുപ്രതീക്ഷ. ആദായനികുതി അടച്ച് റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണം പോയവര്‍ഷം 25 ശതമാനമായിരുന്നുവെങ്കില്‍ ഇക്കുറി അത് 45 ശതമാനമായി കൂടി. പ്രത്യക്ഷത്തില്‍ അമ്പരപ്പിക്കുന്ന വര്‍ധനയാണിത്. എന്നാല്‍ പുതുതായി റിട്ടേണ്‍ സമര്‍പ്പിച്ചവരില്‍ ഭൂരിഭാഗവും വര്‍ഷത്തില്‍ 2.7 ലക്ഷം രൂപ വരുമാനമുള്ള മാസ ശമ്പളം വാങ്ങുന്നവര്‍ മാത്രമാണ്. രണ്ടര ലക്ഷമാണ് നികുതി പരിധിയെന്നത് കണക്കിലെടുക്കുമ്പോള്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധന കൊണ്ട് വലിയ നേട്ടം ഖജനാവിന് ഉണ്ടാകുന്നില്ല. മാത്രവുമല്ല, കള്ളപ്പണം ഉത്പാദിപ്പിച്ച്, വിദേശങ്ങളില്‍ ശേഖരിച്ച്, വെളുപ്പിച്ചെടുക്കുന്ന ശൃംഖലകളില്‍ നിന്ന് ആദായ നികുതിയിനത്തില്‍ കൂടുതലൊന്നും കിട്ടിയിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിട്ടും, നികുതികള്‍ ഉയര്‍ത്തിയത് മൂലം ആഭ്യന്തര വിപണിയില്‍ ഇന്ധന വില ഉയര്‍ന്നു നില്‍ക്കുകയാണ്. നികുതി വര്‍ധിപ്പിച്ചതിലൂടെ വലിയ വരുമാനം കേന്ദ്ര ഖജനാവിലേക്കുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും സബ്‌സിഡികള്‍ ഇല്ലാതാക്കുകയും പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും സബ്‌സിഡി വലിയതോതില്‍ പരിമിതപ്പെടുത്തുകയും ചെയ്തതിലൂടെ ഖജനാവിനുണ്ടായ നേട്ടം പുറമെ. ഈ നടപടികള്‍ സൃഷ്ടിക്കാനിടയുള്ള വിലക്കയറ്റത്തെ, ബാങ്ക് നിരക്കുകള്‍ നിജപ്പെടുത്തിക്കൊണ്ട് നിയന്ത്രിക്കുകയാണ് ആര്‍ ബി ഐ ചെയ്യുന്നത്. അതുകൊണ്ട് പണപ്പെരുപ്പ നിരക്ക് നാല് ശതമാനത്തില്‍ താഴെയായി തുടരുന്നു. എന്നാല്‍ ബാങ്ക് നിരക്കുകളില്‍ വേണ്ട ഇളവുകള്‍ ചെയ്യാത്ത ആര്‍ ബി ഐ നിലപാട്, വായ്പാ വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ രീതി തുടര്‍ന്നാല്‍ മാര്‍ക്കറ്റിലേക്കുള്ള പണമൊഴുക്കിന്റെ വേഗം നിയന്ത്രിതമായി തുടരുകയും വളര്‍ച്ചയെ താഴേക്ക് വലിക്കുകയും ചെയ്യും.
ധനക്കമ്മി വര്‍ധിക്കുമോ എന്ന ആശങ്ക ഇതിന് പുറമെയാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനമായി കമ്മി നിജപ്പെടുത്താനുള്ള സമയപരിധി പലകുറി തെറ്റിയിരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൂന്നര ശതമാനമായിരുന്നത്, 2017 – 18ല്‍ മൂന്ന് ദശാംശം രണ്ട് ശതമാനമാക്കുമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചത്. വിവിധ സംസ്ഥാനങ്ങള്‍ കാര്‍ഷിക കടാശ്വാസം പ്രഖ്യാപിക്കുകയും ജി എസ് ടി നടപ്പാക്കിയതോടെ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തി നല്‍കേണ്ടി വരികയും ചെയ്യുന്നത് ധനക്കമ്മി നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ ബാധിച്ചേക്കും. ധനക്കമ്മി പ്രതീക്ഷിച്ചതില്‍ നിന്ന് ഉയര്‍ന്നാല്‍, അതും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കും.
ആഗോള സാമ്പത്തിക മാന്ദ്യത്തെ നേരിട്ട 2008 മുതലുള്ള വര്‍ഷങ്ങള്‍ മറികടന്ന ഒന്നും രണ്ടും യു പി എ സര്‍ക്കാറുകള്‍, ഉദാരവത്കൃത സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ (അതിന്റെ സകല ദൂഷ്യങ്ങളോടും കൂടി) രാജ്യത്തിന് നല്‍കിയ സ്ഥിരതയെ ഇല്ലാതാക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്ന് വര്‍ഷം കൊണ്ട് ചെയ്തത് എന്നാണ് പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ 2016 – 17 വര്‍ഷത്തെ അര്‍ധപാദ സാമ്പത്തിക അവലോകനത്തിലൂടെ രാജ്യത്തോട് പറയുന്നത്. വികാരം മുറ്റുന്ന ശബ്ദഘോഷം കൊണ്ട് വസ്തുതകളെ മറക്കാനാകില്ല.

ഈ വസ്തുതകള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശേഷി പ്രതിപക്ഷത്തിനില്ലാത്തതു കൊണ്ട് വാചാടോപങ്ങള്‍ക്ക് കുറച്ചുകാലം കൂടി സ്ഥാനമുണ്ടാകുമെന്ന് മാത്രം.