ഗോരഖ്പൂരില്‍ കുട്ടികള്‍ക്ക് പ്രാണവായു എത്തിച്ച ഡോ.കഫീല്‍ അഹ്മദിനെ സസ്‌പെന്‍ഡ് ചെയ്തു

Posted on: August 13, 2017 8:44 pm | Last updated: August 13, 2017 at 9:30 pm

ഗോരഖ്പുര്‍: ഗോരഖ്പുരിലെ ബാബ രാഘവ്ദാസ് (ബിആര്‍ഡി) ആശുപത്രിയിലെ ശിശുരോഗ വിഭാഗം മേധാവി ഡോ.കഫീല്‍ അഹമ്മദിനെ സസ്‌പെന്‍ഡ്‌ചെയ്തു. സ്വകാര്യപ്രാക്ടീസ് നടത്തിയെന്നാരോപിച്ചാണ് ഡോ.കഫീല്‍ അഹമ്മദിനെ സസപെന്‍ഡ് ചെയ്തിരിക്കുന്നത്.

ചികില്‍സയില്‍ കഴിയുന്ന കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെയാണ് സര്‍ക്കാരിന്റെ അനുമതിയോടെ ആശുപത്രി അധികൃതര്‍ നടപടി എടുത്തത്.

ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിച്ചയാളാണ് ഡോക്ടര്‍ കഫീല്‍ അഹമ്മദ് ഖാന്‍. ശിശുരോഗ വിഭാഗം തലവനായ ഡോ. കഫീല്‍ അഹമ്മദ് ഖാന്‍ സ്വന്തം പണംമുടക്കിയാണ് ആശുപത്രിയില്‍ ഓക്‌സിജന്‍ കൊണ്ടുവന്നത്. മസ്തിഷ്‌കജ്വരത്തിനു ചികില്‍സയിലായിരുന്ന 71 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ ഒരാഴ്ചയ്ക്കിടെ മരിച്ചത്.

കഫീല്‍ മുഹമ്മദിന്റെ പ്രവൃത്തിക്ക് വലിയ കൈയടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നതിന് പിന്നാലെയാണ് കഫീലിനെ സസ്‌പെന്‍ഡ്‌ചെയ്തിരിക്കുന്നത്.

ആശുപത്രി അധികൃതര്‍ കുടിശ്ശിക തീര്‍പ്പാക്കാത്തതിനെ തുടര്‍ന്ന് വിതരണക്കാരന് ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ എത്തിക്കാതിരുന്നതോടെയാണ് ഓകസിജന്‍ കിട്ടാത്ത അവസ്ഥ വന്നത്.

അതേസമയം സംഭവം പ്രത്യേകസംഘം അന്വേഷിക്കുമെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രാഥമിക റിപ്പോര്‍ട്ട് തയാറായിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് വരേണ്ടതുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കുട്ടികളുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയ്‌ക്കൊപ്പം ആശുപത്രി സന്ദര്‍ശിച്ചശേഷമാണ് യോഗി അദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.