അബുദാബിയില്‍ തൊഴില്‍ തട്ടിപ്പില്‍ വഞ്ചിതരാകുന്നവര്‍ ഏറെ

  • ഇരയാകുന്നവര്‍ അധികവും ബിരുദധാരികള്‍
Posted on: August 13, 2017 7:22 pm | Last updated: August 13, 2017 at 7:14 pm

അബുദാബി: തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങുന്നവരുടെ എണ്ണം ദിനം പ്രതി കൂടുന്നു. അബുദാബിയില്‍ തൊഴില്‍നിയമന ഏജന്‍സി തടവിലാക്കിയ ഇന്ത്യക്കാരി ഉള്‍പെടെ നിരവധി സ്ത്രീകളെ അധികൃതര്‍ കഴിഞ്ഞ ദിവസം രക്ഷിച്ചിരുന്നു. അബുദാബിയില്‍ വീട്ടുവേലക്കാരിയായി ജോലി ചെയ്തിരുന്ന ബംഗളൂരു സ്വദേശിനി സുല്‍ത്താന ഉള്‍പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് പോലീസ് രക്ഷിച്ചത്. മോഹന വാഗ്ദാനങ്ങള്‍ നല്‍കി ഗള്‍ഫിലേക്ക് കൊണ്ടു വന്ന് വഞ്ചിക്കുന്നവര്‍ വിഹരിക്കുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാത്തതും തെറ്റായ വാഗ്ദാനങ്ങളില്‍ അകപ്പെടുന്നതുമാണ് ചതിയില്‍പെടാന്‍ കാരണമാകുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. അംഗീകൃത ഏജന്‍സികള്‍ വഴിയല്ലാതെ വരുന്നവരാണ് കൂടുതലും തട്ടിപ്പിനിരയാകുന്നത് സി സി ടി വി കാമറകളുടെ നിരീക്ഷണത്തില്‍ വളരെ ഇടുങ്ങിയ മുറിയിലായിരുന്നു സുല്‍ത്താനയെയും മറ്റുള്ളവരെയും തൊഴില്‍ നിയമന ഏജന്‍സി തടവിലിട്ടിരുന്നത്. തങ്ങളുടെ പ്രയാസങ്ങള്‍ വിവരിച്ചും ഫോട്ടോകള്‍ അയച്ചും സുല്‍ത്താന സുഹൃത്തുക്കളുമായി നടത്തിയ ആശയവിനിമയത്തോടെയാണ് തൊഴില്‍ തട്ടിപ്പ് പുറത്തറിഞ്ഞത്. സുല്‍ത്താനക്ക് പുറമെ ഫിലിപ്പീന്‍സ്, ഇത്യോപ്യ, എന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് തടവിലാക്കപ്പെട്ടിരുന്നത്. വീട്ടിലെ കടുത്ത ദാരിദ്രത്തില്‍ നിന്ന് കരകയറനാണ് യുവതി യു എ ഇയില്‍ ജാലിക്കായി വന്നത് എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ആശ്വാസമായി എത്തുന്നവര്‍ പലപ്പോഴും ഏജന്‍സിയുടെ ചതിയില്‍പെടുന്നത് പതിവായിട്ടുണ്ട്.

തൊഴില്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കാത്തതും പരിസരത്തുള്ളവരോട് ആശയവിനിമയം നടത്താത്തതുമാണ് ചതിയില്‍പെടാന്‍ കാരണമാകുന്നതെന്ന് അബുദാബിയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ എം എം നാസര്‍ പറയുന്നു.
കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ആശയ വിനിമയം നടത്താന്‍ നിരവധി വഴികളുണ്ട്. എന്നാല്‍ മോഹന വാഗ്ധാനങ്ങളില്‍ അകപ്പെട്ട് പലരും ഇതിന് തയ്യാറാകാറില്ല, ചതിയില്‍ പെടുന്നതിന് മുമ്പ് ആശയവിനിമയം നടത്തിയിരുന്നെങ്കില്‍ പലരും ചതിയില്‍ പെടില്ലായിരുന്നു.
യു എ ഇ യിലെ ഏജന്‍സികള്‍, കമ്പനികള്‍ എന്നിവയെക്കുറിച്ചു വെബ് പോര്‍ട്ടലുകളില്‍ വിശദമായി വിവരിക്കുന്നുണ്ട്.

വിദേശ യാത്ര സംബന്ധിച്ച് സര്‍ക്കാര്‍ ആവര്‍ത്തിച്ചു ബോധവല്‍ക്കരണം നടത്തിയിട്ടും ആരും ഇത് ശ്രദ്ധിക്കാറില്ല അദ്ദേഹം വ്യക്തമാക്കി. തൊഴില്‍ തട്ടിപ്പിനെകുറിച്ച് ബോധവല്‍കരണം ശക്തമാക്കണമെന്ന് യു എ ഇ എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ പ്രസിഡണ്ട് വൈ സുധീര്‍ കുമാര്‍ ഷെട്ടി ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ബോധവത്കരണ സന്ദേശം പ്രാദേശിക ഭാഷയില്‍ പ്രചരിപ്പിക്കണം കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ചു തൊഴില്‍ തട്ടിപ്പ് കുറഞ്ഞു വരുന്നുണ്ടെങ്കിലും ബോധവല്‍കരണമില്ലാത്തതിനാല്‍ ഇപ്പോഴും പലരും തൊഴില്‍ തട്ടിപ്പിനിരയാകുന്നുണ്ട്.

കേന്ദ്ര സര്‍ക്കാര്‍, സ്ഥാനപതി കാര്യാലയ വെബ് സൈറ്റുകളില്‍ പ്രാദേശിക ഭാഷ ഉള്‍പെടുത്തിയാല്‍ തൊഴില്‍ തട്ടിപ്പിന് അറുതിവരുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ തട്ടിപ്പ് വിഷയം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.