ആര്‍ ടി എ 125 പുതിയ സ്‌കൂള്‍ ബസുകള്‍ നിരത്തിലിറക്കും

Posted on: August 13, 2017 7:15 pm | Last updated: August 13, 2017 at 7:12 pm

ദുബൈ: മധ്യവേനലവധി കഴിഞ്ഞ് അടുത്ത മാസം സ്‌കൂളുകള്‍ ആരംഭിക്കാനിരിക്കേ, 125 പുതിയ സ്‌കൂള്‍ ബസുകള്‍ ഒരുക്കിനിര്‍ത്താന്‍ ദുബൈ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ) തീരുമാനിച്ചു. ഡയറക്ടര്‍ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മതര്‍ അല്‍ തായറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ദുബൈ ടാക്‌സി കോര്‍പറേഷന്റെ (ഡി ടി സി) കീഴിലായിരിക്കും ബസുകള്‍.

കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ 7,000 വിദ്യാര്‍ഥികളാണ് ആര്‍ ടി എയുടെ സ്‌കൂള്‍ ബസ് സേവനം ഉപയോഗപ്പെടുത്തിയത്. ഇത്തവണ വിദ്യാര്‍ഥികളുടെ എണ്ണം 10,000ത്തിലേക്കെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഉയര്‍ന്ന ആഗോള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സ്‌കൂള്‍ ബസുകളാണ് പുറത്തിറക്കുന്നതെന്ന് മതര്‍ അല്‍ തായര്‍ പറഞ്ഞു. 95 ബസുകള്‍ 22 സീറ്റുള്ളവയും 20 ബസുകള്‍ 58 സീറ്റുള്ളവയും 10 എണ്ണം 35 സീറ്റോടുകൂടിയുള്ളതുമാകും.

ബസിന്റെ അകംവശം മേന്മയേറിയതും ഡീലക്‌സ് സീറ്റുകളുള്ളതുമാണ്. വിദ്യാര്‍ഥികളെ നിരീക്ഷിക്കാന്‍ ബസില്‍ സുരക്ഷാ ക്യാമറകളുമുണ്ടാകും. അടിയന്തര ഘട്ടത്തില്‍ കണ്‍ട്രോള്‍ സെന്ററുമായി ബന്ധപ്പെടാന്‍ എമര്‍ജന്‍സി ബട്ടണ്‍, ജി പി എസ് സംവിധാനം, റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍, ഓട്ടോമേറ്റഡ് എന്‍ജിന്‍ ഫയര്‍ സപ്രഷന്‍ സിസ്റ്റം എന്നിവയും ബസിന്റെ സവിശേഷതയാണ്. അതേസമയം പുതിയ ബസുകളുടെ മോഡല്‍ ഏതാണെന്ന കാര്യം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
294,000 സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ദുബൈയില്‍ നിലവിലുള്ളത്. 5,922 സ്‌കൂള്‍ ബസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2020ഓടെ ബസുകള്‍ 7,600 ആകും. 2030 ആകുമ്പോള്‍ ബസുകളുടെ എണ്ണം 14,400ലെത്തും. 2024ഓടെ ദുബൈ ടാക്‌സി കോര്‍പറേഷന് കീഴിലുള്ള സ്‌കൂള്‍ ബസുകള്‍ 650 ആക്കി ഉയര്‍ത്തും.