ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ മണ്ണിടിച്ചില്‍; മരണം 46ആയി

Posted on: August 13, 2017 10:10 pm | Last updated: August 14, 2017 at 9:11 am

സിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 46 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

മാണ്ഡി പത്താന്‍കാട്ട് ഹൈവേയില്‍ ഹിമാചല്‍ പ്രദേശ് റോഡ് വേസിന്റെ രണ്ട് ബസുകള്‍ മണ്ണിനടിയിലായി. ബസുകളില്‍ 50 ലേരെ യാത്രക്കാരുടെണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മേഘ വിസ്‌ഫോടനത്തെ തുടര്‍ന്നാണ് കനത്ത മണ്ണിടിച്ചിലുണ്ടായത്. 45 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മാണ്ഡ്യ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സന്ദീപ് കദം പറഞ്ഞു.

ഞായറാഴ്ച രാത്രിയോടെ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ വീണ്ടും തുടങ്ങും. ദേശീയ ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

മുഖ്യമന്ത്രി വീരഭദ്രസിങ് സംഭവ സ്ഥലം സന്ദര്‍ശിച്ചു. കാണാതായവരില്‍ അവസാനത്തെയാളെ വരെ കണ്ടത്തുംവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ കൗള്‍സിംഗ് ഠാക്കൂര്‍,ജിഎസ് ബാലി എന്നിവര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു.