മദ്‌റസാ സര്‍ക്കുലറും റോഹിംഗ്യാ മുസ്‌ലിംകളും

തല്ലിക്കൊല്ലലും ആട്ടിയോടിക്കലും അകറ്റി നിര്‍ത്തലും ദേശസ്‌നേഹ സന്ദേഹങ്ങളും യുദ്ധോത്സുകതയും ദളിത് വിരുദ്ധതയുമെല്ലാം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗങ്ങളാണ്. ആ രാഷ്ട്രീയ പ്രയോഗത്തിന്റെ കാലത്ത് നാസിസത്തിന്റെ സ്തുതിപാഠകര്‍ ജൂതരാഷ്ട്രവുമായി സഖ്യം സ്ഥാപിക്കും. ചാതുര്‍വര്‍ണ്യത്തെയും അന്യമതദ്വേഷത്തെയും അതിശക്തമായി നിരാകരിക്കുകയും മനുഷ്യന്റെ അടിസ്ഥാനപരമായ സങ്കടങ്ങള്‍ക്ക് പരിഹാരം തേടി അലയുകയും ചെയ്ത ശ്രീ ബുദ്ധന്റെ പിന്‍മുറ അവകാശപ്പെടുന്നവര്‍ ഹിന്ദുത്വ സംഘങ്ങളെ മാതൃകയാക്കും. മ്യാന്‍മറിലെ ബുദ്ധതീവ്രവാദികളുടെ ഇംഗിതം ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പാക്കും. അഷിന്‍ വിരാതുവിന്റെയും യോഗി ആദിത്യനാഥിന്റെയും കാഷായ വേഷം ഒരേ നൂലില്‍ നെയ്‌തെടുത്തതാകും.
Posted on: August 13, 2017 7:35 am | Last updated: August 12, 2017 at 11:40 pm
SHARE

ഏത് തരം ദേശീയതയും അതിന്റെ തീവ്രമായ അവസ്ഥയില്‍ ആട്ടിയോടിക്കലിലാണ് കലാശിക്കുക. അത് അന്യരെ സൃഷ്ടിച്ചു കൊണ്ടേയിരിക്കും. അകത്തും പുറത്തും ശത്രുക്കളെ കണ്ടെത്തും. അകത്തുള്ളവരില്‍ ചിലരെ ദേശീയധാരയില്‍ നിന്ന് പുറത്താക്കും. പുറത്ത് നിന്ന് വരുന്നവരെ അക്ഷരാര്‍ഥത്തില്‍ തിരിച്ചയക്കും. വംശ വിശുദ്ധിയാണ് അക്രമാസക്ത ദേശീയതയുടെ ആത്യന്തിക ലക്ഷ്യം. ചരിത്രത്തെയും പൈതൃകത്തെയും മൂല്യങ്ങളെയും ഒക്കെ അത് പൊളിച്ച് പണിയും. ഹിറ്റലര്‍ ജര്‍മനിയില്‍ അതാണ് നടപ്പാക്കിയത്. ഒരു സാമ്യവുമില്ലെന്ന് പ്രത്യക്ഷത്തില്‍ തോന്നാവുന്ന രണ്ട് സംഭവങ്ങളെ ആസ്പദമാക്കി ഇത് വിശദീകരിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. ഒന്നാമത്തേത്, ഉത്തര്‍ പ്രദേശിലെ മദ്‌റസകള്‍ക്ക് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നല്‍കിയ സ്വാതന്ത്ര്യദിനാഘോഷ സര്‍ക്കുലറാണ്. രണ്ടാമത്തേത്, ഇന്ത്യയില്‍ അഭയാര്‍ഥികളായി എത്തിയ റോഹിംഗ്യ മുസ്‌ലിംകളെ തിരിച്ചയക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനവും.

രാജ്യം രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വര്‍ഷം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അവിടുത്തെ മദ്‌റസകള്‍ക്ക് നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നത് ദേശീയ ഗാനം ആലപിക്കുന്നതും ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതും ദേശസ്‌നേഹപരമായ സന്ദേശം നല്‍കുന്നതുമെല്ലാം വീഡിയോയില്‍ പകര്‍ത്തി സര്‍ക്കാറിന് സമര്‍പ്പിക്കണമെന്നാണ്. ഒരു ജനതയുടെ ദേശക്കൂറിനെ എങ്ങനെയാണ് സംശയത്തിന്റെ നിഴലിലേക്ക് തള്ളിവിടുന്നത് എന്നും അന്യവത്കരിക്കുന്നത് എന്നും അത്യന്തം ലളിതമായി അടയാളപ്പെടുത്തുന്നു ഈ ഉത്തരവ്. വളരെ നിര്‍ദോഷമാണ് ഈ നിര്‍ദേശം. സര്‍ക്കാര്‍ ഗ്രാന്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യദിനാഘോഷം സംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കുന്നതില്‍ എന്ത് തെറ്റാണുള്ളത്? അസ്വീകാര്യമായ എന്തെങ്കിലും നിര്‍ദേശം ആ സര്‍ക്കുലറില്‍ ഉണ്ടോ? നിഷ്‌കളങ്കമായ ചോദ്യങ്ങളുടെ പത്മവ്യൂഹത്തില്‍ പെട്ട് ഒടുങ്ങാന്‍ മാത്രമാണ് യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ഈ സര്‍ക്കുലറിനെ തുറന്ന് കാണിക്കാന്‍ ശ്രമിക്കുന്നവരുടെ വിധി. അതേ യു പിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 300 കുട്ടികള്‍ പിടഞ്ഞ് മരിച്ചിട്ടും ദേശീയ ചാനലുകള്‍ എന്ന് വിളിക്കപ്പെടുന്ന മാധ്യമങ്ങള്‍ അന്തിച്ചര്‍ച്ചക്ക് മദ്‌റസയില്‍ തന്നെ പിടിച്ചു തൂങ്ങുന്നത് അത്‌കൊണ്ടാണ്. ഇതല്ലല്ലോ ഇന്ന് ചര്‍ച്ച ചെയ്യേണ്ടത് എന്ന് ചോദിക്കുന്നവനെ അടിച്ചിരുത്താന്‍ അവതാരക അവതാരങ്ങള്‍ക്ക് സാധിക്കുന്നതും ദേശീയത അത്രമേല്‍ കത്തി നില്‍ക്കുന്നത് കൊണ്ടാണ്. മദ്‌റസകളില്‍ എന്നല്ല, ഇന്ത്യയിലെ മുഴുവന്‍ ഇടങ്ങളിലെ പൗരന്‍മാരും സ്വാഭാവികമായി ജനാധിപത്യത്തിന്റെ മഹത്തായ ആഘോഷത്തില്‍ പങ്കു ചേരുന്നവരാണ്. പൗരത്വത്തിന്റെ പ്രാഥമികമായ ആവിഷ്‌കാരങ്ങളാണ് ദേശീയഗാനമടക്കമുള്ള സൂചകങ്ങള്‍. അങ്ങനെയായിരിക്കെ, നിങ്ങളത് ചൊല്ലിയെന്നതിന് തെളിവ് വേണമെന്ന് ഭരണകൂടം ശഠിക്കുന്നത് നിങ്ങളെ വിശ്വാസമില്ലാത്തത് കൊണ്ടാണ്. ഈ വിശ്വാസമില്ലായ്മ ഇന്ത്യന്‍ ദേശീയതയെ വല്ലാതെ ചുരുക്കിക്കളയുന്നുണ്ട്.

ചുരുങ്ങലല്ല, വിശാലമാകലാണ് ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാന ശക്തി. കേട്ട മാത്രയില്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കേണ്ട ദേശീയ ഗാനത്തില്‍ പഞ്ചാബ്, സിന്ധ്, ഗുജറാത്ത്, മറാഠ എന്നാണ് ചൊല്ലുന്നത്. ആ സിന്ധ് ഇന്ന് ഇന്ത്യയിലില്ല. ദേശീയ അഭിമാനങ്ങളും സാംസ്‌കാരിക വികാസത്തിന്റെ അടയാളങ്ങളുമായ ഹാരപ്പയും മോഹന്‍ജദാരോയും ഏറ്റവും ഒടുവില്‍ വരച്ച അതിര്‍ത്തിക്കകത്തില്ല. ദേശീയതയല്ല എന്റെ ആത്മീയ ആശ്രയമെന്ന് പ്രഖ്യാപിച്ചയാളാണ് ദേശീയ ഗാനമെഴുതിയ രവീന്ദ്ര നാഥ ടോഗോര്‍. ദേശീയത ഒരു ശല്യകാരിയായ ആശയമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മാനവികതക്കായുള്ള എന്റെ അന്വേഷണങ്ങള്‍ക്ക് ദേശീയത ഒരു തടസ്സമാകുമെന്ന് കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതിരുകളില്ലാതെ മാനവികത ഉദ്‌ഘോഷിക്കപ്പെടുന്ന, ഉയര്‍ത്തിപ്പിടിച്ച ശിരസ്സും നിര്‍ഭയമായ മനസ്സുമുള്ള വിതാനത്തിലേക്ക് എന്റെ രാജ്യത്തെ ഉയര്‍ത്തേണമേ എന്നാണ് അദ്ദേഹം പ്രാര്‍ഥിച്ചത്. വിശ്വഭാരതിയെന്നാണ് അദ്ദേഹം സര്‍വകലാശാലക്ക് പേര് നല്‍കിയത്. വിശ്വംഭവത്യേക നീഡം എന്നാണ് അതില്‍ എഴുതിവെച്ചത്. ലോകത്തെ ഒരു പക്ഷിക്കൂടായി കാണുകയെന്ന ആനന്ദം. (സുനില്‍ പി ഇളയിടത്തോട് കടപ്പാട്) അതിരുകള്‍ മായ്ച്ച് കളഞ്ഞ് മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കണമെന്ന് വീറോടെ വാദിച്ച രവീന്ദ്രനാഥ് ടോഗോറിന്റെ രചനയെ ദേശീയഗാനമായി കൊണ്ടാടുന്ന ഈ രാജ്യം അതിര്‍ത്തികള്‍ വരച്ചു കൊണ്ടേയിരിക്കുകയാണ്. അതിര്‍ത്തി കാക്കാന്‍ കൂടുതല്‍ കൂടുതല്‍ സൈന്യത്തെ സജ്ജമാക്കിക്കൊണ്ടിരിക്കുന്ന രാജ്യം അകത്ത് പുതിയ പുതിയ അതിര്‍ത്തികള്‍ പണിതു കൊണ്ടിരിക്കുന്നു. സംശയത്തിന്റെ തടവറകകളില്‍ ആളുകളെ പൂട്ടിയിടുന്നു. പൗരത്വത്തിന്റെ എല്ലാ പരിരക്ഷകളില്‍ നിന്നും ആട്ടിയോടിച്ച് മനുഷ്യരെ തല്ലിക്കൊല്ലുന്നു. ദേശീയതയെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങളാണ് ഇവ ഉയര്‍ത്തുന്നത്. ഈ ചോദ്യങ്ങള്‍ ചോദിച്ചാല്‍ ആ നിമിഷം മുതല്‍ നിങ്ങള്‍ രാജ്യദ്രോഹികളാകും.

അതിനേക്കാള്‍ ഗുരുതരമാണ് മൂല്യങ്ങളില്‍ നിന്നുള്ള തിരിഞ്ഞ് നടത്തങ്ങള്‍. രാജ്യത്തിന്റെ ദേശീയത ഏഴ് പതിറ്റാണ്ട് മുമ്പ് മാത്രം വരക്കപ്പെട്ട അതിര്‍ത്തി രേഖയില്‍ തളം കെട്ടി നില്‍ക്കുന്ന ഒന്നല്ല. അത് ആ രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ ആകെത്തുകയാണ്. അത്തരം മൂല്യങ്ങളാണ് വൈദേശിക ശക്തികളോട് പൊരുതാന്‍ ഈ ജനതക്ക് ശക്തി പകര്‍ന്നത്. ഉള്‍ക്കൊള്ളലിന്റെയും ബഹുസ്വരതയുടെയും ആശ്രയമാകലിന്റെയും ഉന്നത മൂല്യങ്ങളാണ് ഇന്ത്യന്‍ ദേശീയതയുടെ കൊടിയടയാളങ്ങള്‍. 1857ലെ ഒന്നാം സ്വതന്ത്യ സമരത്തിന് ശേഷം വിപ്ലവകാരികള്‍ വാഴിച്ചത് ബഹദൂര്‍ഷാ രണ്ടാമനെയായിരുന്നു. ഇന്ത്യന്‍ ദേശീയ സമരത്തിലെ പ്രധാനപ്പെട്ട ഒരു അധ്യായം ഖിലാഫത്ത് പ്രസ്ഥാനമായിരുന്നുവല്ലോ. തുര്‍ക്കി കേന്ദ്രമായി പ്രവര്‍ത്തിച്ച ഇസ്‌ലാമിക ഖിലാഫത്തിന്റെ തകര്‍ച്ചയില്‍ ഇന്ത്യക്ക് സമരഭരിതമാകാന്‍ സാധിച്ചു. ഫലസ്തീന്‍ സ്വാതന്ത്ര്യ പോരാട്ടത്തെ സ്വതന്ത്ര ഇന്ത്യ എക്കാലവും പിന്തുണച്ച് പോന്നിരുന്നു. കരാണം, ലോകത്തെവിടെയായാലും പീഡിത സമൂഹത്തോടൊപ്പം നില്‍ക്കുകയെന്നതാണ് യഥാര്‍ഥ ദേശീയ മൂല്യവിചാരം. ഇവിടെയാണ് അഭയം തേടിയെത്തിയ റോഹിംഗ്യാ മുസ്‌ലിംകളെ കൊലക്ക് കൊടുക്കാന്‍ ഇന്ത്യ തീരുമാനിക്കുന്നതിലെ മൂല്യനിരാസം ചര്‍ച്ചയാകേണ്ടത്.
ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന മ്യാന്‍മര്‍ പ്രവിശ്യയായ രാഖിനെയില്‍ പരമ്പരാഗതമായി വസിക്കുന്ന മുസ്‌ലിം വിഭാഗമാണ് റോഹിംഗ്യകള്‍. ഇവര്‍ക്ക് മ്യാന്‍മര്‍ ഭരണകൂടം പൗരത്വം വകവെച്ചു കൊടുക്കുന്നില്ല. സഞ്ചാര സ്വാതന്ത്ര്യമില്ല. കുട്ടികളെ പഠിപ്പിക്കാന്‍ സാധിക്കില്ല. ബംഗ്ലാദേശികളാണ് ഇവരെന്ന് സര്‍ക്കാര്‍ മുദ്ര കുത്തുന്നു. പ്രവിശ്യയിലെ ഭൂരിപക്ഷ വിഭാഗം അരാകന്‍ വംശജരായ ബുദ്ധമതക്കാരാണ്. അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ് ഇവര്‍ പുറത്തെടുക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയ ആട്ടിയോടിക്കല്‍ സാക്ഷാല്‍ ആംഗ്‌സാന്‍ സൂക്കി ഭരണാധികാരിയായിട്ടും തുടരുകയാണ്. 1982ലെ പൗരത്വ നിയമമാണ് റോഹിംഗ്യന്‍ മുസ്‌ലിംകളെ പൂര്‍ണമായി പുറത്ത് നിര്‍ത്തിയത്. ഇത് മാറ്റെയെഴുതാന്‍ യു എന്നടക്കം സമ്മര്‍ദം ചെലുത്തിയിട്ടും ഭൂരിപക്ഷത്തിന്റെ നേതാവായി മാറിക്കഴിഞ്ഞ സൂക്കി വഴങ്ങിയിട്ടില്ല. അക്രമവും ഒറ്റപ്പെടുത്തലും ദാരിദ്ര്യവും അസഹ്യമാകുമ്പോള്‍ ചിലര്‍ പലായനത്തിന് മുതിരും. ലോകത്തെ ഏറ്റവും അപകടകരമായ പലായനമാണ് ഇത്. എത്തിയാലെത്തി, അല്ലെങ്കില്‍ കടലിലൊടുങ്ങും. എത്തിയടത്ത് നിന്ന് ആട്ടിയോടിച്ചാല്‍ പിന്നെയും കടല്‍. ‘ഭൂമുഖത്ത് ഏറ്റവും ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷം’ എന്നാണ് റോഹിംഗ്യന്‍ മുസ്‌ലിംകളെ ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ചത്. 20 ലക്ഷത്തോളം വരുന്ന ആ ജനതയില്‍ പകുതിയിലേറെ പേരും, ഏതാണ്ട് 12 ലക്ഷത്തോളം, ഇതിനകം അഭയാര്‍ഥികളായി കഴിഞ്ഞു. സഊദി അറേബ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മലേഷ്യ, തായ്‌ലാന്‍ഡ്, ഇന്ത്യ എന്നിവിടങ്ങളിലായി ഇവര്‍ കഴിയുന്നു. മ്യാന്‍മറില്‍ ആര്‍ എസ് എസിന്റെ ഛായയുള്ള സംഘടനയുടെ നേതാവ് അഷിന്‍ വിരാതുവാണ് ആട്ടിയോടിക്കലിനും ആക്രമണങ്ങള്‍ക്കും ഊര്‍ജം പകരുന്നത്. ബുദ്ധഭിക്ഷുവിന്റെ വേഷം ധരിച്ച ഇയാള്‍ ചോദിക്കുന്നു: ‘നമുക്ക് ദയാപരന്‍മാരും സ്‌നേഹമയികളുമാകാം. എന്നാല്‍ എങ്ങനെ ഒരു ഭ്രാന്തന്‍ നായയുടെ അടുത്ത് കിടന്നുറങ്ങും?’
ഈ ചോദ്യം കാതില്‍ മുഴങ്ങുന്നത് കൊണ്ടാണ് ‘ഇന്ത്യ വിട്ടില്ലെങ്കില്‍ ജയിലിലടക്കു’മെന്ന് പറയുമ്പോള്‍ അതാണ് നല്ലതെന്ന് റോഹിംഗ്യന്‍ മുസ്‌ലിംകള്‍ ഉത്തരം നല്‍കുന്നത്. ‘അല്ലെങ്കില്‍ ഞങ്ങളെ സ്രാവിന്‍ കൂട്ടത്തിന് എറിഞ്ഞ് കൊടുക്കൂ. അവിടെ തീരുമല്ലോ എല്ലാം’ ഇങ്ങനെ വിലപിക്കുന്ന നിസ്വരായ മനുഷ്യരെയാണ് മഹത്തായ ജനാധിപത്യരാജ്യം പിടികൂടി തിരിച്ചയക്കുന്നത്. ഭരണകൂടത്തിന് അതിനുള്ള അധികാരമുണ്ട്. യോഗി ആദിത്യനാഥിന് മദ്‌റസാ സര്‍ക്കുലിറക്കാന്‍ അധികാരമുള്ളത് പോലെ. ബംഗ്ലാദേശ് സൈന്യത്തെ ആക്രമിച്ച തീവ്രവാദി സംഘത്തില്‍ റോഹിംഗ്യാ മുസ്‌ലികള്‍ ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട് ഉപയോഗിച്ച് ഈ മനുഷ്യരെ ഒന്നാകെ സുരക്ഷാ പ്രശ്‌നമായി അവതരിപ്പിക്കുകയും ചെയ്യാം. ജമ്മു കശ്മീര്‍, ഉത്തര്‍ പ്രദേശ്, ഹരിയാന, ഡല്‍ഹി, ആന്ധ്രാ പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലായി കഴിയുന്ന 40,000ത്തിലധികം റോഹിംഗ്യന്‍ അഭയാര്‍ഥികളില്‍ 14,000 പേര്‍ മാത്രമേ യു എന്‍ അഭയാര്‍ഥി ഏജന്‍സിയില്‍ റജിസ്റ്റര്‍ ചെയിതട്ടുള്ളൂ എന്ന ന്യായവും ഉയര്‍ത്താം. കുറച്ച് കൂടി കടന്ന് അഭയാര്‍ഥികള്‍ക്കായുള്ള യു എന്‍ കണ്‍വെന്‍ഷനില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടില്ലല്ലോ എന്നും പറയാം.

പക്ഷേ യഥാര്‍ഥ ചോദ്യം ഇന്ത്യന്‍ ദേശീയ മൂല്യത്തെ സംബന്ധിച്ചുള്ളതാണ്. അഭയാര്‍ഥികളായ മനുഷ്യരോട് ഇന്ത്യ സ്വീകരിക്കേണ്ട സമീപനമെന്താണ്? എന്താണ് ഇന്ത്യയുടെ പാരമ്പര്യം? ബംഗ്ലാദേശ് ജനതക്ക് മേല്‍ പാക് അതിക്രമം ഫണം വിടര്‍ത്തിയാടിയപ്പോള്‍ എല്ലാ അര്‍ഥത്തിലും അഭയമൊരുക്കിയ ഇന്ദിരാഗന്ധിയുടെ പാരമ്പര്യമുണ്ട്. അതില്‍ എന്തെല്ലാം രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെങ്കിലും മനുഷ്യത്വപരമായ തലം അതിനുണ്ടായിരുന്നു. അഭയമേകലില്‍ പോലും വര്‍ഗീയ വിവേചനം കാണിക്കുന്ന പാരമ്പര്യം ഇന്ത്യക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. അഫ്ഗാനില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും എത്തുന്ന ഹിന്ദു കുടിയേറ്റക്കാര്‍ക്ക് ഉടനടി പൗരത്വ രേഖകള്‍ സമ്മാനിക്കാന്‍ ഒരു അതിര്‍ത്തിയും തടസ്സമാകുന്നില്ലല്ലോ.
ഇനി യു എന്‍ അഭയാര്‍ഥി കണ്‍വെന്‍ഷനാണ് നോക്കുന്നതെങ്കില്‍, കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ചാലും ഇല്ലെങ്കിലും ഒരു രാജ്യം പാലിക്കേണ്ട പ്രാഥമിക അന്താരാഷ്ട്ര വ്യവസ്ഥയുണ്ട്. അഭയാര്‍ഥികള്‍ തിരിച്ചയക്കപ്പെടുന്നത് അപകടകരമായ സാഹചര്യത്തിലേക്കാണെങ്കില്‍ അത് അനുവദനീയമല്ലെന്നാണ് ചട്ടം. റോഹിംഗ്യന്‍ മുസ്‌ലിംകളെ കാത്തിരിക്കുന്നതെന്താണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ എമ്പാടുമുണ്ട്. അവയിലേതിനെ ആധാരമാക്കിയാലും ഇന്ത്യ ചെയ്യുന്നത് നിയമവിരുദ്ധമായ നടപടിയാണെന്ന് വ്യക്തമാകും.

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ദക്ഷിണേഷ്യന്‍ ഡയറക്ടര്‍ മീനാക്ഷി ഗാംഗുലി ഉയര്‍ത്തുന്ന വിമര്‍ശം ഏറെ പ്രസക്തമാണ്. ഇന്ത്യയില്‍ നിന്ന് ഇതല്ല ലോകം പ്രതീക്ഷിക്കുന്നതെന്ന് അവര്‍ പറയുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യ തേടേണ്ടത് കേവലമായ കയറ്റി അയക്കലിന്റെ സാധ്യതയല്ല. മറിച്ച് ഈ മനുഷ്യര്‍ക്ക് സമാധാനപരമായ ജീവത സാഹചര്യമൊരുക്കാന്‍ മ്യാന്‍മര്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുകയാണ് ചെയ്യേണ്ടതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. യു എന്‍ സ്ഥിരാംഗത്വത്തിനായി കിണഞ്ഞു ശ്രമിക്കുന്ന ഇന്ത്യ കൃത്യമായ അഭയാര്‍ഥി നയമില്ലാത്ത വിരലിലെണ്ണാവുന്ന രാജ്യങ്ങളുടെ പട്ടികയിലാണെന്നത് അത്യന്തം നാണക്കേടാണ്. യു എന്‍ റഫ്യൂജി കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ചില്ലെന്നത് സൗകര്യമായല്ല, അഭിമാനക്ഷതമായാണ് കാണേണ്ടത്.
തല്ലിക്കൊല്ലലും ആട്ടിയോടിക്കലും അകറ്റി നിര്‍ത്തലും ദേശസ്‌നേഹ സന്ദേഹങ്ങളും യുദ്ധോത്സുകതയും ദളിത് വിരുദ്ധതയുമെല്ലാം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗങ്ങളാണ്. ആ രാഷ്ട്രീയ പ്രയോഗത്തിന്റെ കാലത്ത് നാസിസത്തിന്റെ സ്തുതിപാഠകര്‍ ജൂതരാഷ്ട്രവുമായി സഖ്യം സ്ഥാപിക്കും. ചാതുര്‍വര്‍ണ്യത്തെയും അന്യമതദ്വേഷത്തെയും അതിശക്തമായി നിരാകരിക്കുകയും മനുഷ്യന്റെ അടിസ്ഥാനപരമായ സങ്കടങ്ങള്‍ക്ക് പരിഹാരം തേടി അലയുകയും ചെയ്ത ശ്രീ ബുദ്ധന്റെ പിന്‍മുറ അവകാശപ്പെടുന്നവര്‍ ഹിന്ദുത്വ സംഘങ്ങളെ മാതൃകയാക്കും. മ്യാന്‍മറിലെ ബുദ്ധതീവ്രവാദികളുടെ ഇംഗിതം ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പാക്കും. അഷിന്‍ വിരാതുവിന്റെയും യോഗി ആദിത്യനാഥിന്റെയും കാഷായ വേഷം ഒരേ നൂലില്‍ നെയ്‌തെടുത്തതാകും.