മേല്‍ക്കൈ നഷ്ടമാക്കി ഇന്ത്യ

Posted on: August 12, 2017 11:49 pm | Last updated: August 12, 2017 at 11:49 pm

കാന്‍ഡി: ശിഖര്‍ ധവാന്റെ ബാറ്റില്‍ നിന്ന് റണ്ണൊഴുക്ക് നിലയ്ക്കുന്നില്ല. കരിയറിലെ ആറാം ടെസ്റ്റ് സെഞ്ച്വറിയുമായി ധവാന്‍ തിളങ്ങിയപ്പോള്‍ ലങ്കക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ തുടക്കം മികച്ചതായി. എന്നാല്‍, ആദ്യ ദിനം അവസാനിക്കുമ്പോള്‍ നില പരുങ്ങലിലാവുകയും ചെയ്തു.

ആറ് വിക്കറ്റിന് 329 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഓപണിംഗില്‍ ശിഖര്‍ ധവാന്‍ (119) – ലോകേഷ് രാഹുല്‍ (85) സഖ്യം 188 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. നാല്‍പതാം ഓവറില്‍ രാഹുല്‍ പുറത്തായതിന് പിന്നാലെ ധവാനും മടങ്ങി. വിശ്വസ്ത ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാര എട്ട് റണ്‍സിന് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ വിരാട് അര്‍ധസെഞ്ച്വറിക്കരികില്‍ (42) വീണു. അജിങ്ക്യ രഹാനെ (17), ആര്‍ അശ്വിന്‍ (31), വൃഥിമാന്‍ സാഹ (13 നോട്ടൗട്ട്), ഹര്‍ദിക് പാണ്ഡ്യ (1) എന്നിവരാണ് ക്രീസിലുള്ളത്.
സണ്ടകന്‍, പുഷ്പകുമാര രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഫെര്‍നാണ്ടോക്ക് ഒരു വിക്കറ്റ്.

ശിഖര്‍ ധവാന്‍ ഷോ..

ഫാസ്റ്റ് ബൗളര്‍ വിശ്വ ഫെര്‍നാണ്ടോയുടെ തീ പാറുന്ന പന്തുകള്‍ ശിഖര്‍ ധവാനെ തുടക്കത്തില്‍ ഒന്ന് അസ്വസ്ഥനാക്കി. ഏത് നിമിഷവും സ്ലിപ്പില്‍ ക്യാച്ചായേക്കുമെന്ന തോന്നലുളവാക്കി. എന്നാല്‍, എട്ട് ഫോറുകളുമായി നാലാം ടെസ്റ്റ് ഫിഫ്റ്റിയുമായി ധവാന്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിന് അടിത്തറ പാകി. രാഹുല്‍ പുറത്തായിട്ടും ധവാന്റെ ബാറ്റില്‍ നിന്ന് റണ്ണൊഴുക്കുണ്ടായി. കരിയറിലെ ആറാം സെഞ്ച്വറിയും ഇതിനിടെ ധവാന്‍ സ്വന്തമാക്കി. 123 പന്തുകളില്‍ നിന്ന് 119 റണ്‍സടിച്ച ധവാനെ പുഷ്പകുമാരയാണ് പുറത്താക്കിയത്. നാല്‍പതാം ഓവറിലായിരുന്നു ഇത്. ഇരുപത്തിയാറാം ടെസ്റ്റ് കളിക്കുന്ന ധവാന്‍ ഈ പരമ്പരയിലെ രണ്ടാം സെഞ്ച്വറിയാണ് നേടിയത്. ഇന്ത്യ ജയിച്ച ഗാലെ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിലും ധവാന്‍ സെഞ്ച്വറി നേടി (190).

രാഹുലിന്റെ
സ്ഥിരത..

അവസാനം കളിച്ച ആറ് ഇന്നിംഗ്‌സിലും ലോകേഷ് രാഹുല്‍ അര്‍ധസെഞ്ച്വറി നേടി. 64, 51, 90, 67, 51*, 60, 54, 57 എന്നിങ്ങനെയാണ് രാഹുലിന്റെ കഴിഞ്ഞ ആറ് ഇന്നിംഗ്‌സുകള്‍. ഇതാകട്ടെ ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോര്‍ഡാവുകയും ചെയ്തു.

പുജാരയുടെ
പുറത്താകല്‍…

പുജാരയുടെ പുറത്താകലോടെയാണ് ഇന്ത്യക്ക് മത്സരത്തിലുണ്ടായ ആധിപത്യം പൊടുന്നനെ നഷ്ടമായത്. ഉച്ചഭക്ഷണത്തിന് ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടമായി. ക്യാപ്റ്റന്‍ വിരാട് 84 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ രഹാനെ 48 പന്തില്‍ നിന്ന് പതിനേഴ് റണ്‍സാണെടുത്തത്. അശ്വിന്‍ 75 പന്തില്‍ നിന്ന് 31 റണ്‍സെടുത്തു.
പതിനെട്ട് ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ പുഷ്പകുമാരയാണ് ഇന്ത്യയെ ആറ് വിക്കറ്റിലേക്ക് ചുരുട്ടിക്കൂട്ടിയത്. ആദ്യ രണ്ട് ടെസ്റ്റും ജയിച്ച ഇന്ത്യ ഇതിനകം പരമ്പരസ്വന്തമാക്കിയിട്ടുണ്ട്.