ഭാഷാ കാര്‍ഡിറക്കി കര്‍ണാടക; എല്ലാം കന്നഡ മയം

Posted on: August 12, 2017 11:46 pm | Last updated: August 12, 2017 at 11:46 pm

ബി ജെ പിയുടെ കര്‍ണാടക സ്വപ്‌നങ്ങള്‍ അരിഞ്ഞു വീഴ്ത്താന്‍ ഏത് തന്ത്രവും പുറത്തെടുക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. അതില്‍ പലതും ജനങ്ങളെ വളരെയേറെ ആകര്‍ഷിക്കുന്നതും സ്വാധീനിക്കുന്നതുമാണ്. ഭാഷാ ഉത്കൃഷ്ടതാ വാദമാണ് ഈ ദിശയിലേക്കുള്ള ഏറ്റവും പുതിയ തുരുപ്പ് ചീട്ട്. പൊതുമേഖലാസ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഉള്‍പ്പെടെ എല്ലാ തൊഴില്‍ കേന്ദ്രങ്ങളിലും കന്നഡ ഭാഷ നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുകയാണ് സര്‍ക്കാര്‍. കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെയാണ് സര്‍ക്കാര്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. പ്രസ്തുത തീരുമാനം മലയാളികള്‍ ഉള്‍പ്പെടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തി ജോലി ചെയ്യുന്ന വലിയൊരു വിഭാഗം ആളുകള്‍ക്ക് തിരിച്ചടിയാകുമെന്നുറപ്പാണ്. പൊതുമേഖലാ ബേങ്കുകളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആറ് മാസത്തിനകം കന്നഡ പഠിക്കണമെന്നും അല്ലാത്തവരെ ജോലിയില്‍ നിന്നൊഴിവാക്കുമെന്നുമാണ് കെ ഡി എ പുറപ്പെടുവിച്ച പുതിയ നിര്‍ദേശം. ബേങ്ക് ജീവനക്കാര്‍ക്ക് കന്നഡ ഭാഷ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് കന്നഡ വികസന അതോറിറ്റി കഴിഞ്ഞ ദിവസമാണ് രംഗത്ത് വന്നത്. സംസ്ഥാനത്തെ പൊതുമേഖലാ ബേങ്കുകളില്‍ ജോലി ചെയ്യുന്നവരില്‍ 16 ശതമാനം പേര്‍ക്ക് കന്നഡ അറിയില്ലെന്ന കണ്ടെത്തലാണ് കെ ഡി എ യെ കര്‍ശന നടപടിക്ക് പ്രേരിപ്പിച്ചത്. ബേങ്കിന്റെ പ്രവര്‍ത്തനം സാധാരണക്കാര്‍ക്ക് പ്രയോജനം ചെയ്യണമെങ്കില്‍ ജീവനക്കാര്‍ കന്നഡ പഠിക്കണമെന്നും ആറ് മാസത്തിനകം ഭാഷ പഠിക്കാന്‍ കഴിയാത്തവരെ ജോലിയില്‍ നിന്നൊഴിവൊഴിക്കാന്‍ ബേങ്ക് മേധാവികളോട് ആവശ്യപ്പെടുമെന്നും കന്നഡ വികസന അതോറിറ്റി ചെയര്‍മാന്‍ എസ് ജി സിദ്ധരാമയ്യ പറഞ്ഞു.
ഈ ആവശ്യമുന്നയിച്ച് ബേങ്കിന് നോട്ടീസ് അയച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. കന്നഡ ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനും ജീവനക്കാരെ പഠിപ്പിക്കുന്നതിനും ബേങ്ക് പദ്ധതി തയ്യാറാക്കണം. ഗ്രാമീണ ബേങ്കുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പോലും ഭാഷ അറിയില്ലെന്നത് ഗുരുതരമായ പ്രശ്‌നമാണ്. അതോറിറ്റി ജീവനക്കാര്‍ ബേങ്ക് സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തുമെന്നും കന്നഡ അവഗണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു.
പ്രധാന പൊതുമേഖലാ ബേങ്കുകളിലെ ബോര്‍ഡുകളില്‍ ഹിന്ദി, ഇംഗ്ലീഷ്, കന്നഡ ഭാഷകളിലാണ് അറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ ഹിന്ദി ഒഴിവാക്കണമെന്ന ആവശ്യവുമുയര്‍ന്നിട്ടുണ്ട്. ബേങ്കുകളില്‍ നിന്ന് ഹിന്ദി ബോര്‍ഡുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബേങ്കുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം. ചെക്ക്, ചലാന്‍, മറ്റു ബേങ്ക് അപേക്ഷാഫോറങ്ങള്‍ എന്നിവയില്‍ കന്നഡ നിര്‍ബന്ധമാക്കണമെന്നും ആവശ്യപ്പെടുന്നു. ജീവനക്കാരെ നിയമിക്കുന്നതിനായി ബേങ്കുകള്‍ നടത്തുന്ന പരീക്ഷയുടെ മാധ്യമം കന്നഡയാക്കണമെന്നും കന്നഡ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്ത് ദിവസം കഴിയുന്തോറും കന്നഡ അനുകൂല വികാരം ശക്തമാവുകയാണ്.

കന്നഡിഗര്‍ക്കിടയില്‍ പ്രാദേശിക വികാരം ഉണര്‍ത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ സമീപനാളില്‍ വീഡിയോ പുറത്തുവിട്ടത് ഇതിന്റെ തെളിവാണ്. സ്‌കൂളുകളില്‍ കന്നഡ ഭാഷ നിര്‍ബന്ധമാക്കിയും മെട്രോ സ്‌റ്റേഷനുകളില്‍ നിന്ന് ഹിന്ദി ബോര്‍ഡ് നീക്കാന്‍ കേന്ദ്രത്തിന് കത്തയച്ചും തൊഴിലിടങ്ങളില്‍ സ്വദേശിവത്കരണത്തെ അനുകൂലിച്ചും കന്നഡ വികാരത്തിന് ഒപ്പം നില്‍ക്കുകയാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും. ഹിന്ദി വിരുദ്ധ പ്രക്ഷോഭം ശക്തമാക്കാന്‍ കന്നഡ സംഘടനകള്‍ നടത്തുന്ന നീക്കത്തിന് സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചതും ഇതിന്റെ ഭാഗമായാണ്. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്ന നീക്കത്തിനെതിരെ നടക്കുന്ന സമരം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും നീക്കം ആരംഭിച്ചിട്ടുണ്ട്.
മെട്രോ സ്‌റ്റേഷനുകളില്‍ ഹിന്ദി ബോര്‍ഡുകള്‍ നീക്കുന്നതിനായി നടന്ന സമരം വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ മേഖലകളിലേക്ക് സമരം വ്യാപിപ്പിക്കുന്നത്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമായി പഠിപ്പിക്കുന്നത് ഒഴിവാക്കാന്‍ കന്നഡ- ഇംഗ്ലീഷ് ഇരട്ട ഭാഷ നയം നടപ്പാക്കണമെന്നാണ് മറ്റൊരാവശ്യം. ഇതിനായി വരും ദിവസങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കന്നഡ സംഘടനകള്‍ അറിയിച്ചു. നിലവില്‍ ഹിന്ദി മൂന്നാം ഭാഷയായി വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കന്നഡ വികസന അതോറിറ്റി ചെയര്‍മാന്‍ ഡി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. നമ്മ മെട്രോയില്‍ കന്നഡക്കാരല്ലാത്ത എന്‍ജിനീയര്‍മാരെ നിയമിക്കരുതെന്നും കന്നഡ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
കര്‍ണാടകയിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബയോ ടെക്‌നോളജി മേഖലകളിലേതടക്കമുള്ള സ്വകാര്യ തൊഴില്‍ മേഖലകളില്‍ തദ്ദേശീയരായ കന്നഡിഗര്‍ക്ക് നൂറ് ശതമാനം തൊഴില്‍ സംവരണം ഉറപ്പാക്കാനും സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതി തൊഴില്‍ സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് നടപടികള്‍ക്ക് വേഗം കൈവന്നിരിക്കുന്നത്. സമിതിയുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മലയാളികളടക്കമുള്ള നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. കന്നഡിഗര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് 2015ലാണ് സര്‍ക്കാര്‍ 21 അംഗ സമിതിയെ നിയോഗിച്ചത്.

കന്നഡ വികസന അതോറിറ്റി ചെയര്‍മാന്‍ എസ് ജി സിദ്ധരാമയ്യയുടെ അധ്യക്ഷതയിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. സംവരണ നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനം നല്‍കുന്ന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് സ്വകാര്യ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ പ്രദേശവാസികള്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്താനുള്ള ബാധ്യത കമ്പനികള്‍ക്കുണ്ടെന്നും വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ണാടകത്തില്‍ ജനിച്ചവരെയും ചുരുങ്ങിയത് 15 വര്‍ഷം സംസ്ഥാനത്ത് താമസിക്കുന്നവരെയും കന്നഡിഗരായി കണക്കാക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. ജനങ്ങളുടെ മനസ്സറിഞ്ഞുള്ള ഈ നീക്കങ്ങള്‍ ബി ജെ പിയുടെ വര്‍ഗീയ ധ്രുവീകരണ തന്ത്രങ്ങളെ പ്രതിരോധിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അപ്പോള്‍ ഉയരുന്ന ചോദ്യമിതാണ്. ഇത്തരം ഭാഷാ വാദം ബെംഗളൂരു പോലുള്ള വന്‍ നഗരത്തിന് ഭൂഷണമോണോ? പുറത്ത് നിന്ന് വരുന്നവര്‍ എങ്ങനെയാണ് ഇതിനെ കാണുക?