തീര്‍ഥാടകരുടെ ലക്ഷ്യം സമൂഹത്തിന്റെ സുസ്ഥിതിയും ലോകസമാധാനവും: കാന്തപുരം

Posted on: August 12, 2017 11:33 pm | Last updated: August 12, 2017 at 11:33 pm

നെടുമ്പാശ്ശേരി: ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റയും പ്രതീകമായ ഹജ്ജ് അനുഷ്ഠാനത്തിലൂടെ തീര്‍ഥാടകര്‍ ലക്ഷ്യമിടേണ്ടത് സമൂഹത്തിന്റെ സുസ്ഥിതിയും ലോകത്തിന്റെ സമാധാനവുമാണെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. ഒപ്പം ബന്ധുമിത്രാദികളുടെയും, നാടിന്റെയും സമൂഹത്തിന്റെയും ആത്മീയവും ഭൗതീകവുമായ വളര്‍ച്ചയും ഹജ്ജ് തീര്‍ത്ഥാടകര്‍ ലക്ഷ്യമിടണമെന്നും കാന്തപുരം പറഞ്ഞു. നെടുമ്പാശേരിയില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിലുള്ള തീര്‍ഥാടകരുടെ ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുയായിരുന്നു അദ്ദേഹം.

സത്യവിശ്വാസിക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിക്കുന്നതിലൂടെ സൗഭാഗ്യങ്ങളുടെ കവാടമാണ് തുറക്കപ്പെടുന്നത്. ദേശ ഭാഷ വേഷ ഭേദമന്യെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് എത്തുന്ന വിശ്വാസികള്‍ ലാളിത്യത്തോടെ ത്യാഗപൂര്‍ണമായി നിര്‍വഹിക്കുന്ന ഒരു കര്‍മമാണ് ഹജ്ജെന്നും, ഇതിലൂടെ നിരവധി മാതൃകകള്‍ പഠിക്കാനും പകര്‍ത്താനുമുണ്ടന്നും കാന്തപുരം തീര്‍ഥാടകരെ ഉത്‌ബോധിപ്പിച്ചു.
വലിയ പുണ്യ പ്രവര്‍ത്തിയായ ഹജ്ജ് നിര്‍വഹിക്കുന്നതൊടൊപ്പം ബന്ധങ്ങള്‍ സുതാര്യവും സന്തോഷകരവുമാക്കി നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. ഇതാണ് യഥാര്‍ഥ വിശ്വാസിയുടെ ലക്ഷ്യമെന്നും ഈ നിലയിലുള്ള യഥാര്‍ത്ഥ വിശ്വാസിക്ക് ഒരിക്കലും സമൂഹത്തിന്റെ സമാദാനം തകര്‍ക്കുന്ന നടപടികളിലേക്ക് കടക്കാനാകില്ലന്നും അദ്ദേഹം പറഞ്ഞു.