Connect with us

Kerala

ഉഴവൂര്‍ വിജയന്റെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്

Published

|

Last Updated

തിരുവനന്തപുരം: എന്‍ സി പി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണം അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തി ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച് ഐ ജി. എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഉഴവൂര്‍ വിജയനെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അന്വേഷണം. ഉഴവൂര്‍ വിജയന്റെ മരണത്തില്‍ എന്‍ സി പി കോട്ടയം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ജില്ലാ കമ്മിറ്റിയംഗം റാണി സാംജിയാണ് പരാതി നല്‍കിയത്. ഉഴവൂരിന് പാര്‍ട്ടിയില്‍ ശത്രുക്കള്‍ ഉണ്ടായിരുന്നുവെന്ന് എന്‍ സി പി കോട്ടയം ജില്ലാ പ്രസിഡന്റ് ടി വി ബേബി ചൂണ്ടിക്കാട്ടി. അതിനാല്‍ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് എന്‍ സി പി ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്. ഈ പരാതി മുഖ്യമന്ത്രി തുടര്‍ നടപടികള്‍ക്കായി ഡി ജി പിക്ക് കൈമാറിയിരുന്നു. ഉഴവൂരിന്റെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു.

കഴിഞ്ഞ മാസം 23 നാണ് ഉഴവൂര്‍ വിജയന്‍ മരണപ്പെട്ടത്. മെയ് 21 ന് എന്‍ സി പി സംസ്ഥാന സെക്രട്ടറിയും കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാനുമായ സുള്‍ഫിക്കര്‍ മയൂരി അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. മരണത്തിന് തൊട്ടുമുമ്പ് വന്ന ഫോണ്‍വിളിക്ക് ശേഷമാണ് ഉഴവൂരിന്റെ നില വഷളായതും മരണത്തിന് കീഴടങ്ങിയതും എന്നാണ് പരാതി. ഈ ഫോണ്‍ വിളികളെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. സുള്‍ഫിക്കര്‍ മയൂരി ഫോണില്‍ വിളിച്ച് കൊലവിളി നടത്തുന്നതായി ഉഴവൂര്‍ വിജയന്‍ പരാതിപ്പെട്ടിരുന്നുവെന്ന് കായംകുളത്തെ വ്യവസായി നൗഷാദ് ഖാന്‍ ഒരു സ്വകാര്യ ചാനലിനോട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അടി കൊടുക്കും, കൊല്ലും, ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ല,”

എന്നിങ്ങനെയായിരുന്നു സുല്‍ഫീക്കര്‍ മയൂരിയുടേതെന്ന പേരില്‍ പുറത്തുവന്ന സംഭാഷണം. എന്‍ സി പിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച് ഇങ്ങനെ സംസാരിച്ച സുല്‍ഫിക്കര്‍ അതിനു പിന്നാലെ വിജയനെ നേരിട്ടും വിളിച്ചെന്നാണ് പരാതി. ഈ സംസാരത്തിനൊടുവിലാണ് ഉഴവൂര്‍ വിജയന്‍ കുഴഞ്ഞു പോയതെന്ന് സന്തത സഹചാരിയായിരുന്ന എന്‍ സി പി നേതാവും വെളിപ്പെടുത്തിയിരുന്നു. അതേസമയം, വിജയനെതിരെയുള്ള ഭീഷണി ഉള്‍പ്പെടുന്ന ശബ്ദരേഖ സുല്‍ഫിക്കര്‍ നിഷേധിച്ചിരുന്നു.

Latest