Connect with us

National

ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവം: മുഖ്യമന്ത്രി യോഗി മന്ത്രിമാരെ വിളിപ്പിച്ചു

Published

|

Last Updated

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഖൊരക്പൂരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ മുപ്പത് കുട്ടികള്‍ മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിംഗിനെയും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി അശുതോഷ് ടെന്‍ഡനെയും വിളിപ്പിച്ചു. കൂടിക്കാഴ്ചക്ക് ശേഷം ഇവര്‍ ആശുപത്രി സന്ദര്‍ശിക്കും. അതേസമയം, ശനിയാഴ്ച രാവിലെയും രണ്ട് കുട്ടികള്‍ മരിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 60 പേരാണ് ഈ ആശുപത്രിയില്‍ മരിച്ചത്. അതേസമയം, നവജാത ശിശുക്കളടക്കമുള്ളവര്‍ മരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ എത്തിച്ചു.

കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതാണ് കുട്ടികളുടെ മരണത്തിനിടയാക്കിയത്. ഗൊരഖ്പൂരിലെ വലിയ ആശുപത്രിയായ ബാബാ രാഘവദാസ് മെഡിക്കല്‍ കോളജിലാണ് സംഭവമുണ്ടായത്. ഓക്‌സിജന്‍ വിതരണം ചെയ്യുന്നവര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക 67 ലക്ഷം കടന്നതോടെ വിതരണം നിര്‍ത്തിവെക്കുകയായിരുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമാണ് ഗൊരഖ്പൂര്‍. രണ്ട് ദിവസത്തിനിടെ മുപ്പത് കുട്ടികള്‍ മരിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റൗത്തേല സ്ഥിരീകരിച്ചു. എന്നാല്‍, കാരണം വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഓക്‌സിജന്‍ വിതരണം കഴിഞ്ഞ ദിവസം തടസ്സപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വിതരണം നിര്‍ത്തിവെക്കരുതെന്ന് വിതരണക്കാരോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. നവജാത ശിശുക്കളും മസ്തിഷ്‌ക ജ്വരം ബാധിച്ചവര്‍ക്കുള്ള വാര്‍ഡിലെ കുട്ടികളുമാണ് മരിച്ചവരില്‍ ഭൂരിഭാഗവും. ഉത്തര്‍ പ്രദേശില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് നിരവധി കുട്ടികളാണ് എല്ലാ വര്‍ഷവും മരണത്തിന് കീഴടങ്ങുന്നത്.

 

Latest