Connect with us

Kerala

എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് കെ പി രാമനുണ്ണിക്ക്

Published

|

Last Updated

കെ പി രാമനുണ്ണി

കോഴിക്കോട്: ഈ വര്‍ഷത്തെ എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് കഥാകൃത്തും നോവലിസ്റ്റുമായ കെ പി രാമനുണ്ണിക്ക്. സാഹിത്യ മണ്ഡലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ആദ്യ നോവലായ സൂഫി പറഞ്ഞ കഥ മുതല്‍ നിരവധി ശ്രദ്ധേയമായ നോവലുകളുടെയും കഥകളുടെയും രചയിതാവാണ് രാമനുണ്ണി. നാല് നോവലുകളും പതിനൊന്ന് കഥാസമാഹാരങ്ങളും അഞ്ച് ലേഖന സമാഹാരങ്ങളും അടക്കം ഇരുപത് പുസ്തകങ്ങള്‍ ഇതിനകം രാമനുണ്ണി എഴുതിയിട്ടുണ്ട്.

ഏറ്റവും പുതിയ നോവലായ ദൈവത്തിന്റെ പുസ്തകത്തിന് അബൂദബി ശക്തി അവാര്‍ഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമി, വയലാര്‍ അവാര്‍ഡുകളടക്കം നിരവധി പുരസ്‌കാരങ്ങള്‍ രാമനുണ്ണിയെ തേടിയെത്തിയിട്ടുണ്ട്. സൂഫി പറഞ്ഞ കഥ എന്ന നോവല്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, കന്നട, തമിഴ്, കൊങ്കണി, തെലുങ്ക്, ബംഗാളി എന്നീ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
സാഹിത്യ രംഗത്തെ വിശിഷ്ട സംഭാവനകള്‍ക്കും മാനവ മൈത്രിക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരനെന്ന നിലക്കുമാണ് രാമനുണ്ണിയെ സാഹിത്യോത്സവ് അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് ജൂറി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍ പറഞ്ഞു.
തോപ്പില്‍ മുഹമ്മദ് മീരാന്‍, എസ് ശറഫുദ്ദീന്‍ എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍. 33,333 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. സപ്തംബര്‍ എട്ടിന് കൊല്ലത്ത് നടക്കുന്ന 24ാമത് സംസ്ഥാന സാഹിത്യോത്സവില്‍ അവാര്‍ഡ് സമ്മാനിക്കും.

 

Latest