നെഹ്‌റുട്രോഫി ജലോത്സവം ഇന്ന്

Posted on: August 12, 2017 9:16 am | Last updated: August 12, 2017 at 12:11 pm

ആലപ്പുഴ: ചരിത്രപ്രസിദ്ധമായ നെഹ്‌റുട്രോഫി ജലോത്സവം ഇന്ന് പുന്നമടക്കായലില്‍ നടക്കും.ഓളപ്പരപ്പുകളെ കീറിമുറിച്ച് വേഗക്കരുത്ത് കാട്ടാനുള്ള ചുണ്ടന്‍വള്ളങ്ങളുടെ പോര് കാണാന്‍ വള്ളംകളി പ്രേമികള്‍ കൂട്ടത്തോടെ ഇന്ന് പുന്നമടയിലെ വേമ്പനാട് കായലിന്റെ തീരങ്ങളില്‍ നിലയുറപ്പിക്കും.1952ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കേരളം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ കുട്ടനാട്ടുകാര്‍ വള്ളംകളിയോടെയാണ് അദ്ദേഹത്തെ എതിരേറ്റത്. അന്ന് വള്ളംകളിയില്‍ വിജയിയായ ചുണ്ടന് സമ്മാനിക്കാനായി നെഹ്‌റു സ്വന്തം കൈയൊപ്പോടെ വെള്ളിയില്‍ തീര്‍ത്ത ട്രോഫി എത്തിക്കുകയായിരുന്നു. ഇതാണ് പിന്നീട് നെഹ്‌റുട്രോഫിയായി മാറിയത്.കേരളത്തിന് അന്നമൂട്ടുന്ന നെല്ലറയുടെ മക്കള്‍ സമൃദ്ധിയുടെ ഓണനാളുകളെ വരവേറ്റ് നടത്തി വന്ന വള്ളംകളിയുടെ സംഘടിത രൂപം കൈവരിച്ചതാണ് നെഹ്‌റുട്രോഫി.ഇത്തവണത്തേത് അറുപത്തിനാലാമത് നെഹ്‌റുട്രോഫിയാണ്.വള്ളംകളിയുടെ രാജ്യാന്തര പ്രാധാന്യം കണക്കിലെടുത്ത് നെഹ്‌റുട്രോഫിയടക്കമുള്ള വള്ളംകളികളെ കോര്‍ത്തിണക്കി വള്ളംകളി ലീഗ് ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.അടുത്ത വര്‍ഷം മുതല്‍ ഇത് പ്രാവര്‍ത്തികമാകുമെന്ന് കരുതുന്നു.

ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളുടെ കണ്ണും കാതും ഇന്ന് പുന്നമടയിലായിരിക്കും.ചരിത്രത്തിലാദ്യമായി ഇത്തവണ 78 കളിവള്ളങ്ങള്‍ മാറ്റുരക്കുന്നുണ്ട്.നെഹ്‌റുട്രോഫിക്കായി മത്സര രംഗത്തുള്ളത് 24 ചുണ്ടന്‍ വള്ളങ്ങളാണ്.75 മുതല്‍ 95 വരെ തുഴച്ചില്‍കാരുള്‍പ്പെടെ നൂറിലധികം പേര്‍ ഓരോ ചുണ്ടനുകളിലും ഉണ്ടാകും.ഇത്രയേറെ താരങ്ങള്‍ ഒന്നിച്ച് അണിനിരക്കുന്ന കായിക ഇനവും മറ്റൊന്നില്ലെന്നത് തന്നെ ചുണ്ടന്‍വള്ളംകളിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.വിദേശികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് വള്ളംകളി പ്രേമികള്‍ ദിവസങ്ങള്‍ക്ക് മുമ്പേ ആലപ്പുഴയിലെത്തി ചുണ്ടനുകളുടെ പരിശീലന തുഴച്ചില്‍ ആസ്വദിച്ചുവരികയായിരുന്നു.കിഴക്കിന്റെ വെനീസിനിത് ഓളപ്പരപ്പിലെ ഒളിമ്പിക്‌സും കായല്‍പൂരവുമാണ്.ചെറുവള്ളങ്ങളുടെ മത്സരം മുന്‍ വര്‍ഷത്തെ പോലെ രാവിലെ തന്നെ ആരംഭിക്കും.ഉച്ചക്ക് ശേഷം 2.30ക്കാണ് ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം ആരംഭിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്‍ ജലമേള ഉദ്ഘാടനം ചെയ്യും.മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിക്കും.മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജി സുധാകരന്‍, പി തിലോത്തമന്‍, കടകംപള്ളി സുരേന്ദ്രന്‍, തോമസ് ചാണ്ടി, മന്ത്രി ഇ ചന്ദ്രശേഖരന്‍, മാത്യു റ്റി തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ജമ്മു-കാശ്മീര്‍ ധനമന്ത്രി ഹസീബ് എ ഡ്രാബു എന്നിവരുള്‍പ്പെടെ നിരവധി വിശിഷ്ടാതിഥികള്‍ വള്ളംകളി കാണാനെത്തുന്നുണ്ട്.നെഹ്‌റുട്രോഫി ജലമേളയുടെ തത്സമയ സംപ്രേക്ഷണം ദൂരദര്‍ശന്‍ ദേശീയ ചാനലിലുണ്ടാകും.