കോഹ്‌ലിപ്പട പല്ലെകെലെയില്‍; പരമ്പര തൂത്തുവാരാന്‍ ഇന്ത്യ

Posted on: August 12, 2017 9:10 am | Last updated: August 12, 2017 at 9:10 am

പല്ലെകെലെ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരാനൊരുങ്ങി ഇന്ത്യ. പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും മത്സരത്തിന് ഇന്ന് പല്ലെകെലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടക്കമാകും. ശ്രീലങ്കന്‍ മണ്ണില്‍ ആദ്യ സമ്പൂര്‍ണ പരമ്പര ജയമാണ് കോഹ്‌ലിയും സംഘവും ലക്ഷ്യമിടുന്നത്. അതേസമയം, ഒരു മത്സരമെങ്കിലും ജയിച്ച് അഭിമാനം കാക്കാമെന്നാണ് ദിനേശ് ചണ്ഡിമല്‍ നയിക്കുന്ന ലങ്കയുടെ കണക്കുകൂട്ടല്‍.
ഗാല്ലെയില്‍ ആദ്യ ടെസ്റ്റില്‍ 304 റണ്‍സിനും കൊളംബോ വേദിയായ രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 53 റണ്‍സിനുമാണ് ഇന്ത്യ ജയം നേടിയത്. അതിനാല്‍ തന്നെ, ആത്മവിശ്വാസത്തിന്റെ ഉന്നതിയിലാണ് ഇന്ത്യ. ബാറ്റിംഗിലും ബൗളിംഗിലും ടീം ഒരു പോലെ തിളങ്ങ്ന്നു. പല്ലെകെലെ സ്റ്റേഡിയത്തില്‍ ആദ്യ ടെസ്റ്റ് മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. മുമ്പ് ഒരോ ഏകദിനവും ട്വന്റി20യുമാണ് ഇന്ത്യ ഇവിടെ കളിച്ചിട്ടുള്ളൂ.

ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരും മികച്ച ഫോമിലാണെന്നത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ബാറ്റ്‌സ്ന്മാരില്‍ ചേതേശ്വര്‍ പുജാരയാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. ബൗളര്‍മാരില്‍ രവീന്ദ്ര ജഡേജക്ക് കളിക്കാന്‍ കഴിയാത്തത് ഇന്ത്യക്ക് ക്ഷീണമാകും. രണ്ട് ടെസ്റ്റുകളിലായി ഇതുവരെ 11 വിക്കറ്റുകള്‍ നേടിയ ജഡേജയെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് മൂന്നാം ടെസ്റ്റില്‍ നിന്ന് വിലക്കുകയായിരുന്നു.
ജഡേജക്ക് പകരം അക്‌സര്‍ പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ് യാദവ് മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്നാണ് കരുതുന്നത്. താരങ്ങളുടെ പരുക്ക് ലങ്കക്ക് വലിയ തിരിച്ചടിയാണ്. രംഗണ ഹെറാത്ത്, നുവാന്‍ പ്രദീപ്, അസേല ഗുണരത്‌നെ എന്നിവര്‍ക്ക് പരുക്കിനെ തുടര്‍ന്ന് മൂന്നാം ടെസ്റ്റ് നഷ്ടമായിരുന്നു. ഇവര്‍ക്ക് പകരമായി
പേസര്‍മാരായ ദുഷ്്മന്ത ചമീര, ലഹിരു ഗാമഗെ, ലഹിരു കുമാര, വിശ്വ ഫെര്‍ണാണ്ടോ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. ലങ്കക്ക് വേണ്ടി ചമീര ആറ് മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
സാധ്യതാ ടീം: ഇന്ത്യ: ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, ആര്‍ അശ്വിന്‍, വൃദ്ധിമാന്‍ സാഹ, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍/ ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷാമി.
ശ്രീലങ്ക: ഉപുല്‍ തരംഗ, കരുണരത്‌നെ, കുശാലന്‍ മെന്‍ഡിസ്, ചണ്ഡിമല്‍, അഞ്ചലോ മാത്യൂസ്, ഡിക്‌വെല്ല, ധനഞ്ജയ ഡിസില്‍വ ദില്‍റുവാന്‍ പെരേര, ദുഷ്മന്ത ചമീര/ ലക്ഷന്‍ സന്ദകന്‍, വിശ്വ ഫെര്‍ണാണ്ടോ, ലഹിരു കുമാര.