Connect with us

National

ബാബരി കേസ്: ഡിസംബര്‍ അഞ്ചിന് അന്തിമ വാദം തുടങ്ങും

Published

|

Last Updated

ന്യൂഡല്‍ഹി: 2.73 ഏക്കര്‍ വരുന്ന ബാബരി മസ്ജിദ് – രാമജന്മ ഭൂമി തര്‍ക്കം സംബന്ധിച്ച് കേസില്‍ വാദം കേള്‍ക്കുന്നത് ഡിംസബര്‍ അഞ്ച് മുതല്‍ തുടങ്ങുമെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കി. കേസില്‍ അലാഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹരജികളിലാണ് സുപ്രീംകോടതി അന്തിമവാദം കേള്‍ക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ പതിമൂന്ന് ഹരജികളാണ് നിലവില്‍ സുപ്രീം കോടതിയിലുള്ളത്. അന്തിമവാദം തുടങ്ങിയാല്‍ കേസ് പിന്നീട് മാറ്റിവെക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കേസിലെ രണ്ട് കക്ഷിക്കാരും സമയക്രമം കര്‍ശനമായി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എസ് എ നസീര്‍ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ചരിത്ര രേഖകള്‍ സംസ്‌കൃതം, ഉറുദു, പാര്‍സി, അറബിക്ക് ഭാഷകളിലാണെന്നും ഇത് വിവര്‍ത്തനം നടത്തുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ സുന്നി വഖഫ് ബോര്‍ഡ് കോതടയില്‍ വാദിച്ചു. ഇത് വിവര്‍ത്തനം ചെയ്യുന്നതിന് നാല് മാസം കൂടി നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ സുപ്രീം കോടതി ഇത് അംഗീകരിച്ചില്ല. നിങ്ങള്‍ എഴ് വര്‍ഷമായി ഇതുതന്നെയല്ലെ ചെയ്യുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. രേഖകളുടെ വിവര്‍ത്തനം നടത്തുന്നതിന് 10 ആഴ്ചത്തെ സമയം സുപ്രീം കോടതി അനുവദിച്ചു. വാക്കാലുള്ള രേഖകള്‍ വിവര്‍ത്തനം ചെയ്യേണ്ടത് യു പി സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്നും കോടതി വ്യക്തമാക്കി.
യു പി സര്‍ക്കാറിന് വേണ്ടി അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇന്നലെ ഹാജരായത്. കോടതി വാദംകേള്‍ക്കുന്നത് വേഗത്തിലാക്കണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. കക്ഷികള്‍ വിവര്‍ത്തനം ചെയ്തരേഖകള്‍ മുറക്ക് ഹാജരാക്കുമെന്നും അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. എന്തുതരം രേഖകളാണ് ഹജരാക്കുകയെന്ന് എല്ലാകക്ഷികള്‍ക്കും അറിയാം. അതിനാല്‍ വാദംകേള്‍ക്കുന്നത് നേരത്തെ തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ ഈ നിര്‍ദേശം സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകര്‍ ശക്തമായി എതിര്‍ത്തു. ആദ്യം വിവര്‍ത്തനം ചെയ്യപ്പെട്ട രേഖകള്‍ വേണമെന്നും വാദം കേള്‍ക്കുന്നതിന് മുമ്പ് രേഖകള്‍ ഏതൊക്കെയെന്ന് തീര്‍ച്ചപ്പെടുത്തണമെന്നും സുന്നിവഖഫ് ബോര്‍ഡ് വാദിച്ചു. അല്ലാത്ത പക്ഷം കക്ഷികള്‍ അവരുടെ ഇഷ്ടപ്രകാരം രേഖകളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുമെന്നും വ്യക്തമാക്കി. സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബില്‍ , അനൂപ് ചൗധരി, രാജീവ് ധവാന്‍ എന്നിവരാണ് ഹാജരായത്.

അയോധ്യയിലെ ബാബരിമസ്ജിദ് തര്‍ക്കഭൂമി കേസിലെ കക്ഷികളായ രാം ലല്ലാ വിരാജ്മാന്‍, സുന്നി വഖഫ്‌ബോര്‍ഡ്, നിര്‍മോഹി അഖ്ഹാര എന്നിവര്‍ക്ക് വീതുച്ചുനല്‍കണമെന്നാണ് 2010ല്‍ അലഹബാദ് ഹൈകോടതി വിധിപുറപ്പെടുവിച്ചത്. എന്നാല്‍ കേസിലെ കക്ഷികള്‍ ആരും ആവശ്യപ്പെടാത്ത തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടി വിധി 2001 മെയില്‍ സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു. അപ്പീല്‍ ഹര്‍ജികളില്‍ എത്രയും വേഗം തീരുമാനം എടുക്കണമെന്ന കക്ഷികളുടെ ആവശ്യത്തെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ചിരിക്കുന്നത്. പ്രധാനന മൂന്ന് കക്ഷികള്‍ക്ക് പുറമെ ഉത്തരപ്രദേശ് സര്‍ക്കാര്‍ , മറ്റു അവകാശമുന്നയിക്കുന്നവര്‍ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, കേസില്‍ കക്ഷിചേര്‍ന്ന ഉത്തര്‍പ്രദേശ് ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, ബാബ്റി മസ്ജിദിന് മേല്‍ അവകാശം ഉന്നയിച്ച് കഴിഞ്ഞ ദിവസം സത്യവാങ് മൂലം ഫയല്‍ ചെയ്തിരുന്നു.

Latest