മുരുകന്റെ മരണം: ആശുപത്രികള്‍ക്ക് വീഴ്ച പറ്റിയെന്ന് പോലീസ് റിപ്പോര്‍ട്ട്

Posted on: August 12, 2017 8:57 am | Last updated: August 12, 2017 at 9:22 am

തിരുവനന്തപുരം: ചികിത്സ കിട്ടാതെ ഇതര സംസ്ഥാന തൊഴിലാളി മുരുകന്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്കും നാല് സ്വകാര്യ ആശുപത്രികള്‍ക്കും വീഴ്ച പറ്റിയെന്ന് പോലീസ് റിപ്പോര്‍ട്ട്. എല്ലായിടത്തും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്ക് എതിരെ കേസെടുത്തേക്കും.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോര്‍ട്ടബിള്‍ വെന്റിലേറ്ററുണ്ടായിട്ടും മുരുകനെ തിരിച്ചയച്ചുവെന്ന് പോലീസ് കണ്ടെത്തി.
മുരുകന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ വീഴ്ചകള്‍ എണ്ണിയെണ്ണി പറയുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ ഉണ്ടായിട്ടും ഉപയോഗിച്ചില്ല. കൊല്ലം മെഡിട്രീനയിലും, മെഡിസിറ്റി ആശുപത്രിയിലും ന്യൂറോ സര്‍ജന്മാരുണ്ടായിട്ടും മുരുകനെ തിരിഞ്ഞ് നോക്കിയില്ല. അസീസിയ മെഡിക്കല്‍ കോളജ് അധികൃതര്‍ ഒരു കാരണവും പറയാതെ കൈയൊഴിഞ്ഞു, ഉള്ളൂര്‍ എസ് യു ടി റോയല്‍ ചികിത്സ നല്‍കാനും വിസമ്മതിച്ചു.
ആശുപത്രികളിലെ രേഖകളടക്കം പോലീസ് പരിശോധിച്ചു. വെന്റിലേറ്ററുകളുടെ കണക്കുകള്‍ സൂക്ഷിക്കുന്ന രജിസ്റ്ററും പോലീസ് പരിശോധിച്ചിരുന്നു.
ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും തെറ്റ് പറ്റിയിട്ടില്ല എന്നു വരുത്താനുള്ള ശ്രമവും ഊര്‍ജിതമാണ്. ആരോഗ്യവകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയും സ്വന്തം നിലയില്‍ അന്വേഷണം നടത്തി. പോലീസ് കണ്ടെത്തലിന് വിരുദ്ധമായി, വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നില്ലെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അന്വേഷണ സംഘങ്ങള്‍ക്ക് മൊഴി നല്‍കിയിരുന്നത്. വീഴ്ച വരുത്തിയ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാനുള്ള നിയമ സാധുതയും പോലീസ് പരിശോധിക്കുന്നുണ്ട്. ഏഴ് മണിക്കൂറോളം ആംബുലന്‍സില്‍ കിടന്നതിന് ശേഷമാണ് മുരുകന്‍ മരണപ്പെട്ടത്. സംഭവത്തില്‍ കൊല്ലം മെഡിസിറ്റി, കൊല്ലം മെഡിട്രീന, കൊട്ടിയം കിംസ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നീ ആശുപത്രികള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഈ ആശുപത്രികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഐ ജി മനോജ് എബ്രഹാം ഇടപെട്ടതിനെ തുടര്‍ന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിതാ ബീഗമാണ് കൊല്ലത്ത് ചികിത്സ നിഷേധിച്ച ആശുപത്രിക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിന്റെയും ദൃക്‌സാക്ഷികളടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് പോലീസ് റിപ്പോര്‍ട്ട്്. ആശുപത്രികള്‍ക്ക് വീഴ്ച സംഭവിച്ചതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേസ് അന്വേഷിക്കാന്‍ കൊട്ടിയം സി ഐക്ക് അജിതാ ബീഗം നിര്‍ദേശം നല്‍കിയത്്.