ഉഴവൂര്‍ വിജയന്റെ മരണം പോലീസ് അന്വേഷിക്കും

Posted on: August 12, 2017 8:53 am | Last updated: August 12, 2017 at 9:22 am

തിരുവനന്തപുരം: എന്‍ സി പി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന പരാതി മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ നടപടികള്‍ക്കായി ഡി ജി പി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറി. ഉഴവൂര്‍ വിജയന്റെ മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എന്‍ സി പി കോട്ടയം ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയാണ് മുഖ്യമന്ത്രി കൈമാറിയത്.

വിജയന്റെ മരണത്തിന് തൊട്ടുമുമ്പ് സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാനുമായ സുള്‍ഫിക്കര്‍ മയൂരി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് ഇത് സംബന്ധിച്ച വിവാദമുയര്‍ന്നത്. ഉഴവൂരിന് പാര്‍ട്ടിയില്‍ ശത്രുക്കള്‍ ഉണ്ടായിരുന്നുവെന്ന് ജില്ലാ പ്രസിഡന്റ് ടി വി ബേബി ചൂണ്ടിക്കാട്ടിയിരുന്നു. എന്‍ സി പി സംസ്ഥാന സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരി വിളിച്ച് കൊലവിളി നടത്തുന്നതായി ഉഴവൂര്‍ വിജയന്‍ പരാതിപ്പെട്ടിരുന്നുവെന്ന് കായംകുളത്തെ വ്യവസായി നൗശാദ് ഖാനും വെളിപ്പെടുത്തിയിരുന്നു.