Connect with us

Editorial

സൈനികരിലെ ആത്മഹത്യാ പ്രവണത

Published

|

Last Updated

സൈനികരില്‍ മാനസിക സംഘര്‍ഷവും ആത്മഹത്യാ പ്രവണതയും വര്‍ധിച്ചുവരികയാണെന്നാണ് പ്രതിരോധ സഹമന്ത്രി സുഭാഷ് ഭോരമ പാര്‍ലിമെന്റില്‍ വെളിപ്പെടുത്തിയത്. 2014ല്‍ 84-ഉം 2016ല്‍ 104 -ഉം പേര്‍ മരിച്ചു. ഈ വര്‍ഷം ഇതുവരെ 44 സൈനികര്‍ ആത്മഹത്യ ചെയ്തു. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള സൈനിക ആത്മഹത്യകളുടെ എണ്ണം 310 ആണ്. ഒമ്പത് ഓഫീസര്‍മാരും 19 ജൂനിയര്‍ കമ്മീഷന്‍ ഓഫീസര്‍മാരും ഇവരില്‍ ഉള്‍പ്പെടുന്നു. സൈനികന്‍ മറ്റൊരാളെ വെടിവെച്ചുകൊന്ന സംഭവവുമുണ്ടായി. ആത്മഹത്യാ പ്രവണത വഴി രാജ്യത്തിന് നഷ്ടമാകുന്നത് വര്‍ഷാന്തം ശരാശരി 100 സൈനികരാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടിവരുന്നതും ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവും മേലുദ്യോഗസ്ഥരില്‍ നിന്നുള്ള പീഡനവുമൊക്കെയാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. യുദ്ധവേളകളിലും തീവ്രാദികളുമായുള്ള ഏറ്റുമുട്ടലുകളിലും മരണം മുന്നില്‍ കാണുന്നതു പോലെയുള്ള ഭീതികരമായ അവസ്ഥകളെ അഭിമുഖീകരിക്കുന്നതും മനോനില തെറ്റാന്‍ ഇടയാക്കും.
കൊടിയ പീഡനമാണ് മേധാവികളില്‍ നിന്ന് പലപ്പോഴും സൈനികര്‍ക്ക് നേരിടേണ്ടി വരുന്നത്. ഡെറാഡൂണ്‍ ആസ്ഥാനമായ 42-ാം ബ്രിഗേഡിലെ ലാന്‍സ് നായിക് യജ്ഞപ്രതാപ് സിംഗ്, ശിപായ് ഹൗസ്‌കീപ്പറായി സേവനമനുഷ്ഠിക്കുന്ന സിന്ധവ് ജോഗിദാസ് തുടങ്ങി പല ജവാന്മാരും അടുത്തിടെ ഇത്തരം അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. അടിമകളോടെന്ന പോലെയാണ് മേധാവികളുടെ പെരുമാറ്റമത്രേ. മേലുദ്യോഗസ്ഥരുടെ വീട്ടുജോലി, അവരുടെ കുട്ടികളെ നോക്കല്‍, പട്ടികളെ പരിപാലിക്കല്‍, ഷൂ പോളിഷ് ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് പല സൈനിക മേധാവികളും ജവാന്മാരെ നിയോഗിക്കുന്നുണ്ട്. എതിര്‍പ്പ് പ്രകടിപ്പിക്കുകയോ, ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരാതി പറയുകയോ ചെയ്താല്‍ പീഡനം കൂടുതല്‍ തീവ്രമാകും. രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് പീഡനക്കഥകള്‍ വിവരിച്ചു കൊണ്ട് ജനുവരിയില്‍ യജ്ഞപ്രതാപ് സിംഗ്, കത്തയച്ചിരുന്നു. ഇതേക്കുറിച്ചു അന്വേഷണത്തിന് ഉത്തരവിട്ടതായി കാണിച്ചു പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മറുപടിയും ലഭിച്ചു. അന്വേഷണത്തിന് പകരം കൂടുതല്‍ പീഡനമാണത്രെ നേരിടേണ്ടിവന്നത്. കരസേനയില്‍ സേവനമനുഷ്ഠിച്ചിരുന്ന കൊല്ലം സ്വദേശി റോയ് മാത്യുവിന്റെ മരണം മേലുദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്നാണെന്നാണ് ബന്ധുക്കളും സഹപ്രവര്‍ത്തകരും ആരോപിക്കുന്നത്. അഞ്ച് മാസം മുമ്പാണ് റോയ് മരണപ്പെട്ടത്.

സൈനികര്‍ക്ക് നല്‍കുന്ന ഭക്ഷണത്തെക്കുറിച്ചും നിരന്തരം പരാതികള്‍ ഉയരുന്നുണ്ട്. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാര്‍ക്ക് വിതരണം ചെയ്യുന്നത് മോശം ഭക്ഷണമാണെന്ന് ബി എസ് എഫ് ജവാന്‍ തേജ് ബഹാദൂര്‍ സാമൂഹിക മാധ്യമത്തിലൂടെ ആരോപിച്ചിരുന്നു. കൊടും തണുപ്പും ചൂടും സഹിച്ചു സേവനമനുഷ്ഠിക്കുന്ന അതിര്‍ത്തി സൈനികര്‍ക്ക് പട്ടിണി കിടക്കേണ്ട സന്ദര്‍ഭങ്ങളുമുണ്ടാകാറുണ്ട്. സൈനിക ക്യാമ്പുകളിലേക്ക് അനുവദിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഉന്നതോദ്യോഗസ്ഥര്‍ കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുകയാണെന്ന് തേജ് ബഹാദൂര്‍ പറയുന്നു. ഈ പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനാല്‍ ഒരു കമാന്‍ഡിംഗ് ഓഫീസറെയും സെക്കന്‍ഡ് ഇന്‍ കമാന്‍ഡറെയും സ്ഥലം മാറ്റുമെന്നും അറിയിപ്പുണ്ടായിരുന്നു. എന്നാല്‍, പകരം അഴിമതി വെളിച്ചത്തു കൊണ്ടു വന്ന തേജ് ബഹാദൂറിനെ ബി എസ് എഫില്‍ നിന്ന് പുറത്താക്കി പ്രതികാര നടപടി സ്വീകരിക്കുകയാണുണ്ടായത്. അയാള്‍ ബി എസ് എഫിന്റെ അന്തസ്സിന് കോട്ടം വരുത്തിയെന്ന് കുറ്റപ്പെടുത്തിയായിരുന്നു പുറത്താക്കിയത്.

മനഃസ്സാക്ഷിക്കു നിരക്കാത്ത കാര്യങ്ങള്‍ നിര്‍ബന്ധിതമായി ചെയ്യേണ്ടിവരുമ്പോള്‍ സൈനിക മേഖലയിലുള്ളവരെ കടുത്ത മാനസിക, ധാര്‍മിക സംഘര്‍ഷത്തിലേക്ക് നയിക്കുന്നതായി മനഃശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വ്യാജ ഏറ്റുമുട്ടല്‍ കൊല, തീവ്രവാദം ആരോപിച്ചു നിരപരാധികളെ വെടിവെച്ചു കൊല്ലുക, ബലാത്സംഗം, പില്ലറ്റ് പ്രയോഗം തുടങ്ങി കാശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സൈനികര്‍ അതിക്രൂരമായ ചെയ്തികള്‍ക്ക് നിര്‍ബന്ധിക്കപ്പെടാറുണ്ട്. എത്രയെത്ര സ്ത്രീകളുടെ മാനവും ചാരിത്ര്യവുമാണ് മണിപ്പൂരിലും കാശ്മീരിലും പിച്ചിച്ചീന്തിയത്? തീവ്രവാദികളെ നേരിടാന്‍ നല്‍കിയ പ്രത്യേകാധികാരത്തിന്റെ മറവില്‍ ഈ പ്രദേശങ്ങളില്‍ സൈന്യം നടത്തി വരുന്ന പൈശാചികതകള്‍ കോടതികളുടെ രൂക്ഷമായ വിമര്‍ശങ്ങള്‍ക്ക് വിധേയമായതാണ് പലപ്പോഴും. മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ നിയോഗിതരായ സൈനികര്‍ ഭീകരവാദികളുടെ ചെയ്തികളെ കവച്ചുവെക്കുന്ന ക്രൂര പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് മനസ്സാക്ഷിയുള്ള സൈനികരില്‍ കുറ്റബോധവും മനോസംഘര്‍ഷവും സൃഷ്ടിക്കുക സ്വാഭാവികമാണ്.
സൈനികരുടെ മാനസിക സംഘര്‍ഷത്തിന് അയവ് വരുത്താന്‍ കൗണ്‍സിലിംഗ,് കുടുംബത്തോടൊപ്പം താമസിക്കാന്‍ സൗകര്യമൊരുക്കല്‍, കൂടുതല്‍ അവധി അനുവദിക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിച്ചു വരുന്നതായി മന്ത്രി അറിയിച്ചിരുന്നു. ഇതിലുപരി രാഷ്ട്രീയ താത്പര്യങ്ങള്‍ക്കും വര്‍ഗീയ അജന്‍ഡകള്‍ക്കും സൈന്യത്തെ ഉപയോഗപ്പെടുത്തുന്നതും മനസ്സാക്ഷിക്കും ധാര്‍മികതക്കും നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് അവരെ നിയോഗിക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്.

Latest