ഉത്തര കൊറിയയെ പൂട്ടാന്‍ സൈന്യം സജ്ജമെന്ന് ട്രംപ്

Posted on: August 11, 2017 10:44 pm | Last updated: August 12, 2017 at 9:22 am
SHARE

വാഷിംഗ്ടണ്‍: ഉത്തര കൊറിയക്കെതിരെ ആക്രമണത്തിനും പ്രതിരോധത്തിനും സജ്ജമാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു എസ് സൈന്യം ഉത്തര കൊറിയയെ പൂട്ടിയിട്ടുണ്ടെന്നും ആയുധങ്ങള്‍ തയ്യാറാക്കിവെച്ചിട്ടുണ്ടെന്നും ട്രംപ് ട്വീറ്റ് ചെയ്തു. യു എസ് ഭരണപ്രദേശമായ ശാന്തസമുദ്രത്തിലെ ഗുവാം ദ്വീപ് ആക്രമിക്കുമെന്ന ഉത്തര കൊറിയന്‍ മുന്നറിയിപ്പിന് പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ്. ഉത്തര കൊറിയയുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാല്‍ പ്രതിരോധിക്കാനും ആക്രമിക്കാനും അമേരിക്ക തയ്യാറാണെന്ന് ട്രംപിന്റെ ട്വീറ്റില്‍ വ്യക്തമാണ്. ഉത്തര കൊറിയ യുക്തിപൂര്‍വമല്ല പ്രവര്‍ത്തിക്കുന്നതെന്നും കിം ജോംഗ് ഉന്‍ മറ്റൊരു പാത കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് ട്വീറ്റില്‍ വ്യക്തമാക്കി.

അതേസമയം, ഉത്തര കൊറിയന്‍ ഭീഷണിയെ തുടര്‍ന്ന് ഗുവാമിലെ ജനങ്ങള്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ മാര്‍ഗനിര്‍ദേശം നല്‍കി. മിസൈല്‍ ആക്രമണം ഉണ്ടായാലുള്ള മുന്‍കരുതലുകളെ കുറിച്ചും മറ്റും ഈ മാര്‍ഗനിര്‍ദേശത്തില്‍ പ്രതിപാദിക്കുന്നുണ്ട്. മിസൈല്‍ ആക്രമണത്തെ എന്തുവില കൊടുത്തും നേരിടുമെന്നാണ് യു എസ് സൈന്യം വ്യക്തമാക്കുന്നത്. ഗുവാമിന് നേരെ മിസൈല്‍ ആക്രമണമുണ്ടായാല്‍ ഉത്തര കൊറിയയെ തകര്‍ക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്ക. എന്നാല്‍, ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണം ഉത്തര കൊറിയ നടത്തിയാല്‍ അമേരിക്കക്ക് അത് കനത്ത ആഘാതമാകും.

മിസൈല്‍ ആക്രമണം ഉണ്ടായാല്‍ നിലത്ത് കിടക്കുക, തല ഭാഗം മൂടുക, മിസൈല്‍ ആക്രമണമുണ്ടാകുമ്പോള്‍ കാണുന്ന തീ ഗോളത്തിലേക്ക് നോക്കാതിരിക്കുക, അങ്ങനെ നോക്കുമ്പോള്‍ അന്ധത ഉണ്ടാകും എന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ഗുവാമിലെ ജനങ്ങള്‍ക്ക് അധികൃതര്‍ നല്‍കിയത്.
അടുത്തിടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തുകയും നിരന്തരമായി യു എന്‍ മുന്നറിയിപ്പുകള്‍ അവഗണിക്കുകയും ചെയ്ത ഉത്തര കൊറിയ ഏത് സമയവും തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന ഭീതി അമേരിക്കക്കുണ്ട്. ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തുമ്പോഴും ചര്‍ച്ചക്കുള്ള സന്നദ്ധതയും നയതന്ത്ര പരിഹാരത്തിനുള്ള സാധ്യതയും അമേരിക്ക ഉയര്‍ത്തുന്നുണ്ട്. ട്രംപും പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും ചര്‍ച്ചക്ക് സന്നദ്ധത വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചര്‍ച്ചക്ക് സന്നദ്ധമാകില്ലെന്ന് ഉത്തര കൊറിയ പ്രതികരിച്ചു കഴിഞ്ഞു. ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നിര്‍ത്തിവെച്ചുകൊണ്ടുള്ള ചര്‍ച്ചക്ക് ആഗ്രഹമില്ലെന്ന് കിം ജോംഗ് ഉന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കരുതെന്നത് ഐക്യരാഷ്ട്ര സഭയുടെയും അമേരിക്കയുടെയും നിര്‍ബന്ധ നിബന്ധനയാണ്.
അതേസമയം, തങ്ങള്‍ക്കെതിരെ അമേരിക്ക ആണവ നശീകരണത്തിന് നീക്കം നടത്തുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ഉത്തര കൊറിയ രംഗത്തെത്തി. കൊറിയന്‍ മേഖലയില്‍ അമേരിക്ക ആണവായുധ പരീക്ഷണത്തിന് ശ്രമം നടത്തുന്നുണ്ടെന്നും ആണവാക്രമണത്തിന്റെ മുഖ്യാസൂത്രകരാണ് അമേരിക്കയെന്നും ഉത്തര കൊറിയന്‍ ദേശീയ വാര്‍ത്താ ഏജന്‍സി ആരോപിച്ചു.