അയോദ്ധ്യ കേസിലെ അന്തിമവാദം  ഡിസംബര്‍ അഞ്ചിന് സുപ്രീംകോടതിയില്‍ നടക്കും

Posted on: August 11, 2017 9:46 pm | Last updated: August 11, 2017 at 9:46 pm

ന്യൂഡല്‍ഹി: അയോദ്ധ്യ കേസിലെ അന്തിമ വാദം ഡിസംബര്‍ അഞ്ചിന് സുപ്രീം കോടതിയില്‍ ആരംഭിക്കുമെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതി വിധി ഉള്‍പ്പടെയുള്ള കോടതി രേഖകള്‍ ഹിന്ദിയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ജോലികള്‍ പൂര്‍ത്തിയായാലുടന്‍ അന്തിമ വാദം ആരംഭിക്കും.അയോദ്ധ്യയിലെ തര്‍ക്ക പ്രദേശത്തെ 2.77 ഏക്കര്‍ സ്ഥലം രാമജന്മ ഭൂമിയാണെന്ന് 2010ല്‍ അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു. തര്‍ക്ക പ്രദേശം മൂന്നായി വിഭജിച്ച് കേസിലെ കക്ഷികള്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് അലഹബാദ് ഹൈക്കോടതി വിധി 2011ല്‍ സുപ്രീം കോടതി മരവിപ്പിച്ചെങ്കിലും കേസില്‍ വാദം കേള്‍ക്കുന്നത് കോടതി നീട്ടിവയ്ക്കുകയായിരുന്നു.

16ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ബാബറി മസ്ജിദ് 1992ല്‍ സംഘപരിവാര്‍ സംഘടനകള്‍ തകര്‍ത്തിരുന്നു. മുസ്ലീങ്ങള്‍ക്കായി മറ്റൊരു മസ്ജിദ്, രാമജന്മ ഭൂമിക്ക് പുറത്ത് നിര്‍മ്മിച്ച് നല്‍കാമെന്ന ഹിന്ദു സംഘടനകളുടെ വാഗ്ദാനം മുസ്ലീം സംഘനകള്‍ സ്വീകരിച്ചിട്ടില്ല. അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുമെന്നായിരുന്നു ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ സുപ്രീം കോടതി വിധി എന്തായാലും അത് പാലിക്കുമെന്നാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാട്‌