പാലക്കാട് മുണ്ടൂരിൽ ഭീതിപരത്തിയ കാട്ടാനകൾ കാടുകയറി

Posted on: August 11, 2017 9:02 pm | Last updated: August 12, 2017 at 9:22 am

പാലക്കാട്: പാലക്കാട് മുണ്ടൂരില്‍ ദിവസങ്ങളോളം ഭീതി പരത്തിയ കാട്ടാനകള്‍ ഒടുവില്‍ കാടുകയറി. നാട്ടിലിറങ്ങിയ മൂന്ന് കാട്ടാനകള്‍ ദേശീയ പാത മുറിച്ചുകടന്ന് കല്ലടിക്കോടൻ വനമേഖലയിലേക്ക് നീങ്ങി. ഇതോടെ എട്ട് ദിവസം നീണ്ടുനിന്ന അനിശ്ചിതത്വത്തിനാണ് വിരാമമായത്. ആനകളെ തിരിച്ച് കാടുകയറ്റാന്‍ നടത്തിയ ശ്രമങ്ങള്‍ പലപ്പോഴായി പരാജയപ്പെട്ടിരുന്നു.

ദേശീയ പാതയിലെ ഗതാഗതം വഴിതിരിച്ചുവിട്ടാണ് ആനകള്‍ക്ക് കാടുകയറാന്‍ വഴിയൊരുക്കിയത്. ഇതിനിടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ആനകള്‍ തിരിച്ച് നടന്നത് ആശങ്കക്കിടയാക്കി. പിന്നീട് ആനകള്‍ കാട്ടിലേക്ക് തന്നെ മടങ്ങിയതോടെയാണ് ആശ്വാസമായത്. കലക്ടര്‍, എസ്പി, സിസിഎഫുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുങ്കിയാനകളെ ഉപയോഗിച്ചാണ് കാട്ടാനകളെ തുരത്തിയത്.