Connect with us

Kerala

കേരള ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ പുരസ്‌കാരം സിറാജ് സബ് എഡിറ്റര്‍ കെ ടി അനീസിന്

Published

|

Last Updated

അവാർഡിന് അർഹമായ കാർട്ടൂൺ. ഇൻസെറ്റിൽ കെടി അനീസ്

കൊച്ചി: കേരള ലളിതകലാ അക്കാദമിയുടെ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കാര്‍ട്ടൂണ്‍ പുരസ്‌കാരത്തിന് സിറാജ് സബ് എഡിറ്ററും കാര്‍ട്ടൂണിസ്റ്റുമായ കെ ടി അബ്ദുല്‍ അനീസ് അര്‍ഹനായി. എറണാകുളത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി ചെയര്‍മാന്‍ ടി എ സത്യപാലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 49 കാര്‍ട്ടൂണിസ്റ്റുകളുടെ കാര്‍ട്ടൂണുകളില്‍ നിന്ന് അവസാന റൗണ്ടിലെത്തിയ 26 എണ്ണത്തില്‍ നിന്നാണ് അബ്ദുല്‍ അനീസിന്റ “പശു വാഴും” എന്ന ശീര്‍ഷകത്തിലുള്ള കാര്‍ട്ടൂണ്‍, പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം.

ഇ പി ഉണ്ണി, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഡോ. സി എസ് ജയറാം എന്നിവരാണ് കാര്‍ട്ടൂണ്‍ വിഭാഗത്തിലെ പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 19ന് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ കെ ബാലന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രനും പങ്കെടുത്തു.

അക്കാദമിക്ക് കീഴില്‍ വിവിധയിടങ്ങളില്‍ കാര്‍ട്ടൂണ്‍ – ചിത്ര പ്രദര്‍നങ്ങള്‍ സംഘടിപ്പിച്ച അനീസ് കോഴിക്കോട് പെരുമണ്ണ പാറമ്മല്‍ പള്ളിക്കണ്ടി വീട്ടില്‍ കെ ടി മമ്മുവിന്റെയും സി കെ കുഞ്ഞീബിയുടെയും മകനാണ്. ഭാര്യ: മുബീന. ശദ, റിദ്‌വ മക്കളാണ്.

ഫോട്ടോഗ്രാഫി മത്സരത്തില്‍ കൈനൂര്‍ സ്വദേശി അജി ഗ്രേസാണ് പുരസ്‌കാരം നേടിയത്. അജി ഗ്രേസിന്റെ സമര്‍പ്പണം എന്ന ചിത്രം തെരഞ്ഞെടുത്തത്. മധു എടച്ചന, ഷാജി ചേര്‍ത്തല എന്നിവര്‍ ഫോട്ടോഗ്രാഫി വിഭാഗത്തിലും രഞ്ജിത് എ എസ്, ദിന്‍രാജ് എന്നിവര്‍ കാര്‍ട്ടൂണ്‍ വിഭാഗത്തിലും ഓണറബിള്‍ മെന്‍ഷന് അര്‍ഹരായി. ഷാജി എന്‍ കരുണ്‍,കെ കെ മാരാര്‍, രഞ്ജിത് കുമാര്‍ഗ്രോവര്‍ എന്നിവരാണ് ഫോട്ടോഗ്രാഫി വിഭാഗത്തില്‍ വിധി നിര്‍ണയിച്ചത്.

Latest