ഭൂകമ്പത്തില്‍ തകര്‍ന്ന ഇറ്റലിക്ക് ഖത്വറിന്റെ 56 മില്യന്‍ യൂറോ

Posted on: August 11, 2017 2:50 pm | Last updated: August 11, 2017 at 2:50 pm

ദോഹ: കഴിഞ്ഞ വര്‍ഷം ഇറ്റലിയിലുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്ന പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിന് 56 മില്യന്‍ യൂറോ നല്‍കുന്ന ധാരണാ പത്രത്തില്‍ ഖത്വര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റും (ക്യു എഫ് എഫ് ഡി) ഇറ്റാലിയന്‍ സര്‍ക്കാറും ഒപ്പുവെച്ചു. റോമിലെ മന്ത്രിമാരുടെ കൗണ്‍സില്‍ ആസ്ഥാനത്ത് വെച്ച് ക്യു എഫ് എഫ് ഡി ഡയറക്ടര്‍ ജനറല്‍ ഖലീഫ ബിന്‍ ജാസിം അല്‍ കുവാരിയും ഇറ്റാലിയന്‍ സര്‍ക്കാറിന്റെ പുനര്‍നിര്‍മാണ വിഭാഗം എക്‌സ്ട്രാ ഓര്‍ഡിനറി കമ്മീഷണര്‍ വാസ്‌കോ ഇറനിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.

ഇറ്റലിയിലെ ഖത്വര്‍ അംബാസിഡര്‍ അബ്ദുല്‍ അസീസ് ബിന്‍ അഹ്മദ് അല്‍ മല്‍കിയും ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉപദേഷ്ടാവ് സിമോണ്‍ പെട്രോനിയും സന്നിഹിതരായിരുന്നു. ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ നിര്‍ദേശപ്രകാരമാണ് ഈ പദ്ധതിയെന്ന് അല്‍ കുവാരി പറഞ്ഞു. മസിറാത്ത നഗരസഭയിലെ സ്‌കൂള്‍ സമുച്ഛയം നിര്‍മിക്കുന്നതിനാണ് ക്യു എഫ് എഫ് ഡിയുടെ സംഭാവന ഉപയോഗിക്കുക. കിന്‍ഡര്‍ഗാര്‍ട്ടന്‍, പ്രൈമറി സ്‌കൂള്‍, ഫസ്റ്റ് ലെവല്‍ ഹൈസ്‌കൂള്‍, 330 ചതുരശ്ര മീറ്റര്‍ വരുന്ന ജിംനേഷ്യം എന്നിവയടങ്ങുന്നതാണ് പദ്ധതി.